കോട്ടയം - കന്യാസ്ത്രീ പീഡനക്കേസിൽ സാക്ഷികളെ സ്വാധീനിക്കാനുളള ശ്രമം നടക്കുന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ പരാതിക്കാരിയായ കന്യാസ്ത്രീയുമായി അടുപ്പമുള്ള അഞ്ച് കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം നടപടി തുടങ്ങി. ബിഷപ്പുമായി അടുപ്പമുള്ളവർ കേസിലെ സാക്ഷികളായ ഇവരെ സ്വാധീനിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് രഹസ്യമൊഴി രേഖപ്പെടുത്താൻ പോലിസ് തയാറെടുക്കുന്നത്.
പരാതിക്കാരിയായ കന്യാസ്ത്രീക്ക് അനുകൂലമായി മൊഴി നൽകിയ അഞ്ച് കന്യാസ്ത്രീകളുടെ രഹസ്യമൊഴി 164 വകുപ്പുപ്രകാരം രേഖപ്പെടുത്തുന്നത് സംബന്ധിച്ച് സിജെഎം കോടതിയിൽ അന്വേഷണ സംഘം അപേക്ഷ സമർപ്പിച്ചു. പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ജാമ്യത്തിനായി ശ്രമിക്കുന്നതിനിടെയാണ് അന്വേഷണസംഘം നിർണായക നീക്കം നടത്തുന്നത്.
അടുത്ത ഘട്ടമായി ബിഷപ്പിനെതിരേ നിർണായക മൊഴി നൽകിയ സഭ വിട്ട രണ്ട് കന്യാസ്ത്രീകളുടെയും ഡ്രൈവറുടേയും രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും. മുൻ ബിഷപ്പ് പുറത്തിറങ്ങിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതകളേറെയാണ്. ഇത് പ്രതിരോധിക്കാനുള്ള വഴികളാണ് അന്വേഷണ സംഘം തേടുന്നത്. കേസിലെ മുഖ്യസാക്ഷികളിലൊരാളായ പരാതിക്കാരിയുടെ ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിൽ ദിവസങ്ങൾക്ക് മുമ്പ് നിലപാട് മാറ്റിയിരുന്നു. ബിഷപ്പ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി കന്യാസ്ത്രീ പറഞ്ഞിരുന്നുവെന്നാണ് അന്വേഷണസംഘത്തിന് ഇദ്ദേഹം മൊഴി നൽകിയിരുന്നത്. തെളിവുകളുണ്ടെന്നും പരാതി ഒത്തുതീർപ്പാക്കാൻ ബിഷപ്പിന്റെ അനുയായികൾ ചർച്ചക്ക് എത്തിയിരുന്നുവെന്നും വൈദികൻ നൽകിയ മൊഴിയിലുണ്ട്. ബിഷപ്പിനെതിരേ ശക്തമായ തെളിവുകളുള്ളതിനാലാണ് കന്യാസ്ത്രീ പരാതിയിൽ ഉറച്ചുനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ പോലിസിന് തെളിവുകൾ കൈമാറാതിരിക്കുന്ന സാഹചര്യത്തിൽ ഒന്നുകിൽ തെളിവുകൾ ഇല്ലെന്നോ അല്ലെങ്കിൽ കന്യാസ്ത്രീകൾ തന്നോട് നുണ പറഞ്ഞുവെന്നോ കരുതേണ്ടിവരുമെന്ന് പറഞ്ഞ് കഴിഞ്ഞദിവസം അദ്ദേഹം മലക്കംമറിയുകയായിരുന്നു. തെളിവുകൾ കൈമാറാതെ നടത്തുന്ന സമരം സഭക്കും പൗരോഹിത്യത്തിനും അവമതിപ്പുണ്ടാക്കാനേ ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതുകൂടാതെ മഠത്തിലെത്തി ബിഷപ്പിനെതിരായ പരാതി പിൻവലിക്കണമെന്ന് ഒപ്പം നിൽക്കുന്ന കന്യാസ്ത്രീകളെ പ്രേരിപ്പിക്കാൻ ശ്രമിച്ചതും പുറത്തുവന്നിട്ടുണ്ട്. ഇനിയും ഇത്തരത്തിൽ സാക്ഷികൾ കൂറുമാറാൻ സാധ്യതയുണ്ടെന്ന് പോലിസ് സംശയിക്കുന്നു. കേസിൽ മൊഴി നൽകിയവരുടെയെല്ലാം വെളിപ്പെടുത്തൽ പോലിസ് കാമറയിൽ പകർത്തിയിട്ടുണ്ട്. ഇത് കോടതി തെളിവായി സ്വീകരിക്കാനിടയില്ല. ഈ സാഹചര്യത്തിലാണ് പ്രധാനപ്പെട്ട സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള പോലിസിന്റെ നീക്കം. കേസുമായി ബന്ധപ്പെട്ട് നൂറിലേറെ പേരുടെ മൊഴിയെടുത്തു. ഇതിൽ പരാതിക്കാരിയുടെ രഹസ്യമൊഴി മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വരുംദിവസങ്ങളിൽ കൂടുതൽപേരുടെ മൊഴിയും അന്വേഷണസംഘം ശേഖരിക്കും.
അതേസമയം പി. സി. ജോർജ് എംഎൽഎക്കെതിരായ പരാതിയിൽ പ്രാഥമികാന്വേഷണം തുടങ്ങി. വൈക്കം ഡിവൈ.എസ്.പിയുടെ അന്വേഷണ സംഘത്തിലുള്ള സിഐ കെ.എസ് ജയൻ കോൺവെന്റിലെത്തി കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി.