ദുബായ്- സ്വദേശികളായാലും വിദേശികളായും ടൂറിസ്റ്റുകളായാലും ദുബായില്‍ അല്‍പ്പ വസ്ത്രമോ മാന്യമല്ലാത്ത രീതിയിലോ വസ്ത്രം ധരിച്ചു പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയാല്‍ മൂന്ന് വര്‍ഷം വരെ തടവും നാടുകടത്തലും ശിക്ഷയായി ലഭിക്കുമെന്ന് നിയമ വിദഗ്ധരുടെ മുന്നറിയിപ്പ്.
മാന്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിച്ച് ദുബയ് മാളിലെത്തിയ ഒരു സ്ത്രീയെ കുരുക്കിലാക്കിയ അനുഭവം പറയുന്ന അറബ് വനിതയുടെ ഒരു വീഡിയോ ഈയിടെ ട്വിറ്ററില്‍ വൈറലായിരുന്നു. അല്‍പ്പം വസ്ത്രം ധരിച്ച് സ്ത്രീയെ മാളിലെ സെക്യുരിറ്റി വിഭാഗത്തിലെത്തിച്ച സംഭവമാണ് യുവതി വീഡിയോയില്‍ വിശദീകരിച്ചത്. ഈ സ്ത്രീക്ക് പിന്നീട് സെക്യൂരിറ്റി ശരീരം മറക്കാന്‍ അബായ നല്‍കുകയും ചെയ്തു. വീഡിയോയുമായി രംഗത്തെത്തിയ അറബ് യുവതിയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. സ്വദേശികളും വിദേശികളും യുഎഇ സംസ്‌കാരത്തെ മാനിക്കണമെന്നായിരുന്നു ഇവരുടെ അഭിപ്രായം. ഏതു രീതിയില്‍ വസ്ത്രം ധരിച്ചാലും പ്രശ്‌നമില്ലെന്നും പലരും അഭിപ്രായം രേഖപ്പെടുത്തി.
അതേസമയം യുഎഇയില്‍ വസ്ത്രധാരണം നിയന്ത്രിക്കുന്ന നിയമങ്ങളും പിഴകളും നിലവിലില്ലെന്നതാണ് വസ്തുത. എന്നാല്‍ രാജ്യത്തിന്റെ ഫെഡറല്‍ പീനല്‍ കോഡ് അനുസരിച്ചായിരിക്കും ഇത്തരക്കാരെ പിടികൂടുക. മാന്യമല്ലാത്ത പ്രവര്‍ത്തികള്‍, അല്ലെങ്കില്‍ പൊതു ധാര്‍മ്മികതയ്ക്ക് എതിരാണെന്ന് പരിഗണിക്കാവുന്ന രീതിയിലുള്ള സ്ത്രീ, പുരുഷന്മാരുടെ ഏതു പ്രവര്‍ത്തിക്കും ആറു മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും നാടുകടത്തലുമാണ് പിഴ എന്നാണ് പീനല്‍ കോഡ് അനുശാസിക്കുന്നത്.
ദുബായിലെ എല്ലാ മാളുകളിലും മാന്യമായി വ്‌സ്ത്രം ധരിക്കാന്‍ സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സര്‍ക്കാര്‍ വെബ്‌സൈറ്റിലും സന്ദര്‍ശകര്‍ക്ക് ഈ മുന്നറിയിപ്പ് നല്‍കുന്നു. സ്ത്രീയും പുരുഷനും മുതുകും കൈകാലുകളും മറയുന്ന രീതിയിലുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. വസ്ത്രധാരണം സംബന്ധിച്ച് സ്ത്രീക്കും പുരുഷനും ഒരേ നിയമമാണ്.