തിരൂർ- പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ കുത്തേറ്റ പതിനഞ്ചുകാരി കൊല്ലപ്പെട്ടു. തിരൂർ തൃക്കണ്ടിയൂർ വിഷുപ്പാടത്ത് താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശി സാതി ബീവിയുടെ മകൾ ഷമീനാ ഖാത്തൂറാണ് കുത്തേറ്റു മരിച്ചത്. വെസ്റ്റ് ബംഗാൾ വെർദമാൻ സ്വദേശി സാദത്ത് ഹുസൈൻ (21) ആണ് ബാലികയെ കൊലപ്പെടുത്തിയത്.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച സാദത്ത് ഹുസൈനെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി തിരൂർ പോലീസിൽ ഏൽപിച്ചു.
വെള്ളിയാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ഷമീനാ ഖാത്തൂർ (15) മരിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകുമെന്നു പോലീസ് അറിയിച്ചു. വിഷുപ്പാടത്തു വാടക കെട്ടിടത്തിൽ കഴിയുന്ന കുട്ടിയെ അടുത്ത് താമസിക്കുന്ന സാദത്ത് ഹുസൈൻ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. കുത്തേറ്റ പെൺകുട്ടിയെയും കുടുംബത്തെയും വെസ്റ്റ് ബംഗാളിൽ വെച്ച് സാദത്തിനു പരിചയമുണ്ട്. നാട്ടിൽ വെച്ച് പെൺകുട്ടിയോടു പ്രണയാഭ്യർഥന നടത്തിയിരുന്നതായും യുവാവ് പോലീസിനോടു പറഞ്ഞു.
പെൺകുട്ടിയും മാതാവും തിരൂരിൽ വീട്ടുവേലക്കു നിൽക്കുകയാണ്. പിതാവും ഇവരോടൊപ്പം വാടക വീട്ടിലാണ് താമസം. സാദത്ത് വിവിധ ജോലി നോക്കിയിരുന്നതായി പോലീസ് പറഞ്ഞു. നിരവധി തവണ പെൺകുട്ടിയോടു സാദത്ത് പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ പെൺകുട്ടി തുടർച്ചയായി എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് പ്രകോപിതനായ സാദത്ത് കുട്ടിയെ വീടിന്റെ അടുക്കളയിൽ വെച്ച് കുത്തിയത്. നിലവിളി കേട്ടു ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കാലുകൾക്കും നെഞ്ചിനുമാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമായതിനാൽ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
അതേസമയം, സാദത്തിനെ തിരൂരിലെത്തിച്ച താനൂർ സ്വദേശിയായ കോൺട്രാക്ടറിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന വാടക വീട്ടിൽ നിരവധി ഇതര സംസ്ഥാന ജോലിക്കാർ താമസിക്കുന്നുണ്ടെന്നും ഇവിടെ എന്തു സംഭവിക്കുന്നു എന്നു പോലും അറിയില്ലെന്നും സമീപവാസികൾ പറഞ്ഞു. പ്രതിക്കുമേൽ ഏതൊക്കെ വകുപ്പുകൾ ചുമത്തണമെന്നത് പിന്നീട് തീരുമാനിക്കുമെന്നും കൂടുതൽ പേരെ ചോദ്യം ചെയ്തു വരികയാണെന്നും തിരൂർ എസ്.ഐ സുമേഷ് സുധാകർ പറഞ്ഞു.