കോട്ടയം- സംസ്ഥാനത്ത് പ്രളയദുരന്തം പോലുള്ള അടിയന്തരഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് സ്‌പെഷ്യൽ കമാൻഡോ ഫോഴ്‌സ് രൂപീകരിക്കുന്നതിനുളള നടപടികളിലാണെന്ന് ഫയർഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രൻ. നൂറുപേരടങ്ങുന്നതായിരിക്കും ഇത് . ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുന്ന നിർദേശം ഉടൻ സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെ ആദരിക്കാനായി കോട്ടയത്ത് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മഹാപ്രളയമുണ്ടായപ്പോൾ ചെങ്ങന്നൂർ, ആലുവ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ഫയർഫോഴ്‌സിന് വലിയ വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. കുത്തൊഴുക്കുള്ള പല സ്ഥലങ്ങളിലും എത്തിപ്പെടുന്നതിന് നേരിട്ട തടസങ്ങൾ വലിയ പരിമിതിയാണ്.
ഉരുൾപൊട്ടലും പ്രളയവും ബാധിക്കുന്ന മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് വൈദഗ്ധ്യവും അതിനുള്ള ഉപകരണങ്ങളും ആവശ്യമാണ്. ഇതിന്റെ ഭാഗമായി വിദഗ്ധപരിശീലനം ഉറപ്പുവരുത്തുന്നതിന് കൊച്ചിയിലെ സ്‌കൂബ ട്രെയ്‌നിങ് ഇൻസ്റ്റിറ്റിയൂട്ട് അഡ്വാൻസ്ഡ് ട്രെയ്‌നിങ് ഇൻസ്റ്റിറ്റിയൂട്ട് വികസിപ്പിക്കും. വകുപ്പിനെ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. പുതിയ കേരളം കെട്ടിപ്പടുക്കുമ്പോൾ സുരക്ഷയുടെ കാര്യത്തിലും മുൻപന്തിയിൽ നിൽക്കണം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഫയർ റെസ്‌ക്യൂ സർവീസിന്റെ വളർച്ച കേരളം പിന്നാക്കമാണ്.
അഞ്ചുവർഷം മുമ്പുള്ള കണക്കുകൾപ്രകാരം കേരളത്തിൽ 229 ഫയർ സ്റ്റേഷനുകൾ വേണ്ടിടത്ത് ആകെയുള്ളത് 124 എണ്ണം മാത്രമാണ്. ആധുനിക രക്ഷാ ഉപകരണങ്ങളുടെ കാര്യത്തിലും പരാധീനതകളാണ് വകുപ്പ് നേരിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത്യാഹിതങ്ങളുണ്ടാവുമ്പോൾ ഓടിയെത്തുന്നത് സമൂഹത്തിലെ സാധാരണക്കാരായ യുവാക്കളാണ്. സേവനസന്നദ്ധരായ അത്തരക്കാരെ ഉൾപ്പെടുത്തി രൂപം നൽകിയ കമ്മ്യൂണിറ്റി റെസ്‌ക്യൂ വോളന്റിയർ സർവീസ് കൂടുതൽ ശക്തിപ്പെടുത്തും. ഇവർക്ക് സർക്കാർ പ്രത്യേക പരിശീലനം നൽകും. കേരളത്തിൽ പ്രതിവർഷം 1600 പേരാണ് ജലാശയങ്ങളിൽ മുങ്ങിമരിക്കുന്നത്. ഇതിൽ കൗമാരക്കാരാണ് കൂടുതൽ. ജലസുരക്ഷയുടെ ഭാഗമായി ഇത്തരം സന്നദ്ധപ്രവർത്തകരെ വളർത്തിയെടുത്താൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ സഹായകരമാവും. ജില്ലാ തലത്തിലുള്ള ഫയർഫോഴ്‌സ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം മേഖല ഫയർഫോഴ്‌സ് ഓഫിസർ എ.ആർ അരുൺകുമാർ അധ്യക്ഷത വഹിച്ചു.