മഡ്രീഡ് - ഒന്നിനൊന്ന് മികച്ച ഗോൾകീപ്പർമാരുടെ കിടിലൻ പ്രകടനം കണ്ട സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ മഡ്രീഡ് ഡാർബിയിൽ റയൽ മഡ്രീഡും അത്‌ലറ്റിക്കൊ മഡ്രീഡും ഗോളടിക്കാതെ പിരിഞ്ഞു. തുടർച്ചയായ മൂന്നാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണക്ക് കാലിടറിയത് റയലിന് മുതലാക്കാനായില്ല. അത്‌ലറ്റിക്കൊ ബിൽബാവോയുമായി ബാഴ്‌സലോണ 1-1 സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. ബാഴ്‌സലോണ ഇപ്പോൾ ഗോൾവ്യത്യാസത്തിൽ ഒന്നാം സ്ഥാനത്താണ്. റയലിനും തുല്യ പോയന്റുണ്ട്. രണ്ട് പോയന്റ് പിന്നിൽ നാലാം സ്ഥാനത്താണ് അത്‌ലറ്റിക്കൊ. സെവിയയാണ് മൂന്നാം സ്ഥാനത്ത്. അത്‌ലറ്റിക്കൊ ആധിപത്യം പുലർത്തിയ ആദ്യ പകുതിയിൽ ആന്റോയ്ൻ ഗ്രീസ്മാന്റെ ഗോളെന്നുറച്ച ഷോട്ട് റയൽ ഗോളി തിബൊ കോർട്‌വ രക്ഷിച്ചു. രണ്ടാം പകുതിയിലാണ് ആതിഥേയരായ റയൽ ഫോമിലേക്ക് വന്നത്. മാർക്കൊ അസൻസിയോയുടെ നിരവധി ശ്രമങ്ങൾ ഗോളി യാൻ ഒബ്‌ലാക്കിന്റെ മികവിനു മുന്നിൽ പാഴായി.
ഗാരെത് ബെയ്ൽ ആദ്യ പകുതിക്കു ശേഷം പരിക്കേറ്റ് പിന്മാറിയത് റയലിന് ക്ഷീണമായി. ബെയ്ൽ ചൊവ്വാഴ്ച സി.എസ്.കെ.എ മോസ്‌കോക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിക്കാൻ സാധ്യതയില്ല.
കോർട്‌വ മൂന്നു സീസണിൽ അത്‌ലറ്റിക്കോയുടെ ഗോൾവല കാത്തിരുന്നു. റയൽ ജഴ്‌സിയിൽ ആദ്യമായാണ് പഴയ ക്ലബ്ബിനെ നേരിടുന്നത്. ഗ്രീസ്മാന്റെയും ഡിയേഗൊ കോസ്റ്റയുടെയും ഗോളെന്നുറച്ച ഷോട്ടുകൾ കോർട്‌വ രക്ഷിച്ചു.