ജിദ്ദ- ബാങ്കിംഗ് മേഖലയിലെ മലയാളികളുടെ ആശ്രയം എന്നു വിശേഷിപ്പിക്കാവുന്ന കവിയും സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തകനുമായ റസാഖ് എടവനക്കാട് പ്രവാസത്തോട് വിടപറയുന്നു. സൗദി അറേബ്യയിലെ പ്രശസ്ത ബാങ്കായ അല്‍ രാജ്ഹി ബാങ്കില്‍ ഹെഡ് കാഷ്യറായി സേവനം അനുഷ്ഠിക്കുന്ന റസാഖ് 32 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ബാങ്കിന്റെ പടികളിറങ്ങുന്നത്. ഇനിയുള്ള കാലം നാട്ടിലെ ജീവകാരുണ്യ, സേവന മേഖലകളില്‍ സജീവമാകാന്‍ ലക്ഷ്യമിട്ടാണ് റസാഖിന്റെ മടക്കം.
1986ല്‍ മക്കയില്‍ ഹറമിനടുത്ത ശാഖയില്‍ ടൈപ്പിസ്റ്റായിട്ടായിരുന്നു തുടക്കം. പത്തു വര്‍ഷത്തോളം അവിടെ ജോലി ചെയ്തു. പിന്നീടുള്ള വര്‍ഷങ്ങള്‍ ജിദ്ദയിലെ ബനിമാലിക്, ബവാദി, മക്കറോണ ശാഖകളില്‍ കാഷ്യര്‍, കസ്റ്റമര്‍ സര്‍വീസ്, ഹെഡ് കാഷ്യര്‍ തസ്തികകളില്‍ ജോലി നോക്കി. ഇപ്പോള്‍ മക്രോണ ശാഖയില്‍നിന്നുമാണ് വിരമിക്കുന്നത്.
മക്കയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ഹജ്, ഉംറ തീര്‍ത്ഥാടകരെ സേവിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ധന്യനിമിഷങ്ങളായാണ് റസാഖ് കരുതുന്നത്. പ്രവാസ ലോകം റസാഖിന് സമ്മാനിച്ചത് അതിവിപുലമായ സൗഹൃദമാണ്. ഏറ്റവും വലിയ സൗഭാഗ്യമായി റസാഖ് കരുതുന്നതും ഈ സൗഹൃദമാണ്. തിരക്കിട്ട ജോലികള്‍ക്കിടയിലും സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ വ്യാപൃതനാവാനും റസാഖ് ശ്രദ്ധിച്ചിരുന്നു. ജീവകാരുണ്യ കൂട്ടായ്മയായ 'സേവ'യുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച റസാഖ്, കഴിഞ്ഞ പത്ത് വര്‍ഷമായി അതിന്റെ സെക്രട്ടറിയാണ്. ജിദ്ദ ആലുവ കൂട്ടായ്മയിലെയും സജീവ സാന്നിധ്യമാണ് റസാഖ്. സാംസ്‌കാരിക പരിപാടികള്‍ ആരു സംഘടിപ്പിച്ചാലും അവിടെ തന്റെ സാന്നിധ്യം അറിയിക്കാന്‍ ഇദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കുരുന്നു കവിതകളും ലേഖനങ്ങളും എന്നും ഇഷ്ടപ്പെടുന്ന ഇദ്ദേഹത്തിന്റെ ഇത്തരം ഒട്ടേറെ കൃതികള്‍ മലയാളം ന്യൂസ് അടക്കമുള്ള പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടിക്കവിതകളുടെ സമാഹാരമായ 'കിളിക്കൂട്'്‌ന്റെ (ബാലസാഹിത്യം) കര്‍ത്താവാണ് റസാഖ്.
ഫെഡറല്‍ ബാങ്കിലെ ജോലി രാജിവെച്ച് 80കളുടെ ആദ്യത്തില്‍ അല്‍രാജ്ഹി ബാങ്കിലെ ഉന്നത പോസ്റ്റില്‍ എത്തിയ എറണാകുളം എടവനക്കാട് സ്വദേശി അബ്ദുല്‍ അസീസിനെ പിന്തുടര്‍ന്ന് മറ്റേതാനും എടവനക്കാടുകാര്‍കൂടി അര്‍രാജ്ഹി ബാങ്കില്‍ ജോലിക്ക് ചേര്‍ന്നിരുന്നു. അതില്‍ ഇനി അവശേഷിക്കുന്ന രണ്ടുപേരില്‍ ഒരാളാണ് റസാഖ്. ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും സഹായങ്ങള്‍ക്കും ഒട്ടേറെ മലയാളികള്‍ റസാഖിനെ ആശ്രയിച്ചിരുന്നു. റസാഖ് അല്‍രാജ്ഹിയോട് വിടപറയുമ്പോള്‍ അതൊരു വിടവായി അവിടെ നിലനില്‍ക്കും. ഷജീനയാണ് ഭാര്യ. വിദ്യാര്‍ഥിയായിരിക്കെ ജിദ്ദയിലെ വേദികളില്‍ ഗായകനായി പ്രത്യക്ഷപ്പെട്ടിരുന്ന ഷഹ്ബാസ്, നൂറ, സാഖിബ് എന്നിവര്‍ മക്കളാണ്.