Sorry, you need to enable JavaScript to visit this website.

ബി.ജെ.പിക്കെതിരെ സംസ്ഥാനതല ധാരണ അഭികാമ്യം -കാരാട്ട്‌

കൊച്ചി-ബി.ജെ.പിയെ നേരിടാൻ സംസ്ഥാന തലങ്ങളിൽ രൂപപ്പെടുന്ന പ്രതിപക്ഷ ധാരണയോ സഖ്യമോ ആകും കൂടുതൽ ഫലപ്രദമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. മഹാരാജാസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം സംഘടിപ്പിച്ച സെമിനാറിൽ ഉയർന്ന ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 
വ്യത്യസ്തങ്ങളായ പരിപാടികളും ആശയങ്ങളും ഉള്ള പാർട്ടികൾ തമ്മിൽ ദേശീയ തലത്തിൽ ഒരു സഖ്യം ഫലപ്രദമാകില്ല. അതേസമയം ബി.ജെ.പി ഉയർത്തുന്ന ഭീഷണി മറികടന്നേ പറ്റൂ. വ്യത്യസ്ത സംസ്ഥാനങ്ങളിൽ വ്യത്യസ്ത പ്രദേശിക പാർട്ടികൾക്കാണ് സ്വാധീനമുള്ളതും. അതുകൊണ്ടു തന്നെ യു.പി, കർണാടക എന്നിവിടങ്ങളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകൾ നേരിട്ട മാതൃകയിൽ പ്രാദേശിസ സഖ്യങ്ങളാണ് ഉരുത്തിരിയേണ്ടത്. രാജസ്ഥാനിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. അവിടെ ബി.ജെ.പിയെ തോൽപിക്കണമെങ്കിൽ കോൺഗ്രസിന് വോട്ടു ചെയ്യേണ്ടിവരും. അത് കോൺഗ്രസിന്റെ പരിപാടിയെ അംഗീകരിക്കുന്നതുകൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവ ഉദാരവൽക്കരണവും ഭൂരിപക്ഷ വർഗീയതയും ഇന്ത്യൻ ജനാധിപത്യത്തെ ഏകാധിപത്യത്തിലേക്കാണ് നയിക്കുന്നത്. എന്ത് ചെയ്യണം, എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം, എന്ത് ചിന്തിക്കണം, എന്ത് വിശ്വസിക്കണം എന്ന് ഒരു കേന്ദ്രം തീരുമാനിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇന്ത്യൻ ഭരണഘടന വാഗ്ദാനം നൽകുന്ന തുല്യത, ഭൂരിപക്ഷ വർഗീയത ന്യൂനപക്ഷങ്ങൾക്ക് നിഷേധിക്കുകയാണ്. ഭരിക്കുന്ന പാർട്ടിയാണ് ഭൂരിപക്ഷ വർഗീയത  പ്രചരിപ്പിക്കുന്നതെന്നതാണ് അതിലേറെ ഭീഷണി. വിവിധ തലങ്ങളിലാണ് ഇവർ ജനാധിപത്യം നിഷേധിക്കുന്നത്. 
പൊതുധാരയിൽനിന്ന് വേറിട്ടു നിൽക്കുന്നവരെയെല്ലാം ദേശവിരുദ്ധരായി ചിത്രീകരിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല, ഭാഷയുടെയും ജീവിത രീതിയുടെയും അടിസ്ഥാനങ്ങളിലുമുള്ള ന്യൂനപക്ഷങ്ങൾക്കും ഇതാണ് സ്ഥിതി. ഗോൾവാൾക്കർ പറഞ്ഞത് ഹിന്ദുക്കളെ മാത്രമേ് ഇന്ത്യക്കാരായി പരിഗണിക്കാൻ പാടുളളൂ എന്നാണ്. മറ്റുള്ളവർ അവരുടെ ദയയിലാണ് കഴിയേണ്ടതെന്നും പറഞ്ഞുവെച്ചു. ഈ ആശയങ്ങൾ ഭരണകൂടം അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. പശുവിന്റെ പേരിൽ പോലും ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. ഇത് ഭരണഘടന നൽകുന്ന ജീവിക്കാനുള്ള അവകാശത്തെയാണ് നിഷേധിക്കുന്നത്.  
ഭൂരിപക്ഷ വർഗീയതക്ക് ദേശീയ വാദത്തിന്റെ വേഷപ്പകർച്ച നേടാനും ന്യൂനപക്ഷങ്ങളെ വിഭജന വാദികളായി ചിത്രീകരിക്കാനും എളുപ്പമാണെന്ന് ജവാഹർലാൽ നെഹ്‌റു തന്നെ പറഞ്ഞിട്ടുണ്ട്. 
രാജ്യത്തിന്റെ നയരൂപീകരണത്തിൽ കുത്തകകളും വ്യവസായികളും ചെലുത്തുന്ന വർധിച്ചുവരുന്ന സ്വാധീനവും ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നു. സാമ്പത്തികാധികാരമുള്ളവർ വർധിച്ച തോതിൽ രാഷ്ട്രീയാധികാരം പിടിച്ചെടുക്കുകയാണ്. പാർലമെന്റ് അംഗങ്ങളിൽ 25 ശതമാനം വ്യവസായികളാണെന്ന് പഠനത്തിൽ പറയുന്നു. ഇതിൽ കൂടുതലാകാനേ വഴിയുള്ളൂ. ഈ നയത്തിന്റെ ഫലമായി ശതകോടീശ്വരന്മാരുടെ വളർച്ചാ നിരക്കിൽ ഇന്ത്യ ഇന്ന് ഒന്നാം സ്ഥാനത്താണ്.  ഇന്ത്യയിലെ അതിസമ്പന്നരുടെ കൈയിലാണ് രാജ്യത്തെ 58 ശതമാനം സ്വത്തും. 2017 ൽ പുതുതായി ഉണ്ടായ സമ്പത്തിന്റെ  73 ശതമാനവും ഈ ഒരു ശതമാനത്തിന്റെ കൈയിലാണ് എത്തിയത്. സാമ്പത്തിക സാമൂഹിക സമത്വമില്ലാതെ രാഷ്ട്രീയ സമത്വം കൊണ്ട് മാത്രം ജനാധിപത്യം ഫലം നേടില്ലെന്ന് ഭരണഘടനാ ശിൽപിയായ അംബേദ്കർ പറഞ്ഞുവെച്ചിട്ടുണ്ട്.  70 വർഷം കഴിയുമ്പോൾ ആ അന്തരം കൂടുകയാണുണ്ടായതെന്നും കാരാട്ട് പറഞ്ഞു. ഇതു കൂടാതെ ജാതിയുടെ അടിസ്ഥാനത്തിലുള്ള സാമൂഹിക അന്തരവും ജനാധിപത്യത്തെ കൊഞ്ഞനം കുത്തുകയാണ്. 
വോട്ട് ചെയ്യാനുള്ള അവകാശം കൊണ്ട് മാത്രം ജനാധിപത്യം പുലരില്ല. തന്നെയുമല്ല തെരഞ്ഞെടുപ്പ് ജനാധിപത്യം അനുദിനം ശോഷിച്ചുവരികയുമാണ്.   ഈ അസമത്വങ്ങൾ കുറയ്ക്കണമെങ്കിൽ നയത്തിൽ മാറ്റമുണ്ടാകണം.  തെരഞ്ഞെടുപ്പ് രീതി പരിഷ്‌കരിക്കണം. തെരഞ്ഞെടുപ്പ്  ജനാധിപത്യത്തോടൊപ്പം ആനുപാതിക ജനപ്രാതിനധ്യവും കൊണ്ടുവരണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

 

Latest News