റിയാദ്- സൗദി അറേബ്യയുടെ 2019 വർഷത്തെ ബജറ്റ് അവലോകന റിപ്പോർട്ട് പ്രഖ്യാപനം ഇന്ന്. ധനകാര്യമന്ത്രി മുഹമ്മദ് അൽജദ്ആൻ കൂടി പങ്കെടുക്കുന്ന പത്രസമ്മേളനത്തിലാണ് അടുത്ത വർഷത്തെ ബജറ്റിനെ കുറിച്ചുള്ള പ്രാഥമിക വിവരണം പുറത്തുവിടുക. ഒരു ട്രില്യണിലേറെ റിയാൽ (ഒരു ലക്ഷം കോടി റിയാൽ) വരുന്ന ഭീമമായ ചെലവാണ് ബജറ്റിൽ വകയിരുത്തുക എന്ന് സൗദി നാഷണൽ കൊമേഴ്‌സ്യൽ ബാങ്ക് തയാറാക്കിയ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു. സൗദിയുടെ ചരിത്രത്തിൽ ആദ്യമായാണ് ചെലവ് ഒരു ട്രില്യൺ റിയാലിന് മീതെ കടക്കുന്നത്. നിയോം, ചെങ്കടൽ പദ്ധതി, അമാലാ തുടങ്ങി രാജ്യത്ത് നടപ്പിലാക്കുന്ന വൻകിട പ്രൊജക്ടുകളാണ് ചെലവ് കുത്തനെ വർധിക്കാനുള്ള പ്രധാന കാരണം. അടുത്ത വർഷം ആദ്യപകുതിയിൽ പ്രതീക്ഷിക്കുന്ന വരുമാനം 439 ബില്യൺ റിയാലും ചെലവ് 481 ബില്യൺ റിയാലുമാണ്. അഥവാ ആദ്യത്തെ ആറു മാസത്തിൽ 41 ബില്യൺ റിയാൽ കമ്മിയായിരിക്കും. 273 ബില്യൺ റിയാലാണ് 2019 ന്റെ രണ്ടാം പകുതിയിൽ പ്രതീക്ഷിക്കുന്ന വരുമാനം. മൂന്ന് മാസം കൂടി ശേഷിക്കേ നടപ്പുവർഷത്തിൽ ചെലവ് 978 ബില്യൺ റിയാലും കമ്മി 195 ബില്യൺ റിയാലുമാണ്.