യാമ്പു - യാമ്പു ലേബർ ഓഫീസ് അധികൃതരും പോലീസും സൗദിവൽക്കരണ കമ്മിറ്റിയും സഹകരിച്ച് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ പതിമൂന്നു നിയമ ലംഘനങ്ങൾ കണ്ടെത്തി. ആകെ 58 സ്ഥാപനങ്ങളിലാണ് അധികൃതർ കഴിഞ്ഞ ദിവസം പരിശോധനകൾ നടത്തിയത്.
സ്‌പോൺസർ മാറി ജോലി ചെയ്തതുമായി ബന്ധപ്പെട്ട ഏഴു നിയമ ലംഘനങ്ങളും ലേബർ ഓഫീസ് പരിശോധകരുമായി സഹകരിക്കാത്തതുമായി ബന്ധപ്പെട്ട ഒരു നിയമ ലംഘനവും സ്‌പോൺസർക്കു കീഴിലല്ലാതെ സ്വന്തം നിലക്ക് വിദേശികൾ ജോലിയിലേർപ്പെട്ടതുമായി ബന്ധപ്പെട്ട നാലു നിയമ ലംഘനങ്ങളുമാണ് റെയ്ഡിനിടെ കണ്ടെത്തിയത്. തിരിച്ചറിയൽ രേഖകളില്ലാത്ത ഒരു വിദേശിയും പരിശോധനക്കിടെ കുടുങ്ങി. ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് നിയമ ലംഘകരെ പോലീസിന് കൈമാറി. റെയ്ഡിനിടെ അടച്ചിട്ട നിലയിൽ കണ്ടെത്തിയ എട്ടു സ്ഥാപനങ്ങളുടെ ഉടമകളെ ചോദ്യം ചെയ്യുന്നതിനും നിയമ നടപടികൾ സ്വീകരിക്കുന്നതിനും ലേബർ ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.