കൊച്ചി- വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കർ അന്തരിച്ചു. കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൾ തേജസ്വി രണ്ടു ദിവസം മുമ്പ് മരിച്ചിരുന്നു. മകൾക്കും ഭാര്യക്കുമൊപ്പം കാറിൽ സഞ്ചരിക്കവയൊണ് ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽപെട്ടത്.
വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുകയായിരുന്ന ബാലഭാസ്‌കറിന്റെ ആരോഗ്യത്തിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ഇന്ന് വൈകുന്നേരം മെഡിക്കൽ ബുള്ളറ്റിനുണ്ടായിരുന്നു. ബാലഭാസ്‌കറിന്റെ വെന്റിലേറ്റർ സഹായം കുറച്ചെന്നും ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ടെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്.
ചൊവ്വാഴ്ച്ച രാവിലെയുണ്ടായ അപകടത്തിലാണ് ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിക്കും മകൾ തേജസ്വിക്കും കാർ ഡ്രൈവർ അർജുനും അപകടത്തിൽ പരിക്കേറ്റത്. തൃശൂരിൽനിന്ന് ക്ഷേത്രദർശനത്തിന് ശേഷം മടങ്ങിവരികയായിരുന്നു. തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചാണ് അപകടമുണ്ടായത്.