തിരുവനന്തപുരം- ബ്രൂവറി വിവാദത്തിൽ കേരള സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്ക്. വിഷയത്തിൽ എക്‌സൈസ് വകുപ്പിന്റെ നിലപാട് മന്ത്രിമാർ തന്നെ തള്ളിയതോടെ വിവാദത്തിന് പുതിയ തലം കൈവന്നു. ബ്രൂവറി ആരംഭിക്കാനായി കൊച്ചി കിൻഫ്ര പാർക്കിൽ ഭൂമി അനുവദിച്ചിട്ടില്ലെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജൻ പ്രതികരിച്ചു. അനുവദിക്കാത്ത ഭൂമിയുടെ പേരിലാണ് ഇപ്പോൾ വിവാദമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യവസായം തുടങ്ങാൻ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നൽകുന്നതിനുള്ള സംവിധാനമാണ് കിൻഫ്ര. അതനുസരിച്ച് ഏതൊരാൾക്കും വ്യവസായം തുടങ്ങാൻ അനുയോജ്യമായ ഭൂമിയുണ്ടോയെന്ന് ക്രിൻഫ്രയിൽ അന്വേഷിക്കാം. ആര് ആവശ്യപ്പെട്ടാലും സ്ഥലം ലഭ്യമാണെങ്കിൽ കിൻഫ്ര അക്കാര്യം അറിയിക്കും. വ്യവസായം തുടങ്ങാനുള്ള ലൈസൻസ് ലഭ്യമായവർക്ക് മറ്റ് നടപടി ക്രമങ്ങളും മറ്റും അനുസരിച്ച് ഭൂമി നൽകുകയും ചെയ്യുകയാണ് നടന്നു വരുന്നത്. എന്നാൽ ബ്രൂവറി തുടങ്ങാൻ പവർ ഇൻഫ്രാടെക്കിന് പത്തേക്കർ ഭൂമി അനുവദിച്ചു എന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ബ്രൂവെറിക്കായി അനുമതി നൽകുമ്പോൾ സ്ഥലം പരിശോധിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ് ണൻ പറഞ്ഞു. ലൈസൻസ് നൽകാനുള്ള തീരുമാനം മാത്രമാണ് എടുത്തത്. ഇതുവരെ ഒരു കമ്പനിക്കും ലൈസൻസ് നൽകിയിട്ടില്ല. ഇപ്പോൾ നടന്നത് പ്രാഥമിക നടപടികൾ മാത്രമെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ബ്രൂവറി തുടങ്ങാൻ പവർ ഇൻഫ്രാടെക്കിന് കിൻഫ്ര പാർക്കിൽ ഭൂമി നൽകിയിട്ടി ല്ലെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയതോടെ ഇല്ലാത്ത ഭൂമിയുടെ പേരിൽ എങ്ങനെ ബ്രൂവറി അനുവദിക്കാൻ ഉത്തരവിറക്കി എന്ന ചോദ്യമാണ് ഉയരുന്നത്. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് സംസ്ഥാനത്ത് പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും നിർമ്മിക്കാൻ അനുമതി നൽകിയതെന്ന പ്രതിപക്ഷ ആരോപണങ്ങളെ ശരിവെക്കും വിധമാണ് കാര്യങ്ങളുടെ പോക്ക്. ഇതോടെ മാനദണ്ഡങ്ങൾ പാലിക്കാതെ ഭൂമി പോലും ഇല്ലാത്ത സ്ഥാപനത്തിന് ബ്രൂവറി ലൈസൻസ് നൽകിയെന്ന ആരോപണമാണ് എക്‌സൈസ് വകുപ്പ് നേരിടുന്നത്. ബ്രൂവറിക്കായി പലയിടത്തും ഭൂമി നൽകിയെന്ന നാല് ഉത്തരവുകളാണ് സർക്കാർ പുറത്തിറക്കിയത്. പവർ ഇൻഫ്രാടെക് എന്ന കമ്പനിക്ക് എറണാകുളത്ത് കിൻഫ്രാ പാർക്കിൽ 10 ഏക്കർ നൽകിയെന്നായിരുന്നു ഉത്തരവിൽ പറഞ്ഞത്. എന്നാൽ കിൻഫ്രാ പാർ ക്കിൽ ഇങ്ങനെയൊരു 10 ഏക്കർ അനുവദിച്ചിട്ടില്ല. എറണാകുളത്തോ സമീപ ജി ല്ലകളിലോ 10 ഏക്കർ കൊടുക്കാനുള്ള ഭൂമി കിൻഫ്രയുടെ കയ്യിലില്ലെന്നുള്ളതാ ണ് വസ്തുത.
പുതിയതായി ബ്രൂവറികൾ അനുവദിച്ചതിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എക്‌സൈസ് മന്ത്രിയോട് പത്തു ചോദ്യങ്ങൾ ചോദിച്ച് ചെന്നിത്തല കത്ത് നൽകി. കാക്കനാട് കിൻഫ്രാ പാർക്കിൽ പത്ത് ഏക്കർ അനുവദിച്ചത് എന്തിനാണെന്നാണ് ഉയർത്തുന്ന പ്രധാന ചോദ്യം. ഈ ഉത്തരവ് പുറത്തു വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കുന്നത് പരിഗണിക്കുമെന്നും ചെന്നിത്തല പറയുന്നു. പ്രളയത്തിന്റെ മറവിൽ സംസ്ഥാനത്തു പുതിയതായി ഒരു ഡിസ്റ്റിലറിയും മൂന്നു ബ്രൂവറികളും അനുവദിച്ചതിൽ കോടികളുടെ അഴിമതിയുണ്ടെന്നാണ് ആരോപണം. മന്ത്രിസഭാ യോഗത്തിലോ ഇടതു മുന്നണിയിലോ നയപ്രഖ്യാപന പ്രസംഗത്തിലോ ബജറ്റ് പ്രസംഗത്തിലോ, മദ്യനയത്തിലോ പറയാതെ അതീവ രഹസ്യമായാണ് ഇവ അനുവദിച്ചത്.