Sorry, you need to enable JavaScript to visit this website.

എൽ.ഡി.എഫ് മദ്യനയം പരസ്യമാക്കാൻ ചെന്നിത്തലയുടെ വെല്ലുവിളി

തിരുവനന്തപുരം- പുതിയ ബ്രൂവറികളും ഡിസ്റ്റിലറിയും തുടങ്ങാൻ അനുമതി നൽകുമെന്ന് എൽ.ഡി.എഫ് മദ്യനയത്തിൽ എവിടെയാണ് പറയുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
മദ്യനയത്തിന് അനുസൃതമായാണ് അനുമതി നൽകിയതെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറയുന്നു. എങ്കിൽ ആ മദ്യനയം പരസ്യമാക്കാമോയെന്നും അദ്ദേഹം ചോദിച്ചു. ഇടതു മുന്നണിയുടെ പ്രകടന പത്രികയിൽ എവിടെയാണ് സംസ്ഥാനത്ത് പുതുതായി ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാമെന്ന് പറയുന്നത്.
കേരളത്തിനാവശ്യമായ വിദേശ മദ്യത്തിന്റെ എട്ട് ശതമാനവും ബിയറിന്റെ 40 ശതമാനവും പുറത്തു നിന്നാണ് വാങ്ങുന്നതെന്നും അത് ഇവിടെ തന്നെ ഉല്പാദിപ്പിച്ചാൽ നികുതി വരുമാന വർധനവും തൊഴിലവസങ്ങളിലെ വർധനവും ഉണ്ടാവുമെന്ന് മന്ത്രി പറയുന്നു. അത് ശരിയാണ്. തർക്കമില്ല. പക്ഷേ അതിന് രഹസ്യമായി അനുവദിക്കണോ. അത് പരസ്യമായി ചർച്ച ചെയ്ത് മന്ത്രിസഭയിൽ വെച്ച് അനുവദിക്കുന്നതിന് എന്തായിരുന്നു തടസ്സം. അഴിമതി നടത്താൻ വേണ്ടിയല്ലേ ഘടക കക്ഷികളെപ്പോലും അറിയിക്കാതെ രഹസ്യമായി ചെയ്തത്. 
ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതിനെപ്പറ്റിയുള്ള എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിലപാട് അദ്ദേഹത്തിന്റെ കുറ്റസമ്മതമാണ്. 1996ൽ ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള അന്നത്തെ ഇടതുപക്ഷ സർക്കാർ അപേക്ഷ ക്ഷണിച്ചിരുന്നു എന്ന കാര്യം മന്ത്രി മറന്നു പോയോ. അന്ന് അപേക്ഷകളുടെ എണ്ണം കൂടിയത് മൂലം ഷോർട്ട് ലിസ്റ്റ് ചെയ്യാനായി സെക്രട്ടറിതല കമ്മിറ്റിയെ രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയാണ് ഇനി പുതിയ ഡിസ്റ്റിലറികൾ വേണ്ടെന്ന ഉത്തരവിറക്കിയത്.
99ലെ ഉത്തരവ് എക്‌സിക്യൂട്ടീവ് ഉത്തരവ് മാത്രമാണെന്നും അതിനാൽ അതിൽ നിന്ന് വ്യത്യസ്തമായ തീരുമാനമെടുക്കാൻ ചട്ട ഭേദഗതിയോ നിയമ ഭേദഗതിയോ വേണ്ടെന്ന് മന്ത്രി പറയുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് 99ന് ശേഷം മാറി മാറി വന്ന ഇടതു മുന്നണിയുടെ ഉൾപ്പെടെയുള്ള സർക്കാരുകൾ അത് മറികടന്ന് പുതിയ ഡിസ്റ്റിലറികൾക്ക് അനുവാദം നൽകിയില്ല.  
മാത്രമല്ല ഇപ്പോൾ പുറപ്പെടുവിച്ച ഉത്തരവുകളിലെല്ലാം 99 ലെ ഉത്തരവ് ക്വാട്ട് ചെയ്തിട്ടുമുണ്ട്. 99ലെ ഉത്തരവ് ബ്രൂവറിക്ക് ബാധകമല്ലെന്നാണ് മന്ത്രി പറയുന്നത്. എങ്കിൽ എന്തിനാണ് ബ്രുവറി അനുവദിച്ചു കൊണ്ടുള്ള ഉത്തരവുകളിൽ 99ലെ അതേ ഉത്തരവ് പരാമർശിച്ചിരിക്കുന്നത്.
എന്തുകൊണ്ട് ഇടതു മുന്നണിയിൽ ചർച്ച ചെയ്തില്ല എന്ന ചോദ്യത്തിനും മന്ത്രി മറുപടി നൽകുന്നില്ല. എന്തുകൊണ്ട് മന്ത്രിസഭയിൽ ചർച്ച ചെയ്തില്ല എന്ന ചോദ്യത്തിനും മറുപടി ഇല്ല. ഇതിന്റെ ആവശ്യമില്ലെന്ന് ഒഴുക്കൻ മട്ടിൽ പറയുന്നു. ഈ മറുപടി സി.പി.ഐക്കും മറ്റ് ഘടക കക്ഷികൾക്കും സ്വീകാര്യമാണോയെന്നും അദ്ദേഹം ചോദിച്ചു.

 

Latest News