തിരൂർ- കഴിഞ്ഞ ദിവസം തിരൂർ നഴ്‌സിംഗ് ഹോം ആശുപത്രിയിൽ മാതാവിനോടൊപ്പം ചികിത്സക്കെത്തിയ പത്തു മാസം പ്രായമുള്ള കുട്ടിയുടെ സ്വർണ പാദസരം മോഷ്ടിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശിനികളായ രണ്ടു സ്ത്രീകൾ പിടിയിൽ. മധുര വടിപ്പട്ടി സ്വദേശികളായ ജ്യോതി (22), ദേവസേന (35) എന്നിവരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കു പിന്നിൽ വലിയ മോഷണ ലോബികളുണ്ടെന്ന് തിരൂർ എസ്‌ഐ സുമേഷ് സുധാകർ പറഞ്ഞു. മോഷണ സംഘങ്ങളെക്കുറിച്ച് സൂചന ലഭിച്ചതായും സ്ത്രീകളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും എസ്.ഐ പറഞ്ഞു. ബസ്, ആശുപത്രി, ബസ്സ്റ്റാൻഡ് തുടങ്ങിയ തിരക്കുള്ള സ്ഥലങ്ങളിലാണ് സ്ഥിരമായി ഇരുവരും മോഷണം നടത്തിയിരുന്നത്. തിരൂരിലെ മോഷണത്തിനു സമാനമായ കേസ് ഫറോക്ക് പോലീസ് സ്‌റ്റേഷനിലും ഇരുവർക്കുമെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഞ്ചേിരിയിൽ മോഷണത്തിനൊരുങ്ങുന്നതിനിടെയാണ് ഇവർ കഴിഞ്ഞ ദിവസം മഞ്ചേരി പോലീസിന്റെ വലയിലായത്. തുടർന്ന് തിരൂർ പോലീസിനു പ്രതികളെ കൈമാറുകയായിരുന്നു. മൂന്നു ദിവസം മുമ്പാണ് തിരൂർ നഴ്‌സിംഗ് ഹോമിൽ കുട്ടിയുടെ പാദസരം മോഷണം പോയത്. ദേവസേന തട്ടമിട്ട വേഷത്തിൽ ആശുപത്രിയിലെ തിരക്കുള്ള ഭാഗത്തെത്തിയാണ് കുട്ടിയുടെ കാലിൽ നിന്നു സ്വർണപാദസരം മുറിച്ചെടുത്തത്. ഈ സമയം ആശുപത്രിക്കു പുറത്ത് ജ്യോതിയുമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പോലീസ് വലയിലായത്. ഫറോക്കിൽ നടന്ന മോഷണത്തിന്റെ ദൃശ്യവും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടിച്ച വസ്തുക്കൾ വിൽപ്പന നടത്തിയെന്നാണ് ഇരുവരും മൊഴിനൽകിയത്. ഇന്ന് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് എസ്.ഐ പറഞ്ഞു. പറവണ്ണ സ്വദേശി കുട്ടാത്ത് നൗഷാദിന്റെയും ഷഹർബാനുവിന്റെയും മകൾ സെയ്ഫ ഫാത്തിമയുടെ ഒരുപവനോളമുള്ള ആഭരണമാണ് മോഷ്ടിച്ചത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.