തിരുവന്തപുരം- രാത്രികാലങ്ങളില്‍ മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാനിറങ്ങിയ വഞ്ചിയൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ ഡി.ഐ.ജി ആയ മുതിര്‍ന്ന ഐ.പി.എസ് ഓഫീസറെ വാഹനം തടഞ്ഞ് ബ്രീത്ത് അനലൈസറില്‍ ഊതിച്ചു. മദ്യപിച്ചാണോ വാഹനമോടിക്കുന്നത് എന്നത് പരിശോധിക്കുന്ന ഉപകരമാണിത്. ഇതുപയോഗിച്ച് ഉതിക്കുക പതിവാണ്. എന്നാല്‍ തങ്ങള്‍ തടഞ്ഞു നിര്‍ത്തിയത് ഡി.ഐ.ജി ഷെഫിന്‍ മുഹമ്മദ് ഐ.പി.എസ് ആണെന്നെന്ന് വഞ്ചിയൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയകുമാര്‍, അജിത് കുമാര്‍, അനില്‍ കുമാര്‍ എന്നിവര്‍ക്ക് അറിയില്ലായിരുന്നു. വിനയത്തോടെ തങ്ങളുടെ ഡ്യൂട്ടി നിര്‍വഹിച്ച് പോലീസുകാര്‍ക്ക് ഡി.ഐ.ജി 500 രൂപ വീതവും ഗുഡ് സര്‍വീസ് എന്‍ട്രിയും പാരിതോഷികമായി പ്രഖ്യാപിച്ച് പ്രത്യേക ഉത്തരവിരക്കി.
ഓഗസ്റ്റ് 26ന് അര്‍ധരാത്രി തിരുവനന്തപുരം നഗരത്തിലെ തകരപ്പറമ്പ് ജങ്ഷനില്‍ വച്ചാണ് സ്വകാര്യ കാറിലെത്തിയ ഡി.ഐ.ജിയെ തടഞ്ഞ് മദ്യപാന പരിശോധന നടത്തിയത്. മുതിര്‍ന്ന ഓഫീസറാണെന്ന് തിരിച്ചറിയാതെയാണ് ഇവര്‍ കാര്‍ തടഞ്ഞത്. ജോലിയില്‍ ഇവര്‍ കാണിച്ച ആത്മാര്‍ത്ഥതയും വിനയപൂര്‍വമുള്ള പെരുമാറ്റവുമാണ് ഡി.ഐ.ജിയുടെ അഭിനന്ദനം നേടിക്കൊടുത്ത്. പാരിതോഷികം പ്രഖ്യാപിച്ചുള്ള ഉത്തരവില്‍ ഡി.ഐ.ജി ഷെഫിന്‍ മുഹമ്മദ് ഇക്കാര്യം എടുത്തു പറയുകയും ചെയ്തു.