ചേർത്തല- ആലപ്പുഴ തണ്ണീർമുക്കത്ത്‌നിന്ന് കാണാതായ ഇംഗ്ലീഷ് മീഡിയം അധ്യാപികയെയും പത്താം ക്ലാസ് വിദ്യാർഥിയെയും ചെന്നൈയിൽനിന്ന് കണ്ടെത്തി. മൊബൈൽ ഫോൺ പിന്തുടർന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്. തണ്ണീർമുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപിക ചേർത്തല ഗിരിജാലയത്തിൽ ഡെറോണി തമ്പിയും എന്ന മിനി(41)യും ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയുമാണ് ഒന്നിച്ച് നാടുവിട്ടത്. മിനിക്ക് പിന്നീട് ജാമ്യം ലഭിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് യുവതിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. അധ്യാപിക നേരത്തെ വിദ്യാർഥിക്ക് മൊബൈൽ ഫോണും ഷർട്ടുമെല്ലാം വാങ്ങിച്ചുനൽകിയിരുന്നു. ഇത് കുട്ടിയുടെ രക്ഷിതാക്കൾ ചോദ്യം ചെയ്‌തെങ്കിലും ഗുരുശിഷ്യ ബന്ധം മാത്രമാണ് തങ്ങൾക്കിടയിൽ എന്നായിരുന്നു അധ്യാപിക പറഞ്ഞത്. തുടർന്ന് വീട്ടിലെത്തിയ അധ്യാപികയെ ബസ് സ്റ്റോപ്പിലേക്ക് യാത്രയയക്കാൻ പോയ വിദ്യാർഥിയെ പിന്നീട് കാണാതായി. ഇരുവരും പിന്നീട് ചേർത്തല വഴി തിരുവനന്തപുരത്തേക്കും അവിടെനിന്ന് ചെന്നൈയിലേക്കും പോകുകയായിരുന്നു. സ്വർണപാദസരം വിറ്റ് 59,000 രൂപ സമാഹരിച്ച ടീച്ചർ ചെന്നൈയിൽ വീട് വാടകക്കെടുക്കാൻ 40,000 രൂപയും നൽകി. ഇരുവരും ചെന്നൈയിൽ താമസിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പതിനായിരം രൂപ ചെന്നൈയിലെ സ്വകാര്യഹോട്ടലിനും നൽകി. ചെന്നൈയിൽനിന്ന് പുതിയ സിം കാർഡ് വാങ്ങി ഫോണിലിട്ടതോടെയാണ് ഇവരെ പറ്റിയുള്ള വിവരം പോലീസിന് ലഭിച്ചത്. യുവതിക്ക് ആദ്യവിവാഹത്തിൽ പത്തുവയസുള്ള മകനുണ്ട്. അകന്നുകഴിയുന്ന ഭർത്താവിനൊപ്പമാണ് ഈ കുട്ടിയും കഴിയുന്നത്.