റിയാദ്- പ്രശസ്ത പണ്ഡിതന്‍ ശൈഖ് ഡോ.സഈദ് അല്‍ഖഹ്താനി ഓര്‍മയായി. ഇന്നലെ പുലര്‍ച്ചെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. ഒരു മാസം മുമ്പാണ് മാരക രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം റിയാദ് അല്‍റാജ്ഹി ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മൃതദേഹം അല്‍നസീം ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
ഹിസ്‌നുല്‍ മുസ്‌ലിം അടക്കം 80 ലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഏറ്റവും പ്രശസ്തമായ ഗ്രന്ഥം ഹിസ്‌നുല്‍ മുസ്‌ലിം ആണ്. ഇത് 44 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അറബ് ലോകത്ത് ഈ കൃതിയുടെ കോടിക്കണക്കിന് കോപ്പികള്‍ വിറ്റു പോയിട്ടുണ്ട്. 'മുസ്‌ലിമിന്റെ രാക്ഷാകവചം' എന്ന പേരില്‍ പ്രമുഖ പണ്ഡിതന്‍ കെ.എം ഫൈസി തരിയോട് ആണ് ഈ പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. ഹിസ്‌നുല്‍ മുസ്‌ലിം എന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ ലോകത്ത് വ്യാപകമായി ഉപയോഗിക്കുന്ന ആപ്പ് ആണ്.
നമസ്‌കാരത്തെ അധികരിച്ച് തയാറാക്കിയ 'സ്വലാത്തുല്‍ മുഅ്മിന്‍' തുടങ്ങി ഇസ്‌ലാമിക വിഷയങ്ങളില്‍ 80 ഓളം രചനകള്‍ ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഹിജ്‌റ 1372 ല്‍ ജനിച്ച ശൈഖ് ഡോ.സഈദ് അല്‍ഖഹ്താനി ഇമാം മുഹമ്മദ് ബിന്‍ സൗദ് യൂനിവേഴ്‌സിറ്റിക്കു കീഴിലെ ഉസൂലുദ്ദീന്‍ കോളേജില്‍ നിന്ന് ഹിജ്‌റ 1404 ല്‍ ബിരുദം നേടി. 1412 ല്‍ മാസ്റ്റര്‍ ബിരുദവും 1419 ല്‍ ഡോക്ടറേറ്റും നേടി. പ്രശസ്ത പണ്ഡിതനും സൗദി ഗ്രാന്‍ഡ് മുഫ്തിയുമായിരുന്ന ശൈഖ് ഇബ്‌നു ബാസ് ആണ് പ്രധാന ഗുരുനാഥന്‍.