Sorry, you need to enable JavaScript to visit this website.

ഭിന്നശേഷി സംയോജിത ദുരന്ത ലഘൂകരണം: ഐക്യരാഷ്ട്ര സംഘം 'തണൽ' സന്ദർശിച്ചു

തണലിന്റെ ഭിന്നശേഷി സംയോജിത ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ പഠിക്കുന്നതിന് ഐക്യരാഷ്ട്ര സംഘം ആലുവയിലെത്തിയപ്പോൾ.

ആലുവ- കേരളത്തെ വിഴുങ്ങിയ പ്രളയ കാലത്ത് ഭിന്നശേഷിക്കാരെയും കിടപ്പു രോഗികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിക്കുന്നതിനും പ്രത്യേക പരിചരണം നൽകുന്നതിനും സ്വീകരിച്ച നടപടികളെക്കുറിച്ച് പഠിക്കാൻ ഐക്യരാഷ്ട്ര പ്രതിനിധി സംഘം തണലിന്റെ തായിക്കാട്ടുകരയിലെ പാലിയേറ്റീവ് യൂനിറ്റ് സന്ദർശിച്ചു. സാധാരണ ജീവിത സാഹചര്യങ്ങളിൽ പോലും വിവേചനം നേരിടേണ്ടി വരുന്ന ഭിന്നശേഷിക്കാർ പ്രളയം പോലുള്ള അടിയന്തര ദുരന്ത സാഹചര്യങ്ങളെ നേരിട്ട രീതി ദുരന്ത ബാധിതരോട് നേരിൽ തന്നെ പ്രതിനിധി സംഘം അന്വേഷിച്ചറിഞ്ഞു. 
പ്രളയം സംബന്ധിച്ച ആദ്യ മുന്നറിയിപ്പ് ലഭിച്ചപ്പോൾ തന്നെ ഭിന്നശേഷി സംയോജിത ദുരന്ത ലഘൂകരണത്തിന് ടീം രൂപീകരിച്ച് വിശദമായ പദ്ധതി തയാറാക്കിയതായി തണൽ കൺവീനർ കെ.കെ.ബഷീർ പ്രതിനിധി സംഘത്തെ അറിയിച്ചു. ആദ്യ പടിയായി സോഷ്യൽ മീഡിയയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ഭിന്നശേഷിക്കാർക്കും കിടപ്പു രോഗികൾക്കും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിന് വാഹനങ്ങളും വളണ്ടിയർമാരും തയാറാണെന്ന് മുന്നറിയിപ്പ് നൽകി. തുടർന്ന് തണലിന്റെയും ഐഡിയൽ റിലീഫ് വിംഗിന്റെയും വാഹനങ്ങളും വളണ്ടിയർമാരെയും ഉപയോഗിച്ച് ഇത്തരക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ആശുപത്രികളിലേക്കും അടിയന്തരമായി മാറ്റുകയും ചെയ്തു. പിന്നീട് വെള്ളം കയറിയ വീടുകളിൽ നിന്ന് ബോട്ടുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തി. പ്രളയാനന്തരം വീടുകൾ വൃത്തിയാക്കിയപ്പോൾ ഇത്തരക്കാർക്ക് പ്രത്യേകം മുൻഗണന നൽകി. വിവിധ സംഘടനകളുടെയും ഉദാരമതികളുടെയും സഹായത്തോടെ ഭക്ഷ്യ വസ്തുക്കളും വീട്ടുപകരണങ്ങളും വീടുകളിലെത്തിച്ചു. പ്രളയ കാലത്ത് സന്നദ്ധ സേവനം നടത്തുന്നതിന് ധാരാളം സംഘടനകൾ രംഗത്തു വന്നെങ്കിലും ഭിന്നശേഷിക്കാരെ പ്രത്യേകം പരിഗണിച്ചുള്ള പ്രവർത്തനത്തിന് പദ്ധതി തയാറാക്കി പ്രവർത്തിച്ചത് തണൽ പാലിയേറ്റീവ് ആന്റ് പാരാ പ്ലീജിക് കെയർ സൊസൈറ്റി മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രളയ കാലത്ത് തണൽ നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച് പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്നും സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകുമെന്നും തണൽ സെക്രട്ടറി സാബിത് ഉമർ പറഞ്ഞു. ഭിന്നശേഷിക്കാരെ ബാധിക്കുന്ന പ്രയാസങ്ങൾ നേരത്തെ മനസ്സിലാക്കി പദ്ധതി തയാറാക്കിയതിനാൽ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇതിനെ മറികടക്കാൻ കഴിഞ്ഞതായി തണൽ പാരാ പ്ലീജിക് കെയർ കൺവീനർ രാജീവ് പള്ളുരുത്തി പറഞ്ഞു.
തണൽ പാരാ പ്ലീജിക് കെയർ അംഗങ്ങളായ കടുങ്ങല്ലൂരിലെ അനിൽകുമാർ, മഞ്ഞുമ്മലിൽ നിന്നുള്ള ഡോമിനിക്, ദേശത്തെ സുധീർ തുടങ്ങിയവർ തങ്ങൾ പ്രളയത്തെ നേരിട്ട രീതി പ്രതിനിധി സംഘത്തെ അറിയിച്ചു
തണലിന്റെ വേറിട്ട പ്രവർത്തനങ്ങൾ മതിപ്പുളവാക്കിയെന്നും തങ്ങളുടെ റിപ്പോർട്ടിൽ ഇവ ഉൾപ്പെടുത്തുമെന്നും സംഘത്തെ നയിച്ച ഐക്യരാഷ്ട്ര സഭയുടെ ഡൽഹി ഓഫീസിലെ ഭിന്നശേഷി സംയോജിത ദുരന്ത ലഘൂകരണ വിദഗ്ധ രഞ്ജിനി മുഖർജി പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾക്ക് തണലിന് എല്ലാ സഹായങ്ങളും അവർ വാഗ്ദാനം ചെയ്തു. യു.എൻ.ഡി.പി ഒറീസ സംസ്ഥാന മേധാവി ശ്രീമതി അഭ മിശ്ര, കേരള പ്രോജകട് ഓഫീസർ ജോ ജോൺ ജോർജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. രക്ഷാ പ്രവർത്തന രീതി, നേരിട്ട വെല്ലുവിളികൾ, പുനരധിവാസം തുടങ്ങിയ വിഷയങ്ങളിൽ സംഘം വിശദമായ ചർച്ചകൾ നടത്തി.
തണൽ എടത്തല ഘടകത്തിലെ രഹനാസ് ഉസ്മാൻ, തായിക്കാട്ടുകര ഘടകം പ്രസിഡന്റ് പി.ബി.അലിക്കുഞ്ഞ്, തണലിന്റെയും ഐ.ആർ.ഡബ്ല്യുവിന്റെയും വിവിധ യൂനിറ്റുകളിലെ വളണ്ടിയർമാർ, ദുരിത ബാധിതരായ ഭിന്നശേഷിക്കാർ, കുടുംബാംഗങ്ങൾ എന്നിവരും പങ്കെടുത്തു. 
പ്രളയ കാലത്ത് ഭിന്നശേഷിക്കാരായ സ്ത്രീകൾ നേരിട്ട പ്രത്യേക പ്രശ്‌നങ്ങൾ സംബന്ധിച്ച പഠനങ്ങൾക്കായി യു.എൻ. വിമൻ പ്രതിനിധി ശ്രീമതി അർപിത വർഗീസ് കഴിഞ്ഞ ദിവസം തണൽ ഭാരവാഹികളുമായി ചർച്ചകൾ നടത്തിയിരുന്നു. 
 
 

Latest News