Sorry, you need to enable JavaScript to visit this website.

ബി.സി.സി.ഐ ഇനി പൊതുജനത്തിന് മറുപടി കൊടുക്കണം

ന്യൂദൽഹി - ബി.സി.സി.ഐയെ വിവരാവകാശ നിയമത്തിനു കീഴിൽ കൊണ്ടു വന്ന് സെൻട്രൽ ഇൻഫർമേഷൻ കമ്മിഷൻ ഉത്തരവിട്ടു. ബി.സി.സി.ഐ പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ബാധ്യസ്ഥമാണെന്ന് കമ്മീഷൻ പറഞ്ഞു. 
വിവരാവകാശ നിയമത്തിന്റെ കാര്യത്തിൽ രാജ്യത്തെ പരമോന്നത സമിതിയാണ് കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ. 
സുപ്രീം കോടതി വിധികൾ, നിയമ കമ്മീഷൻ റിപ്പോർട്ട്, സ്‌പോർട്‌സ് യുവജന മന്ത്രാലയത്തിലെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ റിപ്പോർട്ട് തുടങ്ങിയവ പരിശോധിച്ച ശേഷമായിരുന്നു വിധി. രാജ്യത്ത് ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ കുത്തകയുള്ള സമിതിയാണ് ബി.സി.സി.ഐയെന്ന് ഇൻഫർമേഷൻ കമ്മീഷണർ ശ്രീധർ ആചാര്യലു 37 പേജ് വരുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 
നിയമപ്രകാരം പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും അസിസ്റ്റന്റുമാരെയും നിയമിക്കാൻ ബി.സി.സി.ഐ പ്രസിഡന്റ്, സെക്രട്ടറി, കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് എന്നിവരോട് അദ്ദേഹം നിർദേശിച്ചു. 
പൊതുജനങ്ങളിൽ നിന്ന് അപേക്ഷ സ്വീകരിക്കാനുള്ള ഓൺലൈൻ, ഓഫ്‌ലൈൻ സംവിധാനം 15 ദിവസത്തിനകം ഏർപ്പെടുത്താനും ആചാര്യലു ഉത്തരവിട്ടു. 
ബി.സി.സി.ഐ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിന്റെയും കളിക്കാരെ തെരഞ്ഞെടുക്കുന്നതിന്റെയും മാനദണ്ഡമെന്താണെന്ന് ചോദിച്ച് ഗീതാ റാണി എന്ന വ്യക്തി സ്‌പോർട്‌സ് മന്ത്രാലയത്തിന് നൽകിയ വിവരാകാശ അപേക്ഷയിൽ വ്യക്തമായ ഉത്തരം നൽകാത്തതിനെ തുടർന്നാണ് ഇൻഫർമേഷൻ കമ്മീഷൻ ഇടപെട്ടത്. ദേശീയ കായിക ഫെഡറേഷനുകളിലൊന്നായി ബി.സി.സി.ഐയെ ഉൾപെടുത്തണമെന്നും ആചാര്യലു നിർദേശിച്ചിട്ടുണ്ട്. 

Latest News