Sorry, you need to enable JavaScript to visit this website.

നാലു പതിറ്റാണ്ട് പ്രവാസം അവസാനിപ്പിച്ച് സുലൈമാന്‍ നിരണം നാട്ടിലേക്ക്

ദമാം- സൗദി അറേബ്യയിലെ 40 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് പത്തനംതിട്ട നിരണം കോട്ടക്കകത്ത് സി.എം.സുലൈമാന്‍ നാട്ടിലേക്ക് മടങ്ങുന്നു. ദമാമിലെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ സജീവ സാന്നിധ്യമായ ഇദ്ദേഹം, ദീര്‍ഘകാല പ്രവാസത്തിനിടെ, സൗദിയുടെ വികസന കുതിപ്പിന്റെയും ഇന്ത്യന്‍ സമൂഹത്തിന്റെ പ്രത്യേകിച്ച് മലയാളി സമൂഹത്തിന്റെ ഉന്നമനത്തിന്റെയും അനുഭവങ്ങളുമായാണ് തിരികെ പോകുന്നത്.
ചങ്ങനാശേരി എസ്.ബി കോളേജിലെ വിദ്യാഭ്യാസത്തിനു ശേഷം 1975 ഓഗസ്റ്റ് 15 നാണ് അദ്ദേഹം സൗദിയില്‍ എത്തുന്നത്. മലയാളി സമൂഹത്തിലെ ആദ്യകാല പ്രവാസികളില്‍ ഒരാളാണ് സുലൈമാന്‍. നാട്ടില്‍ സാമൂഹ്യ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം തന്റെ പ്രവര്‍ത്തന പരിചയം പ്രവാസ ലോകത്തെ ജീവകാരുണ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തിയിരുന്നു. കക്ഷി രാഷ്ട്രീയത്തിനും ജാതി മത ചിന്തകള്‍ക്കും അതീതമായി വിശാലമായ സുഹൃദ് ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. 1982ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ദമാം സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനു ഒരു സ്‌കൂളിന്റെ ആവശ്യകത ശ്രദ്ധയില്‍ പെടുത്താന്‍ അവര്‍ താമസിച്ചിരുന്ന ദമാം പാലസ് ഹോട്ടലില്‍ വെച്ച് നിവേദനം നല്‍കിയത് സുലൈമാന്‍ ഉള്‍പ്പെട്ട സംഘമായിരുന്നു. അപ്പോള്‍ തന്നെ ഇന്ദിരാ ഗാന്ധി അന്നത്തെ സൗദി ഭരണാധികാരികളുമായി ബന്ധപ്പെടുകയും അനുമതി ലഭ്യമാക്കുകയുമായിരുന്നുവെന്നും ഇങ്ങനെയാണ് ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ ആരംഭമെന്നും സുലൈമാന്‍ നിരണം ഓര്‍ത്തെടുക്കുന്നു. പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മയായ പനോരമയുടെ സ്ഥാപകാംഗവും എട്ടു വര്‍ഷമായി  പ്രസിഡന്റുമാണ് ഇദ്ദേഹം. ഉന്നതമായ ജീവിത വീക്ഷണവും കലര്‍പ്പില്ലാത്ത മൂല്യബോധവും കൈമുതലായ സുലൈമാന്‍ നിരണത്തിന്റെ നാട്ടിലേക്കുള്ള മടക്കം ഇന്ത്യന്‍ സമൂഹത്തിനും മലയാളികള്‍ക്ക് പ്രത്യേകിച്ചും നഷ്ടമാണെന്ന് പനോരമ ജനറല്‍ സെക്രട്ടറി അനില്‍ മാത്യൂസ് യാത്രയയപ്പ് ചടങ്ങില്‍ അഭിപ്രായപ്പെട്ടു.

സുലൈമാന്‍ നിരണം

 

 

Latest News