കണ്ണൂർ - മഹാപ്രളയത്തെ തുടർന്ന് നവകേരള നിർമ്മാണത്തിനായി മുഖ്യമന്ത്രി ആവിഷ്‌കരിച്ച സാലറി ചലഞ്ചിനോട് മുഖം തിരിക്കുന്നവർക്ക് കാലം മറുപടി നൽകുമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ. വിവിധ സർക്കാർ വകുപ്പുകൾക്കൊപ്പം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിൽ ഇല്ലാത്ത പ്രളയമാണ് കേരളത്തിൽ ഉണ്ടായത്. പ്രളയക്കെടുതികളിൽ നിന്നും രക്ഷിച്ച് കേരളത്തെ പുനർനിർമ്മിക്കാൻ വലിയതോതിലുള്ള സഹായങ്ങൾ ആവശ്യമാണ്. സമൂഹത്തിന്റെ എല്ലാ തുറയിലുമുള്ളവർ സഹായവുമായി മുന്നോട്ടു വരുന്നുണ്ട്. എന്നാൽ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം സംഭാവന നൽകണമെന്ന അഭ്യർത്ഥനയോട് ചിലർ മുഖം തിരിക്കുകയാണ്. സ്വന്തം ജീവിതാനുഭവങ്ങൾ ഇവർക്ക് ഇതിനുള്ള മറുപടി നൽകും. പ്രളയത്തെ സർക്കാർ ഫലപ്രദമായാണ് നേരിട്ടതെന്നും എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ യുവാക്കളും മത്സ്യത്തൊഴിലാളികളുമാണ് സ്തുത്യർഹമായ സേവനം നടത്തിയത്. ജാതിമത-രാഷ്ട്രീയഭേദമന്യേ സാഹോദര്യത്തോടെയാണ് കേരളം ദുരിതാശ്വാസ പ്രവർത്തനങ്ങളിലേർപ്പെട്ടത്. ഈ സാഹോദര്യമായിരുന്നു ഗാന്ധിജിയുടേയും ദർശനം.
മറ്റുള്ളവരെ സഹായിക്കാനായി സ്വയം സന്നദ്ധരായി ഇറങ്ങിയ ചെറുപ്പക്കാരിലാണ് രാജ്യത്തിന്റെ ഭാവി. രാജ്യം ശിഥിലമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഗാന്ധിജയന്തി വാരാഘോഷത്തിന് ഏറെ പ്രസക്തിയുണ്ട്. പുതിയ തലമുറയെ ശരിയായ ലക്ഷ്യത്തിലേക്ക് നയിക്കാൻ ഇത്തരം പരിപാടികൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നവകേരള നിർമാണത്തിനായുള്ള സന്നദ്ധസേനാ രൂപീകരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള 'ഗാന്ധിസ്മൃതി' ഫോട്ടോ പ്രദർശനം തുറമുഖ-പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലയിലും പുറത്തും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ജില്ലയിലെ എൻ എസ് എസ് യൂണിറ്റുകൾ, വിദ്യാർത്ഥികൾ, സന്നദ്ധസംഘടകൾ എന്നിവർക്ക് ചടങ്ങിൽ മന്ത്രി ഇ പി ജയരാജൻ അനുമോദനപത്രം സമ്മാനിച്ചു. കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷനായി. കോർപ്പറേഷൻ മേയർ ഇ.പി.ലത, ജില്ലാ കലക്ടർ മീർ മുഹമ്മദ് അലി തുടങ്ങിയവർ പങ്കെടുത്തു.