ജിദ്ദ- ഹജിനിടെ വിശുദ്ധ ഭൂമിയില്‍ സ്‌ഫോടനം നടത്താന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നതായി പുതിയ വെളിപ്പെടുത്തല്‍. 1986ലാണ് സൗദിയില്‍ ഭീകരാക്രമണം നടത്താന്‍ ഇറാന്‍ രഹസ്യ പദ്ധതിയിട്ടത്. നിരപരാധികളായ തീര്‍ത്ഥാടകരുടെ ബാഗുകളില്‍ അവരറിയാതെ ബോംബുകള്‍ ഒളിപ്പിച്ചു സൗദിയിലേക്ക് കടത്താനായിരുന്നു പദ്ധതി. എന്നാല്‍ സൗദി അധികൃതര്‍ ഈ ബോംബുകള്‍ കണ്ടെത്തിയതോടെ പദ്ധതി പാളുകയായിരുന്നു. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ നൂറോളം വയോധികരായ തീര്‍ത്ഥാകടരുടെ ബാഗുകളിലാണ് അവര്‍ അറിയാതെ ഇറാന്‍ ഭരണകൂടവുമായി അടുപ്പമുള്ളവര്‍ ബോംബുകള്‍ ഒളിപ്പിച്ചത്. സൗദിയിലിറങ്ങിയ ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ബോംബുകള്‍ കണ്ടെത്തിയത്. തീര്‍ത്ഥാടകരെല്ലാം നിരപരാധികളെന്ന് ബോധ്യപ്പെട്ടതോടെ ബോംബുകള്‍ എടുത്തു മാറ്റിയ ശേഷം ബാഗുകള്‍ അവര്‍ക്കു തന്നെ തിരിച്ചു നല്‍കി തീര്‍ത്ഥാടനത്തിന് ഭംഗം വരുത്താതെ സൗദി അധികൃതര്‍ വിട്ടയക്കുകയായിരുന്നു.
ഇറാനിലെ പ്രമുഖ പുരോഹിതനായ മുല്ല അഹ്മദ് മൊന്‍തസെരി ഇറാനിയന്‍ ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇറാന്റെ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് കോര്‍പ്‌സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മെഹ്ദി ഹാശെമി ആണ് ബോംബുകള്‍ തീര്‍ത്ഥാടകരുടെ ബാഗുകളില്‍ ഒളിപ്പിച്ചത്. അന്ന് റെവലൂഷനറി ഗാര്‍ഡിന്റെ മേല്‍നോട്ടക്കാരനും റെവലൂഷന്‍ കള്‍ച്ചര്‍ അഫയേഴ്‌സ് ഉന്നതാധികാര സമിതി അധ്യക്ഷനുമായിരുന്ന ആയതൊല്ല അലി ഖാമെനേയിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. ഖാമെനേയി പിന്നീട് 1989ല്‍ ഇറാന്റെ പരമോന്നത നേതാവായി. ഇപ്പോഴും ഈ പദവിയില്‍ തുടരുന്നു.
ഖാമെനേയിയുടെ നിര്‍ദേശ പ്രകാരം ഹാശെമി ബോംബുകള്‍ തീര്‍ത്ഥാടകരുടെ ബാഗില്‍ ഒളിപ്പിച്ച സംഭവം പ്രഥമ പരമോന്നത നേതാവായ ആയതൊല്ല റൂഹൊല്ല ഖൊമെയനിക്ക് അയച്ച കത്തില്‍ 1979ലെ ഇറാന്‍ വിപ്ലവ നേതാക്കളിലൊരാളും പ്രമുഖ പുരോഹിതനുമായ ആയതൊല്ല ഹുസെയ്ന്‍ അലി മൊന്‍തസെരി വെളിപ്പെടുത്തിയിരുന്നു. വയോധികരായ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെട്ട നൂറോളം ഹജ് തീര്‍ത്ഥാകടരുടെ ബാഗ് അവരറിയാതെ ഉപയോഗിച്ച് റെവലൂഷനറി ഗാര്‍ഡ് ഒരിക്കലും അംഗീകരിക്കാനാവാത്ത ഒരു അബദ്ധം ചെയ്തിരിക്കുന്നു. ഹജ് സീസണില്‍ സൗദി അറേബ്യയ്ക്കു മുന്നില്‍ അവര്‍ ഇറാന്റെ മാനം കളഞ്ഞിരിക്കുന്നു- മൊന്‍തസരി എഴുതി.
ഇറാന്‍ മേഖലയില്‍ നടത്തുന്ന അവിശുദ്ധ ഇടപെടലുകള്‍ക്ക് മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുണ്ടെന്നാണ് ഈ പുതിയ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടുന്നതെന്ന് ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇറാന്‍ സ്റ്റഡീസ് മേധാവിയും നിരീക്ഷകനുമായ മുഹമ്മദ് അല്‍ സുലാമി പറയുന്നു. തീര്‍ത്ഥാടകര്‍ അവരുടെ ബാഗുകള്‍ സര്‍ക്കാര്‍ ഏജന്‍സിക്കു നല്‍കി അവര്‍ സീല്‍ ചെയ്ത് മക്കയിലേക്കോ മദീനയിലേക്കോ അയക്കുന്ന രീതിയാണ് ഇറാനില്‍ ഉണ്ടായിരുന്നതെന്നും ്അദ്ദേഹം പറഞ്ഞു. ബോംബ് ഒളിപ്പിച്ച ബാഗുകളുമായി എത്തിയ വയോധികരായ തീര്‍ത്ഥാടകര്‍ നിരപരാധികളാണെന്ന് സൗദി അധികൃതര്‍ക്ക് ബോധ്യമായതോടെ അവരെ തടസ്സങ്ങളൊന്നുമില്ലാതെ ഹജ് നിര്‍വഹിക്കാന്‍ അനുവദിക്കുകയായിരുന്നെന്നും അല്‍ സുലാമി പറഞ്ഞു.