Sorry, you need to enable JavaScript to visit this website.

സഭയുടെ മൗനം അർഥഗർഭം -ആക്ഷൻ കൗൺസിൽ

കൊച്ചി- ബിഷപ് ഫ്രാങ്കോക്കെതിരെ മിഷണറീസ് ഓഫ് ജീസസിൽ പ്രവർത്തിച്ചു വരുന്ന  കന്യാസ്ത്രീ  പോലീസിൽ പരാതി നൽകുന്നതിനും തെരുവിൽ പ്രത്യക്ഷ സമരരംഗത്ത് വരുന്നതിനും ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് സഭ ഇറക്കിയ വാർത്താ കുറിപ്പിൽ പാലിക്കുന്ന മൗനം അർത്ഥഗർഭമാണെന്ന് സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ (എസ്ഒഎസ്) കൺവീനർ  ഫാ. അഗസ്റ്റിൻ വട്ടോളി വാർത്താ കുറിപ്പിൽ  പറഞ്ഞു. 
സഭയിലെ ഉന്നതർക്കെല്ലാം കന്യാസ്ത്രീ പരാതി നൽകി രണ്ടു വർഷം പിന്നിട്ടിട്ടും പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം ഒരു നടപടിയും സ്വീകരിക്കാതിരുന്നപ്പോഴാണ് പോലീസിൽ പരാതി നൽകുന്നതിന് തയാറായത്. ഇന്ന് സഭക്ക് പൊതുസമൂഹത്തിനു മുന്നിൽ നേരിടേണ്ടി വരുന്ന ദുഃഖകരമായ അവസ്ഥക്ക് സഭാ നേതൃത്വം തന്നെയാണ് ഉത്തരവാദികൾ എന്നു വ്യക്തമാണ്. 
ചരിത്രത്തിൽ ആദ്യമായി സഭാനേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തു വരുമ്പോൾ കന്യാസ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘർഷങ്ങൾ സഭാ നേതൃത്വത്തിനും മനസ്സിലാകുമല്ലോ. പിതാവിനു തുല്യം താൻ ബഹുമാനിക്കുന്ന ഒരു വ്യക്തിയിൽനിന്നു ഇത്തരം ഒരനുഭവം നേരിടുന്ന സ്ത്രീയുടെ മനസ്സു കാണാനും സഭ ഇപ്പോഴും ശ്രമിക്കുന്നില്ലെന്ന വസ്തുത നിരാശപ്പെടുത്തുന്നു. ക്രിസ്തു സന്ദേശങ്ങളെയോ വിശ്വാസപ്രമാണങ്ങളെയോ പുരോഹിതരെയോ ബിഷപ്പുമാരേയാ സഭയേയോ ഒന്നാകെ തരംതാഴ്ത്തിക്കാണിക്കുന്ന ഒന്നിനെയും എസ്.ഒ.എസ്  അംഗീകരിക്കുന്നില്ല. എന്നാൽ ഇത്തരം ഒരു സമരം പൊതു സമൂഹത്തിൽ ഉയർന്നു വരുമ്പോൾ അതിനോട് തങ്ങളുടേതായ രീതിയിൽ പല സ്വതന്ത്ര പ്രസ്ഥാനങ്ങളും വ്യക്തികളും പ്രതികരിക്കുന്നത് സ്വാഭാവികം മാത്രം. 
അവരുടെ നിലപാടുകളുമായി തങ്ങൾ യോജിക്കുന്നില്ലെന്ന് പലവട്ടം വ്യക്തമാക്കിയിട്ടുമുണ്ട്. സഭയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് അത്തരം ഒരവസരം ഉണ്ടാക്കിയത് സഭാനേതൃത്വത്തിലെ തന്നെ ചിലരുടെ നിലപാടുകളാണ്. പരാതി പോലീസിൽ എത്തിയതോടെ അത് അന്വേഷിച്ച് കുറ്റം സ്ഥാപിച്ചാൽ ശിക്ഷിക്കുന്നത് വരെയുള്ള നടപടികൾ രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം സ്വതന്ത്രവും നീതിപൂർവകവുമായിരിക്കണം എന്ന അഭിപ്രായമാണ് സഭക്കും ഉള്ളതെന്നറിയുന്നതിൽ സന്തോഷമുണ്ട്. എന്നാൽ ഉന്നത സ്ഥാനീയനായ ഒരു പുരോഹിതന്റെ നടപടിയിൽ പരാതി ലഭിച്ചിട്ടും ഒട്ടും തന്നെ സംശയമില്ലാതിരിക്കുകയും സഭക്കകത്ത് നീതിക്കു വേണ്ടി ഉയർത്തിയ നിലവിളിക്ക് ഫലമില്ലാതായപ്പോൾ മറ്റു വഴികളില്ലാതെ നിയമത്തിന്റെ വഴി തേടിയ കന്യാസ്ത്രീയുടെ നടപടി തെറ്റായിപ്പോയി എന്നുമുള്ള കെ.സി.ബി.സി നിലപാടിനോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ല. രണ്ടായിരം വർഷമായി നിലനിൽക്കുന്ന സഭയുടെ മൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നത് ആരെന്ന് തിരിച്ചറിയാൻ സഭാനേതൃത്വത്തിനു കഴിയില്ലെന്ന് കരുതാനാകില്ല.
നീതിരഹിതമായി പ്രവർത്തിക്കുന്നവരെ ന്യായീകരിക്കുക വഴി സഭക്കും വിശ്വാസികൾക്കും അപമാനമുണ്ടാക്കാൻ സഭാ നേതൃത്വം ശ്രമിക്കരുതെന്നും നീതിക്കു വേണ്ടി തെരുവിൽ സമരം ചെയ്യുന്ന പുരോഹിതരോ കന്യാസ്ത്രീകളോ അല്ല സഭയുടെ അന്തസ്സിന് ഹാനി വരുത്തുന്നത് മറിച്ച് സഭക്കകത്തെ അധികാര പ്രയോഗം വഴി അനീതി മറച്ചു പിടിക്കാൻ ശ്രമിക്കുന്നവരാണ് ഇതിനു കാരണമാകുന്നതെന്നും ഫാ.അഗസ്റ്റിൻ വട്ടോളി വ്യക്തമാക്കി.

 

Latest News