Sorry, you need to enable JavaScript to visit this website.

നയങ്ങള്‍ മാറ്റുന്നതുവരെ ഖത്തര്‍ ബഹിഷ്‌കരണം തുടരും-സൗദി വിദേശ മന്ത്രി


തങ്ങൾ ബനാന റിപ്പബ്ലിക് അല്ലെന്ന് കാനഡയോട് സൗദി അറേബ്യ


റിയാദ്- സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കാത്ത പക്ഷം പത്തു മുതൽ പതിനഞ്ചു വർഷം വരെ ഖത്തറിനെ ബഹിഷ്‌കരിക്കുന്നതിന് തങ്ങൾക്ക് സാധിക്കുമെന്ന് സൗദി വിദേശ മന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. സ്വന്തം നയങ്ങളിൽ ഖത്തർ മാറ്റം വരുത്തുന്നതു വരെ ഖത്തറുമായുള്ള ബന്ധം മരവിച്ചു കിടക്കുമെന്ന് യു.എസ് ഫോറിൻ റിലേഷൻസ് കൗൺസിലിൽ നടത്തിയ പ്രസംഗത്തിൽ ആദിൽ അൽജുബൈർ പറഞ്ഞു. സ്വന്തം നയങ്ങളിൽ ഖത്തർ മാറ്റം വരുത്തുമെന്നാണ് തങ്ങൾ പ്രത്യാശിക്കുന്നത്. തങ്ങൾ ക്ഷമാശീലരാണ്. പത്തും പതിനഞ്ചും വർഷം വരെ ക്ഷമയോടെ കാത്തിരിക്കുന്നതിന് തങ്ങൾക്ക് സാധിക്കും. ഫിഡൽ കാസ്‌ട്രോയുടെ ക്യൂബയുമായുള്ള ബന്ധം മെച്ചപ്പെടുന്നതിന് അമേരിക്ക എത്ര കാലം കാത്തിരുന്നു. അതേപോലെ ഖത്തറുമായുള്ള പ്രശ്‌നത്തിലും ദീർഘകാലം കാത്തിരിക്കുന്നതിന് തങ്ങൾക്ക് കഴിയും. തങ്ങളുടെ ഭാഗത്ത് പ്രശ്‌നങ്ങളുണ്ടെന്ന് ഖത്തർ സമ്മതിക്കുന്നതും പ്രശ്‌നത്തിന് അവർ പരിഹാരം കാണുന്നതുമാണ് നല്ലത്. 
ഖത്തരികൾ നിഷേധാവസ്ഥയിലാണ് കഴിയുന്നത്. ഇതിനു പകരം പ്രതിസന്ധിക്ക് അന്ത്യമുണ്ടാക്കുന്നതിന് അവർ തങ്ങളുടെ ഭാഗത്തുള്ള പ്രശ്‌നങ്ങൾ തുറന്നു സമ്മതിക്കണം. ഖത്തറിനോട് തങ്ങൾക്ക് ശത്രുതയില്ല. അവരവരുടെ തെറ്റായ ചെയ്തികൾ തങ്ങളെ ഏറെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഖത്തറിന്റെ പ്രവർത്തനങ്ങൾ രാജ്യസുരക്ഷക്കും പൗരന്മാരുടെ സുരക്ഷക്കും ഭീഷണിയാണ്. ഇതുകൊണ്ടാണ് ഖത്തറിനെതിരെ തങ്ങൾ നടപടികളെടുത്തതെന്നും ആദിൽ അൽജുബൈർ പറഞ്ഞു. 
കാനഡയുടെ ഭാഗത്തു നിന്നുള്ള പ്രവർത്തനങ്ങൾ ശത്രുതാപരവും ഉത്തരവാദിത്വരഹിതവുമാണ്. സൗദി അറേബ്യയിലെ ആഭ്യന്തര കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരു രാജ്യവും നിർദേശിക്കുന്നത് തങ്ങൾ അംഗീകരിക്കില്ല. മനുഷ്യാവകാശത്തിന്റെ പേരിൽ നിങ്ങൾക്ക് സൗദി അറേബ്യയെ വിമർശിക്കാവുന്നതാണ്. അമേരിക്കയും യൂറോപ്യൻ യൂനിയനും ഫ്രാൻസും ജർമനിയും മറ്റും ഇങ്ങനെ മനുഷ്യാവകാശത്തിന്റെ പേരിൽ സൗദി അറേബ്യയെ വിമർശിക്കാറുണ്ട്. അത് നിങ്ങളുടെ അവകാശമാണ്. ഇക്കാര്യത്തിൽ സൗദി നേതാക്കളുമായി സംസാരിക്കുന്നതിനും നിങ്ങൾക്ക് സാധിക്കും. 
എന്നാൽ കസ്റ്റഡിയിലുള്ള പ്രതികളെ ഉടനടി വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്നത് ഇതുപോലെയല്ല. സൗദി അറേബ്യ ബനാന റിപ്പബ്ലിക് ആണെന്നാണോ നിങ്ങൾ ധരിക്കുന്നത് -ആദിൽ ജുബൈർ ചോദിച്ചു. (വിദേശ മൂലധനം വഴി സമ്പദ്‌വ്യവസ്ഥയിൽ ആധിപത്യം ചെലുത്തുന്നതിന്റെ ഫലമായി രാഷ്ട്രീയ അസ്ഥിരതയുള്ള ചെറു രാജ്യങ്ങളെ പരിഹാസ രൂപേണ വിശേഷിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന രാഷ്ട്രീയ സംജ്ഞയാണ് ബനാന റിപ്ലബ്ലിക്.) 
കനേഡിയൻ ഭരണകൂടത്തിന്റെ നിർദേശങ്ങൾ സൗദി അറേബ്യ അംഗീകരിക്കില്ലെന്ന് വിദേശ മന്ത്രി പറഞ്ഞു. തങ്ങളുടെ നിർദേശങ്ങൾ സൗദി അറേബ്യ പാലിക്കണമെന്ന ആവശ്യം തുടരുന്നതിലൂടെ സൗദിയിൽ പരിഷ്‌കരണങ്ങളെ എതിർക്കുന്ന തീവ്രവാദികൾക്കൊപ്പം ചേരുകയാണ് കാനഡ ചെയ്യുന്നത്. കാനഡയുമായുള്ള പ്രശ്‌നത്തിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്നില്ലെങ്കിൽ സൗദി അറേബ്യ ദുർബല രാജ്യമായി മാറും. ശക്തമായ നടപടികൾ സ്വീകരിച്ചാൽ അത് സൗഹൃദ രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുകയും ചെയ്യും. ഉഭയകക്ഷി ബന്ധം വഷളാക്കുന്ന നടപടികൾ കാനഡയുടെ ഭാഗത്തു നിന്നാണുണ്ടായത്. പ്രതിസന്ധി പരിഹരിക്കുന്നതിന് ശ്രമിക്കേണ്ടതും കാനഡയാണ്. 
തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടതിന് കാനഡ തങ്ങളോട് മാപ്പ് പറയണം. കാനഡയിൽ ആഭ്യന്തര രാഷ്ട്രീയത്തിൽ നേട്ടം കൊയ്യുന്നതിനുള്ള രാഷ്ട്രീയ തുറുപ്പുചീട്ടായി സൗദി അറേബ്യയെ ഉപയോഗിക്കുന്നത് അംഗീകരിക്കില്ല. ഇതാണ് കാനഡക്ക് ശക്തമായ തിരിച്ചടി നൽകുന്നതിന് സൗദി അറേബ്യയെ പ്രേരിപ്പിച്ചത്. സൗദി-കാനഡ നയതന്ത്ര പ്രതിസന്ധി പരിഹരിക്കുക എളുപ്പമാണ്. ഇതിന് കാനഡ ക്ഷമാപണം നടത്തുകയും തങ്ങളുടെ ഭാഗത്തുള്ള തെറ്റ് സമ്മതിക്കുകയുമാണ് വേണ്ടത്. സൗദി അറ്റോർണി ജനറൽ സൗദിയിലെ കനേഡിയൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി കസ്റ്റഡിയിലുള്ളവർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട കേസ് അല്ല ഇത്. മറിച്ച് ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസാണിത്. ഇക്കാര്യം കനേഡിയൻ നേതാക്കൾക്കു തന്നെ അറിയാവുന്നതാണ്. അതുകൊണ്ടാണ് കനേഡിയൻ വിദേശ മന്ത്രിയുടെ ട്വീറ്റിനെ സൗദി അറേബ്യക്കെതിരായ ശത്രുതയായി തങ്ങൾ പരിഗണിച്ചതെന്നും ആദിൽ അൽ ജുബൈർ വ്യക്തമാക്കി.

Latest News