മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാവില്ല
തൃശൂർ - പി.കെ.ശശി എം.എൽ.എക്കെതിരെയുള്ള പീഡന പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ്. ഇക്കാര്യം വിശദീകരിച്ച് തൃശൂർ റെയ്ഞ്ച് ഐ.ജി എം.ആർ.അജിത്കുമാർ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോർട്ടു നൽകി. പെൺകുട്ടികളോ ബന്ധുക്കളോ പീഡനം സംബന്ധിച്ച് പരാതിയോ മൊഴിയോ നൽകിയിട്ടില്ലെന്നും പെൺകുട്ടിയെ നേരിൽ കണ്ടു ചോദിച്ചിട്ടും പരാതി ഉന്നയിച്ചില്ലെന്നും പെൺകുട്ടിക്ക് പരാതിയില്ലെങ്കിൽ കേസെടുക്കാനാവില്ലെന്നാണ് വിദഗ്ധ നിയമോപദേശം ലഭിച്ചതെന്നും ഐജി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതികളെന്നും ഐ.ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പെൺകുട്ടി നിയമനടപടിക്ക് പരാതി നൽകിയിട്ടില്ലെന്നും പാർട്ടി നടപടി ആവശ്യപ്പെട്ടാണ് പാർട്ടിക്ക് പരാതി നൽകിയതെന്നും ഡി.വൈ.എഫ്.ഐ നേതാവും എം.എൽ.എയുമായ എം.സ്വരാജ് വ്യക്തമാക്കിയിരുന്നു. ചില സംഘടനകളും വ്യക്തികളും പീഡനം സംബന്ധിച്ച മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. തുടർന്നാണ് ഇത് തൃശൂർ റേഞ്ച് ഐ.ജിക്ക് കൈമാറിയത്. പാലക്കാട് എസ്.പിയുടെ നേതൃത്വത്തിലാണ് തൃശൂർ റേഞ്ച് ഐ.ജി ഈ പരാതികളിൻമേൽ പ്രാഥമിക പരിശോധന നടത്തിയത്. എന്നാൽ പരാതികളിൽ വ്യക്തതയില്ലെന്ന് മനസിലായതിനെ തുടർന്ന് പെൺകുട്ടിയെ നേരിൽ കണ്ട് സംസാരിച്ചെങ്കിലും പോലീസിൽ പരാതി നൽകാൻ തയ്യാറായില്ലെന്നും ഈ സാഹചര്യത്തിൽ കേസ് രജിസ്റ്റർ ചെയ്ത് മുന്നോട്ടുപോയാൽ കേസ് നിലനിൽക്കില്ലെന്നും ഐ.ജി നൽകിയ റിപ്പോർട്ടിൽ പറയുന്നു. പീഡനം സംബന്ധിച്ച് മൂന്നാമതൊരാൾ ചൂണ്ടിക്കാട്ടി പരാതി തന്നാൽ അത് സ്വീകരിച്ച് കേസെടുക്കാൻ നിയമതടസമുണ്ടെന്നാണ് വിദഗ്ധർ പറഞ്ഞതത്രെ.
പെൺകുട്ടിയുടെ പരാതി സംബന്ധിച്ച് പാർട്ടി നിയോഗിച്ച സമിതിയുടെ അന്വേഷണം അവസാനഘട്ടത്തിലാണ്. സി.പി.എം സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രി എ.കെ.ബാലനും മുൻ മന്ത്രി പി.കെ.ശ്രീമതിയുമാണ് പി.കെ.ശശി എം.എൽ.എക്കെതിരെ ഡി.വൈ.എഫ്.ഐയിലെ പെൺകുട്ടി നൽകിയ പീഡനപരാതിയെക്കുറിച്ച് പാർട്ടിതല അന്വേഷണം നടത്തുന്നത്.