ആലുവ- നടുറോഡിൽ വെച്ച് ദമാമിലെ പ്രമുഖ മലയാളി വ്യവസായി അഞ്ജു ഹംസയെ വധിക്കാൻ ശ്രമം നടത്തിയത് ക്വട്ടേഷൻ സംഘമാണെന്ന് പോലീസ്. നാല് ദിവസം മുൻപാണ് അഞ്ജു ഹംസയെ അക്രമിക്കാൻ ക്വട്ടേഷൻ സംഘം തുനിഞ്ഞത്. വടിവാൾ കൊണ്ട് അഞ്ജുവിനെ വെട്ടിയത് തടഞ്ഞ സുഹൃത്തായ ആലുവ ഉളിയന്നൂർ സ്വദേശി അയ്യൂബ് വയറിലും പിറകിലുമായി ശരീരത്തിലെ പലയിടത്തായി നാലിടങ്ങളിൽ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളം ആസ്റ്റർ മെഡി സിറ്റിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇദ്ദേഹം അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 12 മണിയോടെ ആലുവ തായിക്കാട്ടുകര കമ്പനിപ്പടിയിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ടു ക്വട്ടേഷൻ സംഘത്തിലെ തായിക്കാട്ടുകര സ്വദേശി ബിലാൽ എന്ന് വിളിക്കുന്ന ശ്രീജിത്തിനെ നാട്ടുകാർ പിടികൂടി ആലുവ പോലീസിനു കൈമാറിയിരുന്നു.
അഞ്ജു ഹംസയും അയ്യൂബും അടങ്ങുന്ന സുഹൃത്തുക്കൾ ആലുവ ബൈപാസിലെ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു രണ്ടു കാറുകളിലായി തായിക്കാട്ടുകരയിലേക്ക് വരികയായിരുന്നു. ഈ സമയം അഞ്ജു ഹംസ കയറിയ വാഹനത്തെ പിന്തുടർന്ന ക്വട്ടേഷൻ സംഘം ഇവരുടെ വാഹനത്തിനു പല തവണ തടസ്സം സൃഷ്ടിച്ചു. ആലുവ കമ്പനിപ്പടിയിൽ എത്തിയപ്പോൾ ശ്രീജിത്ത് ബൈക്ക് കുറുകെ നിറുത്തി തടസ്സം സൃഷ്ടിക്കുകയും പിന്നീട് ചുറ്റിൽ നിന്നും വന്ന അക്രമകാരികൾ തുരുതുരാ ആക്രമിക്കുകയുമായിരുന്നു. തലനാരിഴക്കാണ് അഞ്ജു ഹംസ രക്ഷപ്പെട്ടത്.
അഞ്ജു ഹംസയും സൗദിയിലെ തൃശൂർ സ്വദേശിയായ ബിസിനസ് പങ്കാളിയും ചേർന്നു കോടികൾ വിലമതിക്കുന്ന കെട്ടിടം വാങ്ങുകയും പിന്നീട് ഇവർ തമ്മിലുള്ള സൗഹൃദത്തിൽ വിള്ളൽ സംഭവിക്കുകയും ചെയ്തതായി പറയപ്പെടുന്നു. ഇവരിൽ നിന്നും കെട്ടിട ഉടമയായ ചുർണ്ണിക്കര ഗ്രാമ പഞ്ചായത്തംഗം മുൻകൂർ പണം കൈപ്പറ്റിയെങ്കിലും ഇദ്ദേഹം കെട്ടിടവും സ്ഥലവും രജിസറ്റർ ചെയ്തു നൽകിയില്ലെന്ന് പറയുന്നു. ഇവർ കെട്ടിട ഉടമക്കെതിരെ കേസ് നൽകുകയും ഇതിനെ തുടർന്ന് കെട്ടിട ഉടമ റിമാൻഡിൽ ആവുകയും ചെയ്തിരുന്നു. പിന്നീട് തൃശൂർ സ്വദേശി ഈ കെട്ടിട ഉടമയുമായി ചേർന്ന് അഞ്ജുവിനെതിരെ ചില രഹസ്യ ധാരണകൾ ഉണ്ടാക്കിയതായാണ് അഞ്ജു ഹംസ പറയുന്നത്.
ക്വട്ടേഷൻ ടീമിന്റെ ഉറവിടം തേടി പോലീസ് അന്വേഷണം ഊർജിതമാക്കി. ശ്രീജിത്തിനെ കോടതിയിൽ ഹാജരാക്കി വിയ്യൂർ സെൻട്രൽ ജയിലിൽ റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം അഞ്ജു ഹംസയും മൊഴി നൽകിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ജുവിന്റെ മുൻ ബിസിനസ് പങ്കാളിയായ തൃശൂർ സ്വദേശിയെയും ചോദ്യം ചെയ്യുമെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നും അറിയുന്നത്.