മക്ക- വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് രണ്ടാഴ്ചക്കിടെ 1,65,989 വിസകൾ അനുവദിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. മുഹറം ഒന്നു (സെപ്റ്റംബർ 11) മുതൽ മുഹറം 17 (സെപ്റ്റംബർ 27) വരെയുള്ള കാലത്താണ് ഇത്രയും ഉംറ വിസകൾ അനുവദിച്ചത്. ഇക്കാലയളവിൽ 37,727 തീർഥാടകർ പുണ്യഭൂമിയിലെത്തി. നിലവിൽ 36,353 തീർഥാടകർ പുണ്യഭൂമിയിലുണ്ട്. ഇക്കൂട്ടത്തിൽ 27,990 പേർ മക്കയിലും 8,363 പേർ മദീനയിലുമാണ്. 1,374 പേർ ഉംറ കർമം പൂർത്തിയാക്കി സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി.
ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ച ശേഷം പുണ്യഭൂമിയിൽ എത്തിയ തീർഥാടകരിൽ 34,724 പേർ വിമാന മാർഗവും 3,003 പേർ കര മാർഗവുമാണ് രാജ്യത്ത് പ്രവേശിച്ചത്. കപ്പൽ മാർഗം ഈ വർഷം ഇതുവരെ തീർഥാടകർ ആരും എത്തിയിട്ടില്ല. ഏറ്റവും കൂടുതൽ ഉംറ തീർഥാടകർ എത്തിയത് പാക്കിസ്ഥാനിൽ നിന്നാണ്. ഇവിടെ നിന്ന് 19,133 തീർഥാടകർ എത്തി. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്ന് 9,609 തീർഥാടകരും ഇന്തോനേഷ്യയിൽ നിന്ന് 1,277 തീർഥാടകരും ശ്രീലങ്കയിൽ നിന്ന് 1,270 തീർഥാടകരും ജോർദാനിൽ നിന്ന് 1,178 തീർഥാടകരും എത്തിയതായും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.