സർക്കാർ അഴിമതിയുടെ കൂടാരമെന്ന് ചെന്നിത്തല
തിരുവനന്തപുരം- സംസ്ഥാനത്ത് പുതിയ പുതിയ ബ്രൂവറികൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാർ കൂടുതൽ കുരുക്കിലേക്ക് നീങ്ങുന്നു. ഓരോ ദിവസവും പുറത്തുവരുന്ന രേഖകൾ സർക്കാർ വാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്നതിനൊപ്പം ഇടതുമുന്നണിയിലും പ്രതിസന്ധി ഉരുണ്ടുകൂടി.
ബ്രൂവറി അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനുമായ വി.എസ്. അച്യുതാനന്ദൻ തന്നെ പരസ്യമായി രംഗത്തെത്തി. കുടിവെള്ളക്ഷാമം രൂക്ഷമായ എലപ്പുള്ളി പഞ്ചായത്തിൽ പ്രതിവർഷം വൻതോതിൽ ബിയറുൽപ്പാദിപ്പിക്കാൻ അനുമതി നൽകിയ നടപടി പുനഃപരിശോധിക്കണമെന്നായിരുന്നു മലമ്പുഴ എം.എൽ.എ കൂടിയായ വി.എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടത്.
ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും ഈ പ്രദേശത്ത് പ്രവർത്തിക്കാൻ അനുവദിക്കാനാവില്ല. ഭൂഗർഭ ജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണ് വൻതോതിൽ ജലചൂഷണം നടത്തി മാത്രം പ്രവർത്തിക്കാൻ കഴിയുന്ന ബിയർ കമ്പനിക്ക് അനുമതി നൽകിയത് എന്നത് ആശങ്കാജനകമാണ്. പെപ്‌സി, കൊക്കക്കോള കമ്പനികൾക്കെതിരെ നിരന്തര പോരാട്ടം നടത്തേണ്ടിവന്ന ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും വി.എസ് പ്രസ്താവനയിൽ പറഞ്ഞു. പാലക്കാട് ജില്ലാ സി.പി.എമ്മും ബ്രൂവറിക്കെതിരെ രംഗത്തെത്തി.
അതേസമയം, എറണാകുളത്ത് പവർ ഇൻഫ്രാടെകിന് ബ്രൂവറി സ്ഥാപിക്കുന്നതിന് ഭൂമി കൊടുക്കുന്നത് സംബന്ധിച്ച് സംശയകരമായ നടപടികളാണ് ഉണ്ടായതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 2017 മാർച്ച് 27 നാണ് കിൻഫ്രയിൽ ഭൂമിക്കായി പവർ ഇൻഫ്രാടെക് സി.എം.ഡി അലക്‌സ് മാളിയേക്കൽ കിൻഫ്ര ജനറൽ മാനേജർ(പ്രൊജക്ട്)ക്ക് അപേക്ഷ നൽകുന്നത്. വെറും 48 മണിക്കൂറിനുളളിൽ തന്നെ അനുമതി ലഭിച്ചു. ഏപ്രിൽ നാലിന് ഈ കത്തിന്റെ ബലത്തിലാണ് എക്‌സൈസ് കമ്മീഷണർക്ക് ശ്രീചക്ര ഡിസ്റ്റലറിക്കായി അപേക്ഷ നൽകിയത്. ഭൂമി അനുവദിക്കാൻ സന്നദ്ധമാണെന്നുള്ള കിൻഫ്ര ജനറൽ മാനേജർ പ്രോജക്ടിന്റെ കത്ത് കിൻഫ്ര എം.ഡി അറിഞ്ഞിരുന്നോയെന്നും ചെന്നിത്തല ചോദിച്ചു.
കിൻഫ്രയിൽ ഭൂമി ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങളെല്ലാം പാലിക്കാതെയാണ് ഈ കത്ത് നൽകിയതെന്ന് ആക്ഷേപമുണ്ട്. ഭൂമി അനുവദിക്കണമെങ്കിൽ ജില്ലാ തല വ്യവസായ സമിതി ചർച്ച ചെയ്യണം. ഇക്കാര്യത്തിൽ അതുണ്ടായില്ല. പകരം എക്‌സ്പ്രസ് വേഗതയിൽ അനുമതി കത്ത് നൽകി. ആരുടെ താൽപര്യമാണ് നടപ്പായത്. സി.പി.എമ്മിന്റെ ഉന്നത നേതാവിന്റെ മകനാണ് ഈ ജനറൽ മാനേജരെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന്റെ ഉന്നത തല ഗൂഢാലോചനയിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ ബന്ധങ്ങൾ. കോടികൾ കൈമറിഞ്ഞ ബ്രൂവറി ഡിസ്റ്റിലറി ഇടപാടിൽ സി.പി.എമ്മിന്റെ ഉന്നത തലങ്ങളിൽ വൻ തട്ടിപ്പ് നടന്നുവെന്നാണ് ഇതിനകം പുറത്ത് വന്ന രേഖകൾ വ്യക്തമാക്കുന്നത്. 19 വർഷത്തിന് ശേഷം ഇതുപോലൊരു സുപ്രധാന കാര്യത്തിൽ നയം മാറ്റമുണ്ടായപ്പോൾ അത് പരമ രഹസ്യമായി നടപ്പാക്കി എന്നതാണ് ഗൂഢാലോചനക്കുള്ള ഒന്നാമത്തെ തെളിവ്.
മുന്നണി ഏകോപന സമിതിയിലോ, മന്ത്രിസഭയിലോ ചർച്ച ചെയ്തില്ല. ബജറ്റിലോ നയപ്രഖ്യാപനത്തിലോ ഉൾപ്പെടുത്തിയില്ല. മദ്യ നയത്തിൽ പറഞ്ഞതുമില്ല. പത്തൊൻപത് വർഷമായി നിലനിൽക്കുന്ന തീരുമാനമായതിനാൽ അത് മാറ്റുമ്പോൾ നയപരമായ തീരുമാനം എടുക്കണമെന്ന് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇത് മറികടന്നാണ് അനുമതി നൽകിയത്. ആരാണ് ഇതിന് ഉത്തരവിട്ടത്. തൃശൂർ ജില്ലയിൽ ഡിസ്റ്റിലറി അനുവദിക്കുന്നതിനുള്ള ശ്രീചക്ര ഡിസ്റ്റിലറീസിന്റെ അപേക്ഷയിൻമേൽ ഉള്ള എക്‌സൈസ് കമ്മീഷണറുടെ റിപ്പോർട്ടിൽ 99 ലെ ഉത്തരവ് നിലനിൽക്കുന്നതിനാൽ അത് പരിഷ്‌കരിച്ച് ഉത്തരവ് ഇറക്കണമെന്ന് നിർദേശിച്ചിരുന്നു.
എന്നാൽ ഇത് സംഭവിച്ചില്ല. ആരാണ് ഇത് മറികടക്കാൻ അനുമതി നൽകിയത്. ശ്രീചക്ര 98 ൽ തന്നെ അപേക്ഷ നൽകിയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. 99 ൽ നിരസിക്കപ്പെട്ട 110 അപേക്ഷകളിൽ അതും ഉൾപ്പെടുന്നു. അവർ പിന്നീട് ഹൈക്കോടതിയിലും പോയി. നിലവിലുള്ള അബ്കാരി പോളിസി അനുസരിച്ച് അവർക്ക് അനുമതി നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതിയും പറഞ്ഞു. 99 ലെ ഉത്തരവ് പോളിസിയാണെന്ന് ഹൈക്കോടതിയും അംഗീകരിച്ചിട്ടുണ്ട്. അത് തിരുത്താതെയാണ് വീണ്ടും അവർക്ക് തന്നെ അനുവാദം നൽകിയത്.
ഈ ഇടപാടുകളിലെല്ലാം അസാധാരണത്വവും ദുരൂഹതയും നിലനിൽക്കുകയാണ്. ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും അനുമതി നൽകിയ നാല് അപേക്ഷകളിൽ രണ്ടെണ്ണത്തിൽ സ്ഥലത്തിന്റെ കാര്യത്തിൽ പോലും അവ്യക്തതയുണ്ട്. മുൻഗണന ക്രമം പാലിക്കാതെയാണ് അപേക്ഷകളിന്മേൽ തീരുമാനം എടുത്തത്. എക്‌സൈസ് കമ്മീഷണറുടെ നിർദേശവും പാലിക്കപ്പെട്ടില്ല. ഇതെല്ലാം ഗൂഢാലോചനയുടെ തെളിവുകളാണ്. ഇതിനെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തണം. ഇടതു സർക്കാർ ചെയ്ത പാതകം ഞങ്ങളുടെ തലയിൽ കെട്ടിവെച്ച് ഇപ്പോഴത്തെ വിവാദത്തിൽനിന്ന് രക്ഷപ്പെടാമെന്ന് സർക്കാർ കരുതേണ്ടെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.