മാഞ്ചസ്റ്റർ - മാഞ്ചസ്റ്റർ യുനൈറ്റഡ് ഫുട്‌ബോൾ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്ന് ജോസെ മൗറിഞ്ഞൊ തെറിക്കുമോ? യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്ന് വലൻസിയക്കെതിരായ ഹോം മത്സരത്തിൽ അടിതെറ്റിയാൽ മൗറിഞ്ഞോയുടെ വിധിയാവുമെന്നാണ് സൂചന. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ വെസ്റ്റ്ഹാമിനോട് തോറ്റാണ് ഈ മത്സരത്തിന് യുനൈറ്റഡ് ഒരുങ്ങുന്നത്. പ്രീമിയർ ലീഗിൽ ഏഴ് മത്സരം മാത്രം പിന്നിടുമ്പോഴേക്കും ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയെക്കാൾ ഒമ്പത് പോയന്റ് പിന്നിലാണ് അവർ. റയൽ മഡ്രീഡ് വിട്ട ശേഷം ഒരു ടീമിന്റെയും ചുമതല ഏറ്റെടുത്തിട്ടില്ലാത്ത സിനദിൻ സിദാൻ യുനൈറ്റഡിലേക്ക് വരുമെന്നാണ് എല്ലാ സൂചനകളും.
മൗറിഞ്ഞോയും സീനിയർ കളിക്കാരും തമ്മിലുള്ള ബന്ധം തകർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജനുവരിയിൽ വൻ തുക മുടക്കി കൊണ്ടുവന്ന അലക്‌സിസ് സാഞ്ചസ് വെസ്റ്റ്ഹാമിനെതിരായ കളിയിൽ പതിനെട്ടംഗ ടീമിൽ പോലും സ്ഥാനം നേടിയില്ല. ബാഴ്‌സലോണയിൽ തന്റെ കോച്ചായിരുന്ന പെപ് ഗാഡിയോളയുടെ ക്ഷണം നിരസിച്ചാണ് സാഞ്ചസ് യുനൈറ്റഡിൽ ചേർന്നത്. മൗറിഞ്ഞോയുടെ കീഴിൽ 23 കളികളിൽ മൂന്നു ഗോൾ മാത്രമാണ് സാഞ്ചസ് നേടിയത്. ലോക റെക്കോർഡ് തുകക്ക് മൗറിഞ്ഞൊ കൊണ്ടുവന്ന പോൾ പോഗ്ബയുമായും സ്വരച്ചേർച്ചയിലല്ല കോച്ച്.
മൗറിഞ്ഞൊ ചെൽസി കോച്ചായിരിക്കെ ഫോമിലല്ലെന്ന് പറഞ്ഞ് ഒഴിവാക്കിയ കളിക്കാരാണ് മുഹമ്മദ് സലാഹും കെവിൻ ഡിബ്രൂയ്‌നെയും. ലിവർപൂളിൽ കഴിഞ്ഞ സീസണിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചു സലാഹ്. മാഞ്ചസ്റ്റർ സിറ്റിയുടെ നട്ടെല്ലാണ് ഡിബ്രൂയ്‌നെ.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബാണ് യുനൈറ്റഡ്. പക്ഷെ അതൊന്നും കളിക്കളത്തിൽ കാണാനില്ല. ഹോം മത്സരങ്ങളിൽ ആക്രമിച്ചു കളിക്കാത്തതിനെ വിമർശിച്ചതിന് പോഗ്ബയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കി. വെസ്റ്റ്ഹാമിനെതിരായ പ്രകടനം അങ്ങേയറ്റം മോശമായിരുന്നുവെന്ന് ഡിഫന്റർ ലൂക് ഷാ തുറന്നടിച്ചു.