ന്യൂദൽഹി - അവസരം നൽകാതെ ടീമിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് കരുൺ നായരുമായി സംസാരിച്ചിരുന്നുവെന്ന് ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലും ടീമിനൊപ്പമുണ്ടായിരുന്നുവെങ്കിലും അവസരം ലഭിക്കാത്ത ഏക കളിക്കാരനായിരുന്നു കരുൺ. വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന രണ്ടു മത്സര ടെസ്റ്റ് പരമ്പരയിൽനിന്ന് മാറ്റിനിർത്തി. എന്തുകൊണ്ട് ഇംഗ്ലണ്ടിൽ തന്നെ കളിപ്പിച്ചില്ലെന്നോ എന്തുകൊണ്ട് ഇപ്പോൾ ഒഴിവാക്കിയെന്നോ സെലക്ടർമാരോ ടീം മാനേജ്‌മെന്റോ ചോദിച്ചിട്ടില്ലെന്ന് കരുൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എന്നാൽ വെസ്റ്റിൻഡീസിനെതിരായ ടീം സെലക്ഷൻ കഴിഞ്ഞ ശേഷം താൻ തന്നെ കരുണുമായി സംസാരിച്ചിട്ടുണ്ടെന്ന് പ്രസാദ് വിശദീകരിച്ചു. എങ്ങനെ തിരിച്ചുവരാമെന്ന് സംസാരിച്ചു. കളിക്കാരുമായുള്ള ആശയവിനിമയം നിലനിർത്തുന്നതിൽ സെലക്ഷൻ കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. സന്തോഷകരമല്ലാത്ത വാർത്ത ഒരു കളിക്കാരനെ അറിയിക്കുക പ്രയാസകരമാണ്. വ്യക്തമായ കാരണം പറയാനാവണം, കളിക്കാരൻ അത് അംഗീകരിക്കുന്നില്ലെങ്കിൽ പോലും. ഇംഗ്ലണ്ട് പര്യടനത്തിനിടെ കരുണിന്റെ ആത്മവീര്യം നിലനിർത്താനായി സെലക്ടർ ദേവാംഗ് ഗന്ധിയും സംസാരിച്ചിരുന്നു. കരുൺ സെലക്ടർമാരുടെ ടെസ്റ്റ് പദ്ധതികളിലുണ്ട്. അവസരം വൈകാതെയെത്തും -പ്രസാദ് പറഞ്ഞു.
ടെസ്റ്റ് ടീമിൽ കരുണിനെ ഉൾപെടുത്തിയത് ടീം മാനേജ്‌മെന്റിന് ഇഷ്ടപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. അതുകൊണ്ടാണ് കളിപ്പിക്കാതിരുന്നത്. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ ടീമിലുൾപെടുത്തുന്നതിനേക്കാൾ ആഭ്യന്തര മത്സരങ്ങളിൽ കരുത്തു കാട്ടാൻ കരുണിനെ അനുവദിക്കുകയാണ് നല്ലതെന്ന് ഈ സാഹചര്യത്തിൽ സെലക്ടർമാർ കരുതുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
വീരേന്ദർ സെവാഗിനു പുറമെ ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ ഏക ഇന്ത്യൻ കളിക്കാരനാണ് കരുൺ. ഇംഗ്ലണ്ടിനെതിരെ കരുൺ ട്രിപ്പിൾ സെഞ്ചുറി നേടിയപ്പോൾ കമന്റേറ്ററായിരുന്ന രവിശാസ്ത്രി താരത്തെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു.