തൊടുപുഴ- പർദയിട്ട് ആശുപത്രി പ്രസവ വാർഡിൽ എത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ പോലീസുകാരൻ നൂർ സമീർ രക്ഷപ്പെട്ട വാഹനം കണ്ടെത്തി. തൊടുപുഴ കുമ്മങ്കല്ല് സ്വദേശി ബിലാലിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ എയ്സിലാണ് ആശുപത്രിയിൽ നിന്ന് പോലീസുകാരൻ രക്ഷപ്പെട്ടത്. പോലീസ് വാഹനം കസ്റ്റഡിയിൽ എടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് വാഹനം കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് പർദയിട്ട ആൾ ചുറ്റിത്തിരിയുന്നത് പ്രസവ വാർഡിൽ ഉണ്ടായിരുന്നവർ ശ്രദ്ധിച്ചത്. ഇവർ ബഹളമുണ്ടാക്കിയതോടെ പോലീസുകാരൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ പർദ ഊരിയ ഇയാൾ താൻ പോലീസുകാരൻ ആണെന്നാണ് സെക്യൂരിറ്റിക്കാരോട് പറഞ്ഞത്. തുടർന്ന് പോലീസ് കേസെടുക്കുകയും നൂർ സമീറിനെ സസ്പെന്റ് ചെയ്യുകയുമായിരുന്നു. കുളമാവ് സ്റ്റേഷനിലാണ് ഇയാൾ ജോലി ചെയ്യുന്നത്. ഇയാൾ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. കഴിഞ്ഞ വർഷം പാലക്കാട്ട് വെച്ച് മുഖ്യമന്ത്രിയുടെ സ്‌ക്വാഡ് അംഗമെന്ന് പറഞ്ഞ് കഞ്ചാവ് മാഫിയയിൽ നിന്നും പണം തട്ടിയ സംഭവത്തിൽ ഇയാൾ അറസ്റ്റിലായിരുന്നു.