Sorry, you need to enable JavaScript to visit this website.

കേരളം കാണാം,  കേരള ഓൺ വീൽസ്  പാക്കേജ് ആരംഭിച്ചു

കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പുത്തൻ പദ്ധതിയായ കേരള ഓൺ വീൽസിനു കൊച്ചിയിൽ തുടക്കമായി. 
കേരള ട്രാവൽ മാർട്ടിൽ  നടന്ന ചടങ്ങിൽ കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാറാണ് സംരംഭത്തിന് തുടക്കം കുറിച്ചത്.
കേരള ടൂറിസം ഡയറക്ടർ പി. ബാലകിരൺ, ഇന്റർസൈറ്റ് ടൂർസ് ആന്റ് ട്രാവൽസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എബ്രഹാം ജോർജ്, കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടർ രാഹുൽ ആർ തുടങ്ങിയവർ പങ്കെടുത്തു. കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷനും ഇൻറർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസും വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സംയുക്തമായി രൂപം കൊടുത്ത സംരംഭമാണിത്. 
കെ.ടി.ഡി.സിക്കു കീഴിൽ വരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികൾക്ക് തടസ്സ രഹിതമായി യാത്ര ചെയ്ത് പ്രകൃതിഭംഗി ആസ്വദിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. പാക്കേജ് പൂർത്തിയാക്കുന്നതോടെ വിനോദ സഞ്ചാരികൾക്ക് കേരളത്തെക്കുറിച്ചുള്ള പ്രതിഛായ വർദ്ധിക്കുമെന്ന് കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ പറഞ്ഞു.
പാക്കേജുകളിലൂടെ കടന്നു പോകുന്നവർക്ക് കേരളത്തിന്റെ ഹരിതാഭയും മഞ്ഞുമൂടിയ തേയിലക്കുന്നുകളുടെ മനോഹാരിതയും പച്ചപ്പട്ടു വിരിച്ച പാടങ്ങളും ഓളം തല്ലുന്ന കായലോളവും ബീച്ചും ഒക്കെ പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
രണ്ടു തരം പാക്കേജുകളാണ് ഈ സംരംഭത്തിലുള്ളത്. കൊച്ചി, മൂന്നാർ, തേക്കടി, കുമരകം/ആലപ്പുഴ എന്നിവിടങ്ങളാണ് ആദ്യ പാക്കേജിലുള്ളത്.  കൊച്ചി, മൂന്നാർ, തേക്കടി, കുമരകം/ആലപ്പുഴ, കോവളം എന്നിവയാണ് രണ്ടാം പാക്കേജിലുള്ളത്.
 പ്രളയ ദുരന്തത്തിൽപെട്ട് തകർന്നുപോയ വിനോദ സഞ്ചാര മേഖലയെക്കുറിച്ച് പരിതപിക്കുന്നതിനു പകരം ഉയർത്തെഴുന്നേൽക്കുകയാണ് വേണ്ടതെന്ന് കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടർ രാഹുൽ ആർ പറഞ്ഞു. പ്രളയ ദുരന്തം കാരണം വിനോദ സഞ്ചാരികളുടെ വരവിൽ കുറവു സംഭവിച്ചിരുന്നു. പല ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും സഞ്ചാരികളെ ആകർഷിക്കാൻ ഇളവുകൾ പ്രഖ്യാപിക്കേണ്ടി വന്നു.  അതിൽ നിന്നൊക്കെ ഉയർത്തെഴുന്നേൽക്കുക എന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പാക്കേജുമായി കെ.ടി.ഡി.സി എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലുടനീളം സഞ്ചരിക്കാവുന്ന തരത്തിൽ മിതമായ നിരക്കിലാണെങ്കിലും ആഡംബര  രീതിയിലാണ് പാക്കേജുകൾ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന്  ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എബ്രഹാം ജോർജ് പറഞ്ഞു. സംസ്ഥാനത്തെ മുഖ്യ വിനോദ സഞ്ചാര കേന്ദ്രങ്ങളെയെല്ലാം കോർത്തിണക്കിയ പാക്കേജുകൾ ആയതിനാൽ ആശങ്ക കൂടാതെ സഞ്ചാരികൾക്ക് യാത്ര ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

Latest News