ജിദ്ദ- കെട്ടിട ഉടമയുടെ സമ്മര്‍ദത്തിനു വഴങ്ങി ആണ്‍കുട്ടികളുടെ വിഭാഗം സ്‌കൂള്‍ കെട്ടിടത്തിന്റെ വാടക അമിതമായി കൂട്ടാന്‍ അനുമതി നല്‍കരുതെന്ന് ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് ഫോറം (ഇസ്പാഫ്) ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിനനുഗുണമായ വിധത്തിലുള്ള വര്‍ധനയല്ല കെട്ടിട ഉടമ ആവശ്യപ്പെടുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതേ കെട്ടിടത്തിന് കെട്ടിട ഉടമക്ക് കോടതി ഉത്തരവ് പ്രകാരം ഭീമമായ സംഖ്യ സ്‌കൂള്‍ നല്‍കിക്കഴിഞ്ഞു. ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി സ്‌കൂളിന് അധിക ബാധ്യതകള്‍ വരുംവിധത്തിലുള്ള സമ്മര്‍ദങ്ങള്‍ ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നും ചര്‍ച്ചകളിലൂടെ ഇതിന് പരിഹാരം കാണമെന്നും ഇസ്പാഫ് ആവശ്യപ്പെട്ടു.
നാട്ടിലേക്കു മടങ്ങുന്ന പ്രവാസി കുടുംബങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇതേത്തുടര്‍ന്ന് സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുകയുമാണ്. വരും വര്‍ഷങ്ങളില്‍ ഇതു കൂടാനാണ് സാധ്യത. ഇത്തരമൊരു സാഹചര്യത്തില്‍ ദീര്‍ഘ കാലത്തേക്ക് അധിക സാമ്പത്തിക ബാധ്യതകള്‍ വരുത്തിവെക്കുന്നത് സ്‌കൂളിന് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നതിനും രക്ഷിതാക്കള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമുള്ള സാമ്പത്തിക ബാധ്യതകള്‍ക്ക് ഇടവരുത്തുമെന്നും ഇസ്പാഫ് ചൂണ്ടിക്കാട്ടി. കെട്ടിട വാടക എല്ലായിടത്തും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് നിലവിലെ മാര്‍ക്കറ്റിന് അനുസരിച്ചുവേണം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍. പരിഹാരമെന്ന നിലയില്‍ പെണ്‍കുട്ടികളുടെ സ്‌കൂള്‍ കെട്ടിടത്തിലേക്ക് ആണ്‍കുട്ടികളുടെ സ്‌കൂള്‍ കൂടി മാറ്റി ഷിഫ്റ്റ് ഏര്‍പ്പെടുത്താനുള്ള നീക്കം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും ഇസ്പാഫ് ചൂണ്ടിക്കാട്ടി. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി പിരിച്ചുവിട്ടത് പുനഃപരിശോധിക്കണമെന്ന് ഇന്ത്യന്‍ എംബസിയോട് നേരത്തെ തന്നെ ഇസ്പാഫ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാകണം. മാനേജിംഗ് കമ്മിറ്റിയും പ്രിന്‍സിപ്പലും ഇല്ലാത്ത അവസ്ഥയില്‍ സ്‌കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്. സ്‌കൂള്‍ ഭരണ നിര്‍വഹണം, സ്റ്റാഫ്, മെയിന്റനന്‍സ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ നിത്യേനയെടുക്കേണ്ട തീരുമാനങ്ങള്‍ മാനേജിംഗ് കമ്മിറ്റിയുടെ അഭാവത്തില്‍ ഉന്നതാധികൃതരുടെ അനുമതിക്ക് കാത്തു കിടക്കുന്നതു വഴി ഒട്ടേറെ പ്രശ്‌നങ്ങളാണ് സ്‌കൂള്‍ നേരിടുന്നതെന്നും ഇക്കാര്യവും അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കണമെന്നും എത്രയും വേഗം പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കണമെന്നും ഇസ്പാഫ് ആവശ്യപ്പെട്ടു.