ഇല്ലായ്മയുടേയും വല്ലായ്മയുടേയും കണ്ണീരുപ്പ് രുചിച്ച ഭൂതകാലത്തോട് പൊരുതി, അര ഡസനിലേറെ വിഷയങ്ങളിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി ബഹ്‌റൈനിലെ വിദ്യാഭ്യാസ - സാമൂഹിക - സേവന രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പാലക്കാട് വാണിയംകുളം സ്വദേശി ഡോ. കെ.എസ്. മേനോനെക്കുറിച്ച്
തോട്ടുവക്കിലൂടെ ഏറെ ദൂരം നരച്ച കാക്കി നിക്കറും മുറിക്കയ്യൻ ചീട്ടി ഷർട്ടുമിട്ട് സ്‌കൂളിലേക്ക് പോയിരുന്ന നാട്ടുമ്പുറപ്പയ്യന്റെ ഉള്ളിൽ ഒരു കിനാവുണ്ടായിരുന്നു. വളർന്ന് വലുതാകുമ്പോൾ പെരുത്ത് പണമുണ്ടാക്കണം. അതിന്റെ ഒരു പങ്കെടുത്ത് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഞെരുങ്ങുന്ന അച്ഛന്റെ വല്ലായ്മകൾക്ക് അറുതി വരുത്തണം. അത് പോരാ ആ ധനത്തിന്റെ വലിയ പങ്കെടുത്ത് ഇല്ലാത്തവന് നൽകണം. ആ സ്വപ്‌നം സഫലമാക്കിയതിന്റെ അകക്കുളിരിലാണ് ഇന്നിപ്പോൾ കാരണത്ത് സുന്ദരമേനോൻ എന്ന ഡോ. കെ.എസ്.മേനോൻ.
ചുരുക്കച്ചുറ്റുപാടുകളിൽ നിന്ന് തുടങ്ങി വിദ്യാഭ്യാസത്തിന്റെ ഉയരങ്ങൾ താണ്ടിയ ശേഷം വിദേശത്ത് വൻ വിജയം നേടിയ വ്യവസായ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുകയും, സമൂഹ നന്മക്ക് കോടികൾ സംഭാവന നൽകുകയും ചെയ്ത വിസ്മയ കഥയാണ് പാലക്കാട് ജില്ലയിലെ വാണിയംകുളത്തുള്ള 'ദീപം' എന്ന വിശാല ഹർമ്യത്തിലിരുന്ന് ഡോ. മേനോൻ പറഞ്ഞത്. ആ കഥയിൽ കണ്ണീരിന്റെയും അതിനെ മറികടന്ന ഉത്സാഹത്തിന്റെയും, കഠിനാധ്വാനത്തിന്റെയും, സർവോപരി മനുഷ്യ സ്‌നേഹത്തിന്റെയും ഗന്ധവും രുചിയുമുണ്ട്. പശ്ചാത്തലവും കൂടി പറയാതെ ആ കഥ മുഴുവൻ തെളിയില്ല.
മടങ്ങിവന്ന മലനാടൻ
മലേഷ്യയിലെ പെനാംഗിലെ എണ്ണപ്പന എസ്റ്റേറ്റിൽ ബ്രിട്ടീഷ് കോളോണിയൽ രീതിയിൽ പണികഴിപ്പിച്ച പടുകൂറ്റൻ ബംഗ്ലാവ്. വലിയ മതിൽക്കെട്ടിനുള്ളിൽ ഉദ്യാനപാലകർ മനമറിഞ്ഞ് നോക്കിപ്പോറ്റുന്ന പൂങ്കാവനങ്ങൾ, ഓമൽപൂമെത്തകൾ, ചഞ്ചൽക്കുളിരിൽ വിതറി കറങ്ങുന്ന മേൽ വിശറികൾ, മണികീർണമായ മേലാപ്പുകൾ, മഹാഗണിയിൽ തീർത്ത ഇരിപ്പിടങ്ങൾ… വരിക്കോട്ടിൽ അച്യുതമേനോന് ഇതെല്ലാമുണ്ടയിരുന്നു. എസ്റ്റേറ്റ് മാനേജറായിരുന്ന അദ്ദേഹത്തിന്റെ കീഴിൽ മൂവായിരം പേർ ജോലിചെയ്തു. വീട്ടുവേലക്കാരെ ഭരിക്കാൻ സായ്പന്മാരുടെ പരിശീലനം ലഭിച്ച ബട്‌ലർ.
ഒരു വൈകുന്നേരം അദ്ദേഹം ബംഗ്ലാവിന് മുന്നിലുള്ള പുൽത്തകിടിയിൽ കാറ്റേറ്റിരിക്കുന്നു. ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്ത ടീപോട്ടിൽ ചായയും അനുബന്ധ ഭാജനങ്ങളിൽ പാലും പഞ്ചസാരയും സാൻഡ്‌വിച്ചുകളും ബട്‌ലർ കൊണ്ടുവന്നുവെച്ചു. എന്തിനെന്നറിയില്ല അദ്ദേഹത്തിന്റെ മനസ്സ് താൻ ജനിച്ചു വളർന്ന വള്ളുവനാടൻ ഗ്രാമത്തിലേക്ക് പറന്നിറങ്ങി. ഏതോ കാൽപനികമായ ഗൃഹാതുരത്വത്തിന്റെ മുഗ്ധതയിൽ പച്ച വിരിച്ച പാടവും കുണുങ്ങിപ്പായുന്ന തോടും മഞ്ഞിൽ കുളിച്ചുനിൽക്കുന്ന കുന്നും നെല്ലിൻ തണ്ടിന്റെ മണവുമെല്ലാം ഉള്ളിൽ ഉണർന്നു വന്നു. നീണ്ട പ്രവാസം ദീപ്തമാക്കിയ ആ സ്മരണയിൽ നാട്ടിലെ അസമത്വങ്ങളും പഞ്ഞമാസ വറുതിയും നിരക്ഷരതയും തൊട്ടുകൂടായ്മയുമൊന്നും ആ മനസ്സിൽ വന്നില്ല. നന്മ മാത്രം മുറ്റിനിൽക്കുന്ന ഒരു ഹരിതസ്വർഗമായി ഗ്രാമസ്വത്വം സങ്കൽപിതമാവുകയായിരുന്നു. ആ നിമിഷം അദ്ദേഹം തീരുമാനിച്ചു. നാട്ടിൽ എനിക്കുള്ള കുറച്ചു കണ്ടങ്ങളിൽ കൃഷി നടത്തി ഭാവിയിൽ ഞാനും പത്‌നിയും മുന്ന് മക്കളുമടങ്ങുന്ന കുടുംബവും കഴിഞ്ഞു കൂടുമെന്ന്. അടുത്ത ദിവസങ്ങളിൽ തന്നെ ജോലിയും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് അച്യുതമേനോൻ കോതയൂർ ഗ്രാമത്തിലെത്തി.
താൻ ജനിച്ചു വളർന്ന തറവാട്ടുകെട്ടിടത്തിന്റെ ജീർണാവസ്ഥ കണ്ടപ്പോൾ മേനോന് അതീവ സങ്കടം തോന്നി. ഭാവിയെപ്പറ്റി അശേഷം ആലോചിക്കാതെ കയ്യിലുണ്ടായിരുന്ന സമ്പാദ്യം മുഴുവൻ അതിന്റെ ജീർണോദ്ധാരണത്തിന് ചെലവ് ചെയ്തു. അനവധി അംഗങ്ങളുണ്ടായിരുന്ന ആ തറവാട്ടിൽ ആ സ്മരണകൾക്ക് പക്ഷേ ഏറെ ആയുസ്സുണ്ടായില്ല. കുറച്ചു കൃഷിയുള്ളത് മാത്രം ബാക്കിയായി. അതിൽ നിന്നുള്ള ആദായം തുലോം കുറവും. പോരാഞ്ഞിട്ട് അടുത്തടുത്തായി അദ്ദേഹത്തിന് രണ്ടു മക്കളും കൂടി ജനിച്ചു.
ഇല്ലായ്മയിൽ കണ്ട ചെല്ലപ്പൂതികൾ
മലേഷ്യയിൽ നിന്ന് പോരുമ്പോൾ അച്യുതമേനോന്റെ മകൻ സുന്ദരന് എട്ട് വയസ്സ് മാത്രം. സമൃദ്ധിയുടെ മടിത്തട്ടിൽ നിന്ന് എത്രയോ അരിഷ്ടിച്ച് കഴിയേണ്ട അവസ്ഥയിലേക്കാണ് വീണത്. അഞ്ചെട്ട് കിലോമീറ്റർ നടന്നു വേണം സ്‌കൂളിലെത്താൻ. കാലത്ത് കഞ്ഞികിട്ടും. ഉച്ച ഭക്ഷണത്തിന് രണ്ട് ഇഡ്ഢലി അമ്മ ചോറ്റുപാത്രത്തിൽ ഇട്ടുകൊടുക്കും. സ്‌കൂളിലെത്തുമ്പോൾ അത് തിന്ന് തീർത്തിട്ടുണ്ടായിരിക്കും. പിന്നെ വൈകുന്നേരം വീട്ടിലെത്തുമ്പോഴാണ് എന്തെങ്കിലും ഭക്ഷണം കിട്ടുക. എന്നിട്ടും സുന്ദരമേനോൻ പറയുന്നു. ആ ഗ്രാമീണ നാളുകളാണ് തന്റെ കുടുംബത്തെ മാത്രമല്ല മറ്റുള്ളവരേയും സ്‌നേഹിക്കാനും ഭാസുരമായ ഒരു ജീവിതത്തെ സ്വപ്‌നം കാണാനും പഠിപ്പിച്ചതെന്ന്. കൈതപ്പൂക്കൾ വിരിയുന്ന തോട്ടുവക്കിലൂടെയായിരുന്നു സ്‌കൂൾ യാത്ര. പുഴയോരത്തെ തേക്കുകൊട്ടയും, മഴക്കാലത്തെ പട്ടക്കുടയും, അടക്കാമണിക്കായി തിരുകി വെടിവെക്കാനുള്ള പാവുട്ടത്തോക്കും, മുള്ളിലത്തിലെ മൂങ്ങയുടെ മൂളലും, കണ്ടം കാവലിന് വരമ്പത്തെ പട്ടപ്പാളയിലുള്ള രാവുറക്കവും, കൊയ്ത്തു കഴിഞ്ഞ പാടത്തിലെ പന്തുകളിയുമൊക്കെ സ്‌നേഹത്തിന്റെ രേണുക്കൾ കരളിൽ പടർത്തി. വിഷുനാളിൽ കിട്ടുന്ന നാണയത്തുട്ട്, പൂട്ടാൻ വരുന്ന കന്നുകൾക്ക് കോഴി വേവിച്ച് കൊടുക്കുന്നത്, പാടത്ത് പണിക്കാരെ കറ്റ ഏറ്റാൻ സഹായിക്കുന്നത്, നെല്ല് കോരിക്കൊണ്ടുപോയി ഇടുന്നത്, തോട്ടിൽ കൊരിക്കൊട്ടുന്ന മഴയിൽ മണിക്കൂറുകളോളം കിടന്നുമറിയുന്നത്. ഇതെല്ലാം തന്റെ ചേതനയിൽ ഏതോ കരുത്ത് കുത്തിവെച്ചു എന്ന് മേനോൻ പറയുന്നു. രണ്ട് കാലുറയും രണ്ട് ഷർട്ടും കൊണ്ട് ഒരു വർഷം താണ്ടാൻ വിഷമമില്ലായിരുന്നു. സ്വയം നിശ്ചയിച്ച നേർവരകളിൽ നിന്ന് അണുപോലും വ്യതിചിക്കാതെ ആരോടും ഒന്നും ആവശ്യപ്പെടാതെ ജീവിക്കുന്ന അഭിമാനിയായ അച്ഛനെ സഹായിക്കണമെന്നായിരുന്നു സുന്ദരന്റെ ഇളംപ്രായത്തിലെ ഏറ്റവും വലിയ പൂതി.
ദൂരെയുള്ള മൂന്ന് സ്‌കൂളുകളിൽ പഠിച്ചാണ് മേനോൻ പത്താം തരം പാസായത്. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ നിന്നും ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിൽ കെമിസ്ട്രി ബി.എസ്‌സി ബിരുദമെടുത്തു. ശരാശരി മാർക്ക് മാത്രം. പിന്നീട് ജോലി തേടലായി. ഏതാനും മാസങ്ങൾ അങ്ങിനെ തേടിയപ്പോൾ ഒറ്റപ്പാലം അങ്ങാടിയിലെ 'ഉപ്പാസ്'എന്ന് പേരുള്ള പാരലൽ കോളേജിൽ ജോലി കിട്ടി. കടകൾക്കുമുകളിലുള്ള ചില ഇടുങ്ങിയ മുറികളിലായിരുന്നു ക്ലാസുകൾ. പൊളിയാറായ ബെഞ്ചുകൾ, ഡസ്‌കുകൾ.. ശമ്പളം തുലോം തുച്ഛം.
മേനോന്റെ ചെറിയച്ഛൻ വി.എസ്. മേനോന് ഗോവയിൽ വലിയ ഉദ്യോഗവും വീടുമൊക്കെയുണ്ട് എന്നായിരുന്നു കുടുംബക്കാരുടെ വിശ്വാസം. അധ്യാപനം വിട്ട് മേനോൻ ഗോവയിലേക്ക് വണ്ടികയറി. അവിടെ എത്തിയപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്. ചെറിയച്ഛൻ താമസിച്ചിരുന്നത് ഒരു ചെറിയ ചാവടിയിലായിരുന്നു. അവിടെ തിരക്കിക്കൂടുകയല്ലാതെ വേറെ വഴിയില്ല. താമസിയാതെ വാസ്‌കോഡഗാമ എന്ന സ്ഥലത്തെ പ്രസന്റേഷൻ ഹൈസ്‌കൂളിൽ ജൂനിയർ ടീച്ചറായി ജോലികിട്ടിയതാണ് വഴിത്തിരിവായത്. അന്ന് മേനോന് പത്തൊൻപത് വയസ്സ് മാത്രം. കുറച്ച് കാലം കഴിഞ്ഞ് ശമ്പളം മാസത്തിൽ നൂറ്റമ്പത് രൂപയായപ്പോൾ നൂറ് രൂപവീതം അച്ഛന് അയച്ച് കൊടുക്കാൻ ആ യുവാവ് ശ്രദ്ധിച്ചിരുന്നു.
അറിവേറ്റങ്ങളുടെ അതിരാത്രങ്ങൾ
പിന്നീട് കഠിന പ്രയത്‌നത്തിന്റെ നാളുകളായിരുന്നു. അതുകൊണ്ടുതന്നെ പ്രൻസിപ്പലായ സിസ്റ്റർ മിഷലെയുടെ പ്രതീക്ഷ മേനോൻ സഫലമാക്കി. ഏതാനും വർഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രൻസിപ്പലായി. പ്രസന്റേഷൻ സ്‌കൂളിനെ ഗോവ സംസ്ഥാനത്തെ ഏറ്റവും നല്ല സ്‌കൂളാക്കി മാറ്റാൻ കഴിഞ്ഞു. സർക്കാർ അദ്ദേഹത്തെ ഗോവ - ഡാമൻ - ഡിയു എജുക്കേഷണൽ ബോർഡിന്റെ അംഗമായി നിയമിച്ചു. പിന്നീട് ഗോവ സ്‌കൂൾ ടീച്ചേഴ്‌സ് പരിശീലന ബോർഡിന്റെ റിസോർസ് പേഴ്‌സണായും മേനോൻ നിയമിതനായി. വിദ്യാഭ്യാസം എന്ന വിഷയത്തിൽ ആധികാരികമായി പറയാൻ കഴിവുള്ള വ്യക്തി എന്ന നിലയ്ക്ക് മേനോൻ ഗോവാ സംസ്ഥാനത്താകമാനം അറിയപ്പെട്ടു. അതിയായ അക്കാദമിക താൽപര്യത്തോടെ മേനോൻ നിരവധി ബിരുദങ്ങൾ കരസ്ഥമാക്കാൻ തുടങ്ങിയത് ഗോവയിലുള്ളപ്പോഴാണ്. ബി.എഡ്, എം.എഡ് ബിരുദങ്ങൾക്ക് പഠിച്ച ട്രേയിനിംഗ് കോളേജ് നാൽപത് കിലോമീറ്റർ അകലെയായിരുന്നു. മാൻഡോവി വരെ ബസ്സ്. അതിനുശേഷം കോളേജ് നിൽക്കുന്ന കുന്നിൻ മുകളിലേക്ക് നാല് കിലോമീറ്റർ നടത്തം. അങ്ങിനെയായിരുന്നു പഠനം. സായാഹ്ന ക്ലാസുകളായിരുന്നതിനാൽ പഠനം കഴിഞ്ഞ് താമസസ്ഥലത്ത് തിരിച്ചെത്തുമ്പോൾ രാത്രി പതിനൊന്നു മണി കഴിയും. ഇതിനിടയിൽ സ്‌കൂളിൽ നാടകങ്ങൾ സംവിധാനം. ചിലപ്പോൾ അഭിനയിക്കാനും മേനോൻ സമയം കണ്ടെത്തി.
ഗോവയിലായിരുന്നപ്പോൾ വിദൂര പഠനത്തിലൂടെ ബോംബെ സർവകലാശാലയിൽ നിന്നും ആദ്യം പി.ജി.ഡി.എസ്.എം ബിരുദവും, പിന്നീട് എം.ബി.എ ബിരുദവും മേനോൻ കരസ്ഥമാക്കി. പോരാഞ്ഞിട്ട് ധാർവാർ സർവ്വകലാശാലയിന്ന് സോഷ്യോളജിയിൽ എം.എ ബിരുദവും നേടി. 1984 ലാണ് പ്രശസ്തനായ ഡോ.റാവുവിന്റെ കീഴിൽ ഗവേഷണം ചെയ്ത് മേനോൻ എജുക്കേഷണൽ ഫിലോസഫി എന്ന വിഷയത്തിൽ തന്റെ ആദ്യത്തെ ഡോക്ടറേറ്റ് നേടിയത്. അതിനിടയിൽ വിവാഹിതനായി. വിദ്യാഭ്യാസ രംഗത്ത് എത്ര ഉന്നത പതവി നേടിയാലും സഹജീവികൾക്ക് ഉതകും വിധം ധനസമ്പാദനം സാധ്യമാവുകയില്ലെന്ന തോന്നൽ കുറച്ച് കാലമായി മേനോനുണ്ടായിരുന്നു. ഇതിനിടെ, സൗഭാഗ്യത്തിന്റെ വാതിൽ തുറന്നുകിട്ടി. ഒരു സുഹൃത്ത് മുഖേന ബഹ്‌റൈനിലെ അംബർ ട്രേഡിംഗ് കമ്പനിയിൽ ഒരു ഉദ്യോഗം അവിചാരിതമായി അദ്ദേഹത്തെ തേടിയെത്തി.
പുറനാട്ടിലെത്തി പുതുതോന്നൽ
അച്ഛനും പത്‌നിയും എതിരഭിപ്രായം പറഞ്ഞിട്ടും 19 കൊല്ലം കൊണ്ട് നേടിയെടുത്ത ഗോവയിലെ സുരക്ഷിത ജീവിതം വെടിയാൻ മേനോൻ മടിച്ചില്ല. 1984-ൽ ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ച ദിനങ്ങളിലാണ് ബഹ്‌റൈനിലേക്ക് പുറപ്പെട്ടത്. നാട്ടിൽ വന്ന് അച്ഛനെ കണ്ട ശേഷം ബോംബേയ്ക്ക് പോകുന്ന വഴിയിലാണ് ആ കമ്പനി പൂട്ടിയെന്നതും ജോലിയില്ല എന്നതും മനസ്സിലായത്. മേനോൻ പക്ഷേ യാത്ര മുടക്കിയില്ല. രണ്ടും കൽപിച്ച് ബഹ്‌റൈനിലെത്തി. ഒരു പരിചയക്കാരന് 'ഭാര'മായി താമസം തുടങ്ങുകയും ചെയ്തു. പിന്നീട് കഷ്ടപ്പാടുകളുടെ ദിനങ്ങളായിരുന്നു. ഗോവയിലാകമാനം പേരെടുത്ത വിദ്യാഭ്യാസ വിചക്ഷണൻ എത്രയോ നാളുകൾ കാലത്ത് മുതൽ രാത്രിവരെ ജോലി തേടിയലഞ്ഞു. ഒടുവിൽ ഒരു സ്ഥാപനത്തിൽ ചെറിയൊരു ജോലി കിട്ടി.
1988-ൽ മേനോൻ സയ്യിദ് അലി ഇലക്ട്രിക്കൽസ് എന്ന കമ്പനിയിൽ ചേർന്നു. അദ്ദേഹത്തിന്റെ കർമ പാടവവും ജോലിയിലെ ഉൽസാഹവും ആത്മാർഥഥതയും ഉടമസ്ഥനായ ബഹ്‌റൈനി പൗരന് ഏറെ ഇഷ്ടമാവുകയും രണ്ട് വർഷത്തിനുള്ളിൽ അദ്ദേഹത്തെ കമ്പനി പാർട്ണറാക്കുകയും ചെയ്തു. തൊഴിലുടമയുടെ വിശ്വാസം അത്രവേഗത്തിലാണ് ഈ കഠിനാധ്വാനി ആർജിച്ചെടുത്തത്.
മേനോന്റെ മേൽനോട്ടത്തിൽ 1991-മുതൽ കമ്പനിയുടെ വിറ്റുവരവ് വർധിച്ചുകൊണ്ടുവന്നു. 1996-ൽ നാല് ലക്ഷം ദിനാറായി വരുമാനം. 2000-ത്തിൽ ഇരുപത് ലക്ഷവും 2009-ൽ മേനോന് ലക്ഷക്കണക്കിന് രൂപ വിലവരുന്ന വില്ലയും മറ്റ് കെട്ടിടങ്ങളും വാങ്ങാൻ തക്കവണ്ണമുള്ള ലാഭവുമുണ്ടായി. നാട്ടിലും സ്വത്തുക്കൾ വാങ്ങി. നാൽപത് ലക്ഷം രൂപ ചിലവ് ചെയ്ത് സഹോദരന് നാട്ടിൽ വീട് നിർമ്മിച്ച് നൽകി. സന്തുബന്ധുക്ക് കൈയയച്ച് സാമ്പത്തിക സഹായം നൽകി.
അതിനിടയിൽ മേനോൻ അമേരിക്കയിലെ വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് ഓൺലൈനായി പഠിച്ച് രണ്ട് ബിരുദങ്ങൾ കൂടി എടുത്തു. ബിടെക്, എം.എസ് എന്നിവ. തന്റെ മുമ്പുള്ള പഠന വിഷയങ്ങളിൽ അന്ന് തുലോം വ്യത്യസ്തമായ സയൻസിലായിരുന്നു ആ ഡിഗ്രികൾ. അവിടെയും നിന്നില്ല ആ വിജ്ഞാന വാഞ്ഛ. പ്രശസ്തനായ ഡോ. മക്‌മോഹന്റെ കീഴിൽ ഗവേഷണം ചെയ്ത് ഇലക്‌ട്രോണിക്‌സ് വിഷയത്തിൽ അതേ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി.
കൊടുക്കുന്ന തിടുക്കക്കൈകൾ
കമ്പനിയിൽ നിന്ന് നല്ല ലാഭം കിട്ടിത്തുടങ്ങിയ നാളുകൾ മുതൽ മേനോൻ സംഭാവനകളിലൂടെ സാമൂഹിക സേവനം ആരംഭിച്ചിരുന്നു. ഇതിനകം ഇന്ത്യയിലും വിദേശത്തുമായി ഇരുപതോളം കോടി രൂപ അദ്ദേഹം പല സംഘടനകൾക്കുമായി നൽകിക്കഴിഞ്ഞു. അതിൽ ഹിന്ദു, മുസ്‌ലിം, ക്രൈസ്തവ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളുമുണ്ട്. ~
ഒറ്റപ്പാലത്തെ ഭാരതീയ വിദ്യാഭവൻ സ്‌കൂളിന് മാത്രം ഒരു കോടിയോളം രൂപ നൽകിയിട്ടുണ്ട്. അതിന്റെ ചെയർമാൻ സ്ഥാനം കൂടി ഏറ്റടുക്കേണ്ടി വന്നതിനാൽ അത് സംബന്ധമായ വ്യയം നിരന്തരം തുടരുന്നു. പ്രളയത്തിൽ ക്ലേശിച്ച നിരവധി പേരും ഈയിടെ ആ ദയാവായ്പ് അനുഭവിച്ചുകഴിഞ്ഞു.
മേനോന്റെ കമ്പനിയുടെ റജിസ്ട്രഷൺ സുഹൃത്തും പാർട്ടണറുമായിരുന്ന ബഹ്‌റൈനി പ്രമുഖന്റെ പേരിലായിരുന്നു. ഇതിനിടെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ മകനുമായി ഒത്ത് പോകാനായില്ല. മേനോനെ ഒഴിവാക്കി കമ്പനി ആസ്തികൾ വിറ്റ് കൈമുതലാക്കണമെന്നായിരുന്നു മകന്റെ ആഗ്രഹം. നാട്ടിൽ നിന്ന് കൊണ്ടുപോയി മേനോൻ തന്നെ നിയമിച്ച ഒരു ബന്ധു ആ മകന്റെ പരിപാടിക്ക് ഒത്താശ ചെയ്തു.
2013-ൽ മേനോൻ നാട്ടിൽ വന്ന് തിരിച്ച് ചെന്നപ്പോൾ താൻ ചോരയും നീരും കൊടുത്ത് വളർത്തിയ കമ്പനി അന്യമായതായി കണ്ടു. ഓഫീസിൽ പോലും മേനോന് പ്രവേശനമില്ലായിരുന്നു. ഗോഡൗണിൽ നിന്നും സകലതും കടത്തിക്കൊണ്ട് പോയിരുന്നു. ഇലക്ട്രിക് വയറുകൾ മാത്രം രണ്ടര കോടിയുടെ സ്റ്റോക്കായിരുന്നു. സാങ്കേതികമായി ഉടമസ്ഥാവകാശം ഇല്ലാത്തത് കൊണ്ട് മേനോന് ഒരു നടപടിയും എടുക്കാൻ സാധിച്ചില്ല. എന്നിട്ടും മേനോൻ തളർന്നില്ല. കാരണം ദൈവാധീനമുണ്ടെന്ന ഉറപ്പുണ്ടായിരുന്നത് തന്നെ. വിവരമറിഞ്ഞ രാജകുടുംബാംഗം സ്വമേധയാ അദ്ദേഹത്തെ സഹായിക്കാൻ മുന്നോട്ടുവന്നു. പുതിയ കമ്പനി തുടങ്ങാൻ സാഹചര്യമൊരുക്കി. രജിസ്ട്രഷൻ പോലും മേനോന്റെ പേരിലാക്കിക്കൊടുക്കാനുള്ള വഴി കണ്ടെത്തി.
ബ്രോഡൻ കോൺട്രാക്ടിംഗ് കമ്പനി എന്ന് പേരിട്ടു. ബ്രോഡൻ എന്ന ഗ്രീക്ക് പേരിന് ഒന്നാമൻ എന്ന അർത്ഥം വരും. ചുരുങ്ങിയ നാളുകൾ കൊണ്ട് എല്ലാം ഒത്തുവന്നു. നൂറുക്കണക്കിന് വരുന്ന ജീവനക്കാരുടെ ക്വാർട്ടേഴ്‌സ് വരെ പെട്ടെന്ന് ശരിയായി. ഇന്ന് ഈ കമ്പനി പ്രശസ്തമായ രീതിയിൽ പ്രവർത്തിച്ച് വരുന്നു.
തന്റെ എല്ലാ അഭ്യുദയങ്ങൾക്കും പിന്നിൽ പത്‌നി പുഷ്പയുടെ അദൃശ്യമായ മാനസിക സ്പർശമുണ്ടെന്ന് മേനോൻ വിശ്വസിക്കുന്നു. ദീപ, ദീജ എന്നീ രണ്ടു പെൺമക്കൾ. ഇരുവരും ഉന്നത വിദ്യാഭ്യാസം നേടിയവർ. ജാമാതാക്കൾ: അരുൺ അരവിന്ദ്, അഭിലാഷ് നായർ. ഇരുവരും ഗൾഫിൽ നല്ല ഉദ്യോഗത്തിലിരിക്കുന്നു.
സിംഹരൂപമാണ് ഡോ. മേനോന്റെ ഇഷ്ടമോട്ടീഫ്. വീട്ടിലും ഓഫീസിലുമൊക്കെ സ്വർണ വർണമായ കൂറ്റൻ സിംഹപ്രതിമകൾ വെച്ചിരിക്കുന്നത് കാണാം. സിംഹത്തിന്റെ അധൃഷ്യതയും അതേ സമയം കപോതത്തിന്റെ മസൃണതയും വേണമെന്നാണ് അദ്ദേഹം പറയുന്നത്. പണ്ടാരോ പറഞ്ഞു വെച്ചിട്ടുണ്ടല്ലോ 'വജ്രദപികഠോരാനി മൃദൂനി കുസാമദപി' എന്ന്. ഈശ്വരനിലുള്ള അചഞ്ചലമായ വിശ്വാസമാണ് എക്കാലവും തനിക്ക് ശക്തിനൽകിയിട്ടുള്ളത് എന്നും അദ്ദേഹം വിശ്വസിക്കുന്നു. സ്വകുടുംബത്തിന് സാമ്പത്തികമായ ഉന്നമനം നൽകണം, സമൂഹത്തെ സേവിക്കണം എന്ന കുട്ടിക്കാലത്തെ രണ്ട് കിനാവുകളും കടൽ കടന്നെത്തിച്ചേർന്ന നാട് സാധിപ്പിച്ചിരിക്കുന്നു എന്ന കൃതാർത്ഥതയോടെ ഡോ. മേനോൻ ഇപ്പോഴും സദാ കർമ്മനിരതനായിരിക്കുന്നു.
കർമവേളയുടെ കാലദൈർഘ്യം
ഡോ. മേനോന്റെ മകളുടെ വിവാഹം നടന്ന തൃശൂർ ലുലു കൺവെൻഷൻ കേന്ദ്രത്തിൽ അതിഥികളായി നിരവധി അറബ് പ്രമുഖരും എത്തിയിരുന്നു. അവരിലൊരാളുടെ അടുത്താണ് ഈ ലേഖകൻ ഇരുന്നത്. പാശ്ചാത്യനാട്ടിലെ കോളേജിൽ പഠിച്ച അഭ്യസ്തവിദ്യനായിരുന്നു ആ ബഹ്‌റൈനി പൗരൻ. പരിചയപ്പെട്ട് സംസാര മധ്യേ ഞാൻ ഡോ.മേനോൻ രസികനും പ്രസാദവാനുമാണെന്ന് പറഞ്ഞു.
ജോളി ആന്റ് റിലാക്‌സ്ഡ് എന്ന വാക്കുകളാണ് ഉപയോഗിച്ചത്.
അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു: അതിവിടെ വരുമ്പോൾ നിങ്ങൾ കാണുന്ന മുഖമാണ്. മറ്റൊരു മുഖം കൂടിയുണ്ട് മേനോന്. ഓരോ ദിവസവും പതിനെട്ടു മണിക്കൂർ ജോലിചെയ്യുന്ന അധ്വാനത്തിന്റെ മുഖം.
*** *** ***
ഗോവയിൽ ഡോ. മേനോൻ സ്‌കൂളിലെ ടീച്ചർമാരേയും വിദ്യാർത്ഥികളേയും അഭിനേതാക്കളാക്കി നാടകങ്ങൾ സംവിധാനം ചെയ്യുകയും ചിലപ്പോൾ അഭിനയിക്കുകയും ചെയ്യുമായിരുന്നു. പുരാണനാടകങ്ങൾ പോലും ആ സംഘത്തിന് അന്യമായിരുന്നില്ല. പ്രഹ്ലാദചരിതം നാടകത്തിൽ ഡോ. മേനോൻ ഹിരണ്യകശിപുവിന്റെ വേഷമാണ് അണിഞ്ഞത്. മെഷിനറി ഉപയോഗിച്ചുള്ള പല സാങ്കേതിക അരങ്ങു വിദ്യകളും അദ്ദേഹം ഉപയോഗിച്ചു. അക്കാലത്ത് പ്രസന്റേഷൻ സ്‌കൂളിന്റെ നാടകങ്ങൾ ഗോവയിലാകമാനം കേളികേട്ടു. ടിക്കറ്റ് വെച്ച് നാടകങ്ങൾ നടത്തിയിരുന്ന ഏക സ്‌കൂൾ. എഴുപതുകളിൽ ഒരു നാടകത്തിന് വിറ്റത് മുന്ന് ലക്ഷം രൂപയുടെ ടിക്കറ്റുകളായിരുന്നു. അതിന്റെ ഇന്നത്തെ മൂല്യം എന്തായിരിക്കും എന്നോർക്കണം.
ഡോ.മേനോനെ പിടിച്ചിരുത്താൻ ഒറ്റ വഴിയേ ഉള്ളൂ. നല്ല സംഗീതക്കച്ചേരിയോ നൃത്തമോ നാടകമോ കാണിക്കുക. മുൻനിരയിലിരുന്ന് മുഴുവനും കാണാതെ അദ്ദേഹം എഴുന്നേൽക്കുകയില്ല.
(പ്രമുഖ കവിയും അഭിഭാഷകനും ഒറ്റപ്പാലം സർ സി. ശങ്കരൻനായർ കൾച്ചറൽ ട്രസ്റ്റ് ചെയർമാനുമാണ് ലേഖകൻ)