മക്ക- അൽമുഅയ്‌സിം ഡിസ്ട്രിക്ടിൽ മഴക്കിടെ ഷോക്കേറ്റ് സൗദി യുവാവ് മരണപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഷോക്കേറ്റ് മരിച്ച നിലയിൽ 38 കാരനെ കണ്ടെത്തിയതായി മറ്റൊരു സൗദി പൗരൻ സുരക്ഷാ വകുപ്പുകളെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ പട്രോൾ പോലീസും റെഡ് ക്രസന്റ് സംഘവും സ്ഥലത്തെത്തുമ്പോൾ യുവാവ് അന്ത്യശ്വാസം വലിച്ചിട്ടില്ലെന്ന് വ്യക്തമായി. റെഡ് ക്രസന്റ് ആംബുലൻസിൽ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, വ്യാഴാഴ്ച കനത്ത മഴക്കും കാറ്റിനുമിടെ മക്കയിൽ ചില പ്രദേശങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങിയതിൽ സൗദി ഇലക്ട്രിസിറ്റി കമ്പനി ക്ഷമാപണം നടത്തി. സ്വന്തം നിയന്ത്രണത്തിൽ പെട്ടതല്ലാത്ത കാരണത്താലാണ് വൈദ്യുതി മുടങ്ങിയത്. ശക്തമായ മഴയും ചില പ്രദേശങ്ങളിൽ വെള്ളം കെട്ടിനിന്നതും മൂലം തകരാറുള്ള സ്ഥലങ്ങളിൽ സാങ്കേതിക സംഘങ്ങൾക്ക് വേഗത്തിൽ എത്തിപ്പെടുന്നതിന് സാധിച്ചില്ലെന്നും കമ്പനി പറഞ്ഞു.