ജിദ്ദ- ഈജിപ്ഷ്യൻ യുവാവിനും ബ്രിട്ടീഷ് യുവതിക്കും സമുദ്രത്തിനടിയിൽ വിവാഹം. ചെങ്കടലിൽ ദഹബ് എന്ന പ്രദേശത്താണ് സമുദ്രത്തിനടിയിൽ വെച്ച് ഇരുവരും വിവാഹ മോതിരങ്ങൾ പരസ്പരം കൈമാറുകയും മറ്റു ചടങ്ങുകൾ പൂർത്തിയാക്കുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമ ഉപയോക്താക്കൾ പങ്കുവെച്ചു. ഈജിപ്ഷ്യൻ യുവാവ് ഹിശാം മുഹമ്മദും ബ്രിട്ടീഷ് യുവതി സോഫിയയുമാണ് സൗത്ത് സീനായിലെ ദഹബിലെ ലൈറ്റ് ഹൗസ് ഏരിയയിൽ വെള്ളത്തിനടിയിൽ വിവാഹം നടത്തിയത്.
പവിഴപ്പുറ്റുകൾക്ക് മധ്യേ ചെറിയ തോതിലുള്ള വിവാഹ വേദി മണവാളൻ സജ്ജീകരിച്ചിരുന്നു. വധൂവരന്മാരും വിവാഹ ഉദ്യോഗസ്ഥനും അതിഥികളും ഓക്‌സിജൻ സിലിണ്ടർ ധരിച്ചാണ് വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയത്. മണവാളനും വെള്ള നിറത്തിലുള്ള വിവാഹ വസ്ത്രം ധരിച്ച മണിവാട്ടിയും സമുദ്രത്തിനടിയിൽ വെച്ച് വിവാഹ മോതിരങ്ങൾ പരസ്പരം കൈമാറുകയും പാനീയങ്ങൾ കുടിക്കുകയും ഫോട്ടോകളെടുക്കുകയും ചെയ്തു. ഈ പ്രദേശത്ത് മുമ്പും സമാന രീതിയിൽ വിവാഹങ്ങൾ നടന്നിട്ടുണ്ട്. ഇതേ സ്ഥലത്തു വെച്ച് രണ്ടു വർഷം മുമ്പ് ഈജിപ്ഷ്യൻ യുവാവ് മുഹമ്മദ് അൽദീബും നൂർഹാൻ അംറ് അബൂജരീശയും വിവാഹിതരായിരുന്നു.