Sorry, you need to enable JavaScript to visit this website.

ദേശാഭിമാനി ജീവനക്കാരന്റെ കൊലപാതകം:  ഭാര്യക്കും കാമുകനും ജീവപര്യന്തം തടവ്

കൊച്ചി- ദേശാഭിമാനി ജീവനക്കാരൻ പി.കെ.മോഹൻദാസിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യക്കും കാമുകനും പറവൂർ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. വല്ലാർപാടം കണ്ടൈനർ റോഡിൽ വെച്ച് 2012 ഡിസംബർ രണ്ടിന് ദേശാഭിമാനി ജീവനക്കാരൻ മോഹൻദാസിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സീമ (34), കാമുകൻ ഗിരീഷ് (31) എന്നിവർക്ക് ശിക്ഷ വിധിച്ചത്. സീമ 10,000 രൂപയും ഗിരീഷ് 50,000 രൂപയും പിഴയൊടുക്കണം. 
എറണാകുളം പെന്റ മേനകയിലെ അടുത്തടുത്ത സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും. ആറു വർഷമായി ഗിരീഷും സീമയും തമ്മിൽ പ്രണയത്തിലായിരുന്നു. മാസത്തിലൊരിക്കൽ പകൽ സമയത്ത് ഗുരുവായൂരിൽ ഇവർ ഒത്തു കൂടാറുണ്ട്. ഇതിനിടയിലാണ് ഒരുമിച്ചു ജീവിക്കുവാനായി മോഹൻ ദാസിനെ കൊലപ്പെടുത്തുവാനുള്ള പദ്ധതി തയാറാക്കിയത്.  കൊലപാതകം നടന്ന ഡിസംബർ 2 നു രാത്രി ദേശാഭിമാനിയിൽ പോകാനിറങ്ങിയ മോഹൻദാസിനോട് അമൃത ഹോസ്പിറ്റലിൽ ഉള്ള ഒരു ബന്ധുവിനെ കാണാനായി ഗിരീഷ് പാതാളം ജംഗ്ഷനിൽ നിൽക്കുന്നുണ്ടെന്നും അയാളെ അടുത്തൊരിടത്ത് എത്തിക്കണമെന്നും സീമ അറിയിച്ചു. മോഹൻദാസ്, ഗിരീഷ് നിന്നിടത്തെത്തി അയാളുമായി ബൈക്കിൽ യാത്ര തുടർന്നു. കണ്ടൈനർ റോഡിലെ വിജനമായ സ്ഥലത്ത് എത്തിയപ്പോൾ ഷർട്ടിൽ എന്തോ അഴുക്കു പറ്റിയതായി പറഞ്ഞ് ഗിരീഷ് ബൈക്ക് നിർത്തിച്ചു. തുടർന്ന് നേരത്തെ കരുതിയിരുന്ന ക്ലോറോഫോം ബലംപ്രയോഗിച്ച് മണപ്പിച്ച് ബോധം കെടുത്തുവാൻ ശ്രമിച്ചെങ്കിലും മോഹൻദാസ് കുതറിയോടി. അതോടെ ഗിരീഷ് വിദേശ നിർമിത കത്തി ഉപയോഗിച്ച് മോഹൻദാസിന്റെ കഴുത്തിൽ കുത്തുകയായിരുന്നു. സംഭവശേഷം ഗിരീഷ് മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് ബൈക്കെടുത്തു പോയി. 
ബൈക്ക് അപകടത്തിലാണ് മോഹൻദാസ് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ കഴുത്തിൽ ആഴത്തിലേറ്റ മുറിലൂടെ രക്തം വാർന്നാണ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ മനസ്സിലാകുകയായിരുന്നു. തുടർന്ന് മോഹൻദാസിന്റെയും അയാളുമായി അടുപ്പമുള്ളവരുടേയും മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുവാൻ ആരംഭിച്ചു. കൊലക്ക് മുമ്പും പിൻപും ഉള്ള ദിവസങ്ങളിൽ സീമയും ഗിരീഷും തമ്മിൽ ദീർഘമായി സംസാരിച്ചതായി കണ്ടെത്തി. ഇതിനിടയിൽ താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ കേസായതോടെ ഗിരീഷ് കുറ്റസമ്മതം നടത്തുവാനായി തൃക്കാക്കര അസി. കമ്മീഷണർ ബിജോ അലക്‌സാണ്ടറെ സമീപിച്ചു. കൊലപാതകത്തിൽ നടക്കുന്ന അന്വേഷണം തന്ത്രപൂർവം തന്നിൽ നിന്നും തിരിച്ചു വിടുവാനുള്ള ഉപായമായാണ് ഗിരീഷ് ഇപ്രകാരം ചെയ്തത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ മോഹൻദാസിന്റെ കൊലപാതകവും സീമയുമായി തനിക്കുള്ള ബന്ധവും ഇയാൾ തുറന്നു പറഞ്ഞു. കൊല നടത്തുവാൻ ഉപയോഗിച്ച കത്തി സംഭവസ്ഥലത്തിനു സമീപത്തു നിന്നും കണ്ടെടുത്തു. തുടർന്ന് സീമയെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
---
 

Latest News