റിയാദ്- രാജ്യത്ത് സന്തുലിത സാമ്പത്തികനില ഉറപ്പാക്കാന്‍ നേരത്തെ നടപ്പാക്കിയതിന് പുറമെ അടുത്ത വര്‍ഷം പുതിയ ഫീസുകള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിന് പദ്ധതിയില്ലെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍. അടുത്ത ബജറ്റിന്റെ പ്രാഥമിക അവലോകന റിപ്പോര്‍ട്ട് സംബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നേരത്തെ പ്രഖ്യാപിച്ച ഫീസുകളെല്ലാം തുടരും. എന്നാല്‍ അധിക ഫീസുകളൊന്നും ഏര്‍പ്പെടുത്തില്ല.
സ്വദേശി പൗരന്മാരുടെ ക്ഷേമത്തിനാണ് സര്‍ക്കാര്‍ ഒന്നാം സ്ഥാനം നല്‍കുന്നത്. അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനാവശ്യമായ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ജല വിതരണവും ഡ്രൈനേജ് സംവിധാനവുമില്ലാത്ത എല്ലാ പ്രദേശങ്ങളിലും അതിനുള്ള പദ്ധതികള്‍ നടപ്പാക്കിവരികയാണ്- അദ്ദേഹം പറഞ്ഞു.
സന്തുലിത സാമ്പത്തിക നില കൈവരിക്കുന്നതിന് 2016 ലാണ് എണ്ണയിതര വരുമാനത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങിയത്. ഇതിന്റെ ഭാഗമായാണ് പെട്രോള്‍, വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിക്കാനും വിവിധ ഫീസുകള്‍ ഏര്‍പ്പെടുത്താനും തീരുമാനമെടുത്തത്.
സര്‍ക്കാര്‍ ചെലവുചുരുക്കലിന്റെ ഭാഗമായി ഏകീകൃത പര്‍ച്ചേസ് യൂണിറ്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകള്‍ക്കുമുള്ള അവശ്യ സാധനങ്ങള്‍ ഒരു കേന്ദ്രം വഴി വാങ്ങിക്കുന്ന പദ്ധതിയാണിത്. ഇതുവഴി വിലക്കുറവും ഗുണമേന്മയും ഉറപ്പുവരുത്താനാകും. റോള്‍സ് റോയ്‌സ് കാര്‍ തന്നെ ഉപയോഗിക്കണമെന്നില്ലെന്നും കാംറി, കൊറോള കാറുകള്‍ കൊണ്ട് കാര്യങ്ങളെല്ലാം നടന്നു പോകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കിയ ശേഷം പണം കുടിശ്ശികയായുള്ള കമ്പനികള്‍ക്ക് അവ നിശ്ചിത സമയത്തിനകം കൊടുത്തുതീര്‍ക്കും. സര്‍ക്കാറിന് സമര്‍പ്പിക്കേണ്ട രേഖകളിലെ അവ്യക്തതയും മറ്റുമാണ് പണം നല്‍കാന്‍ വൈകാന്‍ കാരണമായത്. കോണ്‍ട്രാക്ടര്‍മാരുമായും മറ്റുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ വര്‍ഷം 20 ബില്യന്‍ റിയാല്‍ ഇപ്രകാരം കൊടുത്തുതീര്‍ത്തെന്നും മന്ത്രി പറഞ്ഞു.