- ഐ.എൻ.എല്ലിന് ഇടതിൽ നല്ല പരിഗണന
കാസർകോട് - മതേതര ശക്തികൾ ഭിന്നത മറന്ന് ഒന്നിച്ചാൽ കേന്ദ്രത്തിൽ മോഡി ഭരണം തീരുമെന്ന് ഐ.എൻ.എൽ. ദേശീയ പ്രസിഡണ്ട് പ്രൊഫ. മുഹമ്മദ് സുലൈമാൻ പറഞ്ഞു. നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നടത്തിയ ഫഌഗ് മാർച്ച് ഉദ്ഘാടനത്തിന് എത്തിയ അദ്ദേഹം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
ആർ.എസ്.എസിന്റെ അജണ്ടയാണ് മോഡി നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും മറ്റു മന്ത്രിമാർക്ക് പോലും അഭിപ്രായം പറയാൻ പറ്റാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. തികച്ചും ഏകാധിപത്യ രീതിയിലുള്ള മോഡിയുടെ പ്രവർത്തനം ബി.ജെ.പിയിലെ തല മുതിർന്ന നേതാക്കൾക്ക് പോലും മടുത്തിരിക്കുകയാണ്. ആസന്നമായ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാൻ സംഘ്പരിവാർ സംഘടന ലക്ഷ്യമിടുന്നതിന്റെ സൂചനയാണ് ബാബരി മസ്ജിദ് പ്രശ്‌നം വീണ്ടും ഉയർത്തി കൊണ്ടുവരുന്നത്. അവർക്കവിടെ മന്ദിരമോ മസ്ജിദോ പണിയണമെന്ന് നിർബന്ധമില്ല. ഈ വിഷയം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉയർത്തി കൊണ്ടുവന്ന് വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് വീണ്ടും അധികാരത്തിലെത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പ്രൊഫ. മുഹമ്മദ് സുലൈമാൻ പറഞ്ഞു.
ചെറുകക്ഷികളായ മതേതര പാർട്ടികളെ ഒന്നിച്ച് നിർത്താൻ കഴിഞ്ഞാൽ ഈ ശക്തിയെ ക്ഷയിപ്പിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്, ആന്ധ്ര, കേരളം , കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ മതേതര ശക്തികൾ ഒന്നിച്ച് നിൽക്കുന്നത് കൊണ്ടാണ് ബി.ജെ.പിയുടെ മുന്നേറ്റം തടയാനാവുന്നത്. നോട്ട് നിരോധനം, കള്ളപ്പണം, യുവാക്കൾക്ക് ജോലി ഈ വാഗ്ദാനങ്ങളൊക്കെ നൽകിയ മോഡി അതൊക്കെ മറന്ന് കുത്തകകളുടെ സംരക്ഷകനായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.എല്ലിന് ഇപ്പോഴും ഇടത് മുന്നണി നല്ല പരിഗണന നൽകുന്നുണ്ടെന്ന് പ്രൊഫ. മുഹമ്മദ് സുലൈമാൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ്, ജില്ലാ പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞി കളനാട്, ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, ബി.എം അഷ്‌റഫ്, കുഞ്ഞാമു നെല്ലിക്കുന്ന്, ഹനീഫ് കൊട്ടിഗെ എന്നിവരും ഒപ്പമുണ്ടായിരുന്നു.