കോട്ടയം- ഇല്ലാത്ത ഫണ്ടിൽ നിന്നു വീട് വെക്കാൻ സംഭാവന നൽകിയ ക്ഷേത്രം ഉപദേശക സമിതിയുടെ നടപടി വിവാദമാകുന്നു. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ വിഗ്രഹ കവർച്ച തെളിയിക്കാൻ പോലീസിന് വഴികാട്ടിയായി മാറിയ രമണിക്ക് വീട് നിർമിച്ചു നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ക്ഷേത്ര ഉപദേശക സമിതിയുടെ പേരിൽ 50,000 രൂപ സെക്രട്ടറി ദേവസ്വം ബോർഡ് പ്രസിഡൻറിന് കൈമാറിയതാണ് വിവാദമായത്.
ഉപദേശക സമിതിയ്ക്ക് നിലവിൽ ഫണ്ടുകൾ ഒന്നും തന്നെയില്ലെന്ന് സമിതിയുടെ ചെയർമാൻ കൂടിയായ അഡ്വക്കറ്റ് കമ്മീഷൻ എ.എസ്.പി. കുറുപ്പ് പറയുന്നു. മറ്റാരോടെങ്കിലും തുക പിരിച്ചതായി തനിക്കറിയില്ലെന്ന് ഉപദേശക സമിതി ട്രഷറർ കൂടിയായ ഏറ്റുമാനൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് പറഞ്ഞു. മാത്രമല്ല തുക പിരിക്കണമെങ്കിൽ അതിന് ദേവസ്വം ബോർഡിന്റെ അംഗീകൃത രസീത് ഉപയോഗിക്കണം. അതിന് അങ്ങിനെ രസീത് ദേവസ്വത്തിൽ നിന്ന് നൽകിയിട്ടുമില്ല.
ഏറ്റുമാനൂർ ഉപദേശക സമിതിയുടേതായ ആദ്യ സംഭാവന ക്ഷേത്രോപദേശക സമിതി സെക്രട്ടറി ദേവസ്വം പ്രസിഡന്റിന് കൈമാറിയതായിട്ടായിരുന്നു ഒരു പ്രമുഖ പത്രത്തിൽ വന്ന വാർത്ത. അഡ്വക്കറ്റ് കമ്മീഷനും ദേവസ്വം അഡ്മിസ്‌ട്രേറ്റീവ് ഓഫീസറും അറിയാതെ ഇത്രയും വലിയ തുക പിരിച്ചത് അനധികൃതമായിട്ടാണെന്നാണ് ക്ഷേത്ര സംരക്ഷണ സമിതി ഉൾപ്പെടെ വിവിധ സംഘടനകൾ ആരോപിക്കുന്നത്. ഉപദേശക സമിതി അംഗങ്ങൾ വ്യക്തിപരമായി നൽകിയ തുകയാണിതെന്ന് സെക്രട്ടറി പറയുന്നു. വ്യക്തിപരമായി കൊടുത്തതാണെങ്കിൽ ഉപദേശക സമിതിയുടെ പേര് എന്തിന് ഉപയോഗിച്ചു എന്നാണ് എതിർ വിഭാഗത്തിന്റെ ആരോപണം.
ഇതിനിടെയാണ് ക്ഷേത്രോപദേശക സമിതികളുടെ പ്രവർത്തന ഫണ്ടിൽ നിന്നും ഒരു വീതം പ്രളയത്തിൽ തകർന്ന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് നൽകണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശിച്ചത്. ഏറ്റുമാനൂരിലെ ഉപദേശക സമിതിയ്ക്ക് പ്രത്യേകം ഫണ്ടില്ലാത്തതിനാൽ ബോർഡ് പണ പിരിവിനായി പ്രത്യേക കൗണ്ടറും ക്ഷേത്രത്തിൽ തുറന്നിരിക്കുകയാണ്.
ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉപദേശക സമിതി ദേവസ്വം ബോർഡിന്റെ നിയമാനുസൃതമുള്ള സംവിധാനമല്ലെന്നും കോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതാണ് എന്നും ദേവസ്വം അംഗം പ്രസ്താവിച്ചിരുന്നു.
ഉപദേശക സമിതിയുടെ ഇത്രയും നാളത്തെ വരവുചെലവു കണക്കുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം ക്ഷേത്ര സംരക്ഷണ സമിതി നൽകിയ കത്തിന് അങ്ങനെ കണക്കുകൾ ഇല്ല എന്നായിരുന്നു ദേവസ്വം അധികൃതരുടെ മറുപടി.