Sorry, you need to enable JavaScript to visit this website.

തിരൂരിൽ പെൺകുട്ടി കുത്തേറ്റു മരിച്ച  സംഭവം: തെളിവെടുപ്പ് നടത്തി 

തിരൂരിൽ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി സാദത്ത് ഹുസൈനെ തൃക്കണ്ടിയൂർ വിഷുപ്പാടത്തെ വീട്ടിൽ പോലീസ് തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ.

വസ്ത്രവും കത്തിയും പോലീസ് കണ്ടെടുത്തു 
 
തിരൂർ- തിരൂരിനടുത്തു തൃക്കണ്ടിയൂർ വിഷുപ്പാടത്ത് ബംഗാൾ സ്വദേശി ഷമീനാ ഖാത്തൂൻ (15) കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി ബംഗാൾ ബർധമാൻ സ്വദേശി സാദത്ത് ഹുസൈ(21)നെ ഇന്നലെ സംഭവ സ്ഥലത്തു കൊണ്ടുവന്നു പോലീസ് തെളിവെടുപ്പ് നടത്തി. പ്രതി കൃത്യം നടത്തിയ സമയത്ത് ഉപയോഗിച്ച വസ്ത്രം സംഭവം നടന്ന വീട്ടിൽ നിന്നു കണ്ടെത്തിയതായി തിരൂർ സി.ഐ പി. അബ്ദുൾ ബഷീർ പറഞ്ഞു. ഇന്നലെ ഉച്ചയോടെയായിരുന്നു തൃക്കണ്ടിയൂർ വിഷുപ്പാടത്തെ വീട്ടിൽ സാദത്ത് ഹുസൈനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. നാട്ടുകാരുടെ ബഹളവും പ്രതിഷേധവും ശക്തമായിരുന്നു. കഴിഞ്ഞ ഒരു വർഷത്തെ കൂലി 90,000  രൂപ സാദത്ത് ഹുസൈനു പെൺകുട്ടിയുടെ പിതാവ് സുന്ദർ നൽകാനുണ്ടായിരുന്നതായും ഇതുസംബന്ധിച്ച വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നുവെന്നും സാദത്ത് ഹുസൈൻ പോലീസിൽ മൊഴി നൽകി. കൃത്യം നടന്ന ദിവസം തന്നെ, കുത്താൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച  ഉച്ചക്കു 12 മണിയോടെയാണ് സംഭവം.  വാടക കെട്ടിടത്തിൽ  കഴിയുന്ന പെൺകുട്ടിയെ കൂടെ താമസിക്കുന്ന സാദത്ത് ഹുസൈൻ  കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. സംഭവ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി തിരൂർ പോലീസിൽ ഏൽപിച്ചു. കരളിലേറ്റ മുറിവാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കത്തികൊണ്ടു  എട്ടു കുത്തുകൾ ഏറ്റതായി പോലീസ് പറഞ്ഞു.  ഇന്നലെ തെളിവെടുപ്പിനു ശേഷം മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Latest News