Sorry, you need to enable JavaScript to visit this website.

എൻജിനീയർ വിസയിലെത്തി ആട് മേയ്ച്ചു; വിസ ഏജന്റ് ചതിച്ച പ്രതാപ് പെരുമാൾ നാടണഞ്ഞു

തായിഫ്- ഒന്നര മാസം മുമ്പ് സിവിൽ എൻജിനീയർ ജോലിയിൽ സൗദിയിലെത്തി മരുഭൂമിയിൽ ആട് മേയ്ക്കാൻ നിർബന്ധിതനായ ഇന്ത്യക്കാരൻ സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നടണഞ്ഞു. തമിഴ്‌നാട് ധർമപുരി സ്വദേശി പ്രതാപ് പെരുമാളാണ് (24) തായിഫ് തമിഴ് സംഘത്തിന്റെ സമയോചിത ഇടപെടൽ കാരണം നാട്ടിലെത്തിയത്. മരുഭൂമിയിൽ മതിയായ ഭക്ഷണമോ താമസ സൗകര്യമോ ലഭിക്കാതെ അങ്ങേയറ്റം ബുദ്ധിമുട്ടിയാണ് പെരുമാൾ കഴിഞ്ഞിരുന്നത്. യുവാവിന്റെ ദുരവസ്ഥ അറിഞ്ഞ തായിഫ് തമിഴ് സംഘം ചെയർമാൻ ഡോ.അഹമ്മദ് ബാഷ വിഷയം ജിദ്ദ കോൺസുലേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തി. 
കോൺസുലർ മൊയ്ദീൻ അക്തറിന്റെ സഹായത്തോടെ സ്‌പോൺസറുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതാപിനെ നാട്ടിൽ അയക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. എന്നാൽ നഷ്ടപരിഹാരമായി സ്‌പോൺസർ 4,000 റിയാൽ ആവശ്യപ്പെട്ടു. പ്രതാപിന് വിസ നൽകിയ നാട്ടിലെ സ്വകാര്യ ട്രാവൽസ് ഏജന്റിനോട് നഷ്ട പരിഹാര തുക നൽകിയില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി. തുടർന്ന് സ്‌പോൺസർ ആവശ്യപ്പെട്ട 4,000 റിയാലും നാട്ടിലേക്കുള്ള വിമാന ടിക്കറ്റും നൽകാൻ വിസ ഏജന്റ് തയാറായി. എട്ട് മണിക്കൂർ ജോലി, 4,700 റിയാൽ ശമ്പളം, ആനുകൂല്യങ്ങൾ എന്നിങ്ങനെയായിരുന്നു വിസ ഏജന്റ് നൽകിയ വാഗ്ദാനം. ഏകദേശം 2,25,000 രൂപ വിസക്ക് ചെലവായി. ബിഷയിലാണ് പ്രതാപ് എത്തിയത്. മരുഭൂമിയിൽ കഷ്ടപ്പെടുന്ന യുവ എൻജിനീയറുടെ ദുരിത ജീവിതത്തിന്റെ വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിഷയത്തിൽ ഇടപെട്ട് സഹായം നൽകിയ ജിദ്ദ കോൺസുലേറ്റ് ഉദ്യോഗസ്ഥരായ മൊയ്ദീൻ അക്തർ, രാജ്കുമാർ, തായിഫ് സി.സി.ഡബ്ല്യൂ പ്രതിനിധി ജമാൽ വട്ടപ്പൊയിൽ എന്നിവർക്ക് തായിഫ് തമിഴ് സംഘം ചെയർമാൻ ഡോ.അഹമ്മദ് ബാഷ നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസം അബഹ വിമാനത്താവളം വഴി പ്രതാപ് പെരുമാൾ നാട്ടിലെത്തി. 
 

Latest News