Sorry, you need to enable JavaScript to visit this website.

കേന്ദ്ര സർവകലാശാലയിൽ മെഡിക്കൽ കോളേജ്  വരുന്നത് അട്ടിമറിക്കാൻ ശ്രമമെന്ന് അധികൃതർ

കാസർകോട്- സമരം ചെയ്യുന്ന അധ്യാപകരെയും വിദ്യാർഥികളെയും സംഘടനകളെയും തള്ളി കേന്ദ്ര സർവകലാശാല അധികൃതർ രംഗത്തെത്തി. 
കേരള-കേന്ദ്ര സർവകലാശാലക്കെതിരെ നൽകുന്ന നിരന്തരമായ വ്യാജപരാതികൾ  സർവകലാശാലക്ക് ബോധപൂർവ്വം ദുഷ്‌പേരുണ്ടാക്കുന്നതിനും കേന്ദ്ര മെഡിക്കൽ കോളേജ് വരുന്നതിന് തുരങ്കം വെക്കാനുമാണെന്ന് പറയുകയാണ് അധികൃതർ.  
2014 ൽ ഇപ്പോഴത്തെ വൈസ് ചാൻസലർ ഡോ. ഗോപകുമാർ ചുമതലയേറ്റതോടെയാണ് സർവകലാശാലയുടെ അഭൂതപൂർവമായ പുരോഗതിക്ക് തുടക്കം കുറിച്ചതെന്നും കേന്ദ്രസർവകലാശാല അധികൃതർ അവകാശപ്പെടുന്നു. കേന്ദ്രസർക്കാരിൽനിന്നു ആദ്യഗഡുവായി ലഭിച്ച 265 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞത് വൈസ് ചാൻസലർ ഡോ. ഗോപകുമാറിന്റെ അക്ഷീണ യത്‌നത്തിന്റെ ഫലമായാണെന്നും പെരിയ തേജസ്വിനി ഹിൽസിൽ ഏറ്റെടുത്ത സ്ഥലത്ത് ആധുനിക സംവിധങ്ങളോടു കൂടിയതും ലോക നിലവാരമുള്ളതുമായ ക്യാമ്പസ് പ്രവർത്തന സജ്ജമാവുകയും വിവിധ വകുപ്പുകളും ഹോസ്റ്റലുകളും ഭരണ നിർവ്വഹണ കാര്യാലയങ്ങളും ഇക്കാലയളവിൽ ആരംഭിക്കുകയും ചെയ്തതായും പ്രസ്താവനയിൽ പറഞ്ഞു. 
വികസന പ്രവർത്തനങ്ങളുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളിൽ യാതൊരുവിധ അഴിമതിയും കണ്ടെത്താൻ സർവകലാശാലയുടെ വളർച്ചയും യശസ്സും തകർക്കുവാൻ കച്ചകെട്ടിയിറങ്ങിയ ഗൂഢശക്തികൾക്കു സാധിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥികളുടെ സൗകര്യാർഥം മൂന്നു ഹോസ്റ്റലുകളുടെ നിർമാണം പൂർത്തിയാക്കുവാൻ സർവകലാശാലക്ക് കഴിഞ്ഞിട്ടുണ്ട്. 50 ശതമാനം വിദ്യാർഥികൾക്ക് ഇതിലൂടെ താമസസൗകര്യമൊരുക്കുവാൻ കഴിഞ്ഞതായും മൂന്ന് പുതിയ ഹോസ്റ്റലുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും ദ്രുതഗതിയിൽ നടന്നു വരുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. 
85 ശതമാനം അധ്യാപക നിയമനങ്ങൾ യു.ജി.സി നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടാണ് ഇതിനോടകം പൂർത്തിയാക്കിയിട്ടുള്ളത്. ഇതിന് ജനപ്രതിനിധികളും സർവകലാശാലയുടെ അഭ്യുദയകാംക്ഷികളും അകമഴിഞ്ഞ പിന്തുണയും നൽകിയിട്ടുണ്ട്. എൻ.എ.സി.സി തുടങ്ങിയ ദേശീയസമിതികളിൽനിന്ന് ഉന്നതമായ അംഗീകാരവും സർവകലാശാലക്കു ലഭിച്ചു. 
രാജ്യത്തെ ഉന്നത നിലവാരമുള്ള സ്ഥാപനങ്ങളുടെ ആദ്യ നിരയിലേക്കുയരുവാൻ കേരളകേന്ദ്ര സർവകലാശാലക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ സർവ്വകലാശാലയുടെ യശസ്സുയരുന്നതിനു തടയിടുക എന്ന ലക്ഷ്യത്തോടെ ചിലർ വസ്തുതാവിരുദ്ധമായ വാർത്തകൾ നൽകുകയും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കയുമാണിപ്പോൾ ചെയ്യുന്നതെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു. 
സർവ്വകലാശാലക്കെതിരെ 'അഴിമതി, ദുർഭരണം, കെടുകാര്യസ്ഥത, ദളിത് പീഡനം, വർഗീയവത്കരണം' എന്നീ ഓമനപ്പേരുകൾ പറഞ്ഞ് സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്നതിന് പിന്നിൽ അധ്യാപകർ തന്നെയെന്നും ആരോപിക്കുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയല്ലാതെ ക്രമവിരുദ്ധമായി യാതൊന്നും ചെയ്തു എന്ന് നാളിതുവരെ നിയമപരമായി തെളിയിക്കുവാൻ ആരോപണങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്നവർക്കു കഴിഞ്ഞിട്ടില്ലെന്നും അന്താരാഷ്ട്ര തലത്തിൽതന്നെ അറിയപ്പെടുന്ന ചില മഹദ്‌വ്യക്തികളെപ്പോലും തെറ്റിദ്ധരിപ്പിച്ച് സർവകലാശാലക്കെതിരെ പ്രസ്താവനകളിറക്കുവാൻ ഇവർ ശ്രമിക്കുന്നുണ്ടെന്നും ആരോപിക്കുന്നു. സർവകലാശാലയുടെ അസൂയാവഹമായ പുരോഗതിക്ക് തടയിടുകയും അതിന്റെ വളർച്ചയിലൂടെ കാസർകോടിന്റെ വികസന സ്വപ്‌നങ്ങളുടെ സാക്ഷാത്കാരമായ മെഡിക്കൽകേളേജിന്റെ പ്രവർത്തനം തുടങ്ങുന്നതിനനുകൂലമായ അവസ്ഥകൾ അട്ടിമറിക്കുകയാണ് ലക്ഷ്യം 
സർവ്വകലാശാല സന്ദർശിച്ച ഇന്ത്യൻ വൈസ് പ്രസിഡന്റിന്റെ പ്രത്യേക താൽപര്യ പ്രകാരം മെഡിക്കൽ കോളേജ് സമാരംഭിക്കുവാനനുകൂലമായ സാഹചര്യത്തെയും സാധ്യതകളെയുമാണ് തുരങ്കം വെക്കുന്നതെന്നും മീഡിയ റിലേഷൻസ് ഓഫീസറുടെ പേരിലിറക്കിയ സെൻട്രൽ യൂണിവേഴ്‌സിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു.

Latest News