Sorry, you need to enable JavaScript to visit this website.

പ്രവാസി ക്ഷേമനിധി തട്ടിപ്പ്; നൂറോളം പേര്‍ പരാതിയുമായി രംഗത്ത്

കണ്ണൂര്‍-  കേരള പ്രവാസി സംഘം ഓഫീസ് കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ ക്ഷേമനിധി തട്ടിപ്പു നടത്തിയ സംഭവത്തില്‍ നൂറോളം പേര്‍ പരാതിയുമായി രംഗത്ത്. അതിനിടെ ഈ സംഭവത്തില്‍ സംഘടനാ നടപടിക്കു വിധേയനായ ഏരിയാ സെക്രട്ടറി എന്‍. കൃഷ്ണനും സംഘവും തന്നെ ഭീഷണിപ്പെടുത്തി മുദ്രപത്രത്തില്‍ ഒപ്പുവെപ്പിച്ചുവെന്ന് ഓഫീസ് ജീവനക്കാരി പോലീസില്‍ പരാതി നല്‍കി.
ക്ഷേമനിധി അംശാദായം സ്വീകരിച്ച് ലക്ഷങ്ങളുടെ തിരിമറി നടത്തിയ സംഭവത്തില്‍ ആദ്യം പരാതി നല്‍കാന്‍ തയ്യാറാകാതിരുന്നവര്‍ കൂട്ടത്തോടെ പരാതിയുമായി തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി. സി.പി.എം നിയന്ത്രണത്തിലുള്ള പ്രവാസി സംഘടനയായ കേരള പ്രവാസി സംഘത്തിന്റെ തളിപ്പറമ്പ് ഏരിയാ ഓഫീസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പു നടന്നത്. അംഗങ്ങള്‍ ക്ഷേമ നിധിയില്‍ അടക്കാന്‍ ഏല്‍പ്പിച്ച തുകകള്‍ സര്‍ക്കാരില്‍ അടക്കാതെ തട്ടിയെടുത്തുവെന്നാണ് കേസ്. പ്രവാസി സംഘം ഏരിയാ സെക്രട്ടറി എന്‍. കൃഷ്ണന്റെ നേതൃത്വത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ പ്രവാസി സംഘത്തിനു ബന്ധമില്ലെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കുകയും കൃഷ്ണനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ തട്ടിയെടുത്ത തുക തിരികെ നല്‍കുന്നതു സംബന്ധിച്ച് വ്യക്തതയില്ലാത്തതായതോടെയാണ് അംഗങ്ങള്‍ പരാതിയുമായി സ്റ്റേഷനിലെത്തിയത്. ഇന്നലെ മാത്രം നൂറിലധികം പേര്‍ തളിപ്പറമ്പ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതിനിടെ, നടപടിക്കു വിധേയനായ കൃഷ്ണനും സംഘവും തന്നെ ഭീഷണിപ്പെടുത്തി മുദ്രപത്രത്തില്‍ ഒപ്പു വെപ്പിച്ചതായി സ്ഥാപനത്തിലെ ജീവനക്കാരി കവിത രാജീവന്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. താന്‍ പ്രവാസി സംഘം ഓഫീസ് ജീവനക്കാരിയല്ലെന്നും, ഇതിനടുത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണെന്നും ക്ഷേമ നിധിയിലേക്കു പിരിച്ചെടുത്ത തുക കൃത്യമായി ബന്ധപ്പെട്ടവര്‍ക്കു നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പരാതിയില്‍ വ്യക്തമാക്കി. കൃഷ്ണനോടും കവിതയോടും ഇന്നലെ രാവിലെ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കവിത ഹാജരായില്ല. ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
അതിനിടെ, ക്ഷേമനിധി അംശാദായ തട്ടിപ്പുമായി പ്രവാസി സംഘത്തിനു ബന്ധമില്ലെന്നും തട്ടിപ്പു നടത്തിയത് സംഘം ഏരിയാ സെക്രട്ടറിയായിരുന്ന എന്‍. കൃഷ്ണനും, അടുത്ത സ്ഥാപനത്തിലെ ജീവനക്കാരി കവിതയും ചേര്‍ന്നാണെന്നും പ്രവാസി സംഘം ഭാരവാഹികള്‍ അറിയിച്ചു. തട്ടിപ്പു മനസ്സിലാക്കിയപ്പോള്‍ തന്നെ കൃഷ്ണനെതിരെ സംഘടന നടപടിയെടുത്തിട്ടുണ്ട്. ബി.ജെ.പി നേതാവായ ടി.ടി. സോമന്റെ ഓഫീസിലെ ജീവനക്കാരിയായിരുന്ന കവിത, അവിടെ വെച്ചാണ് തുക വാങ്ങിയിരുന്നതെന്നും, എന്‍ .കൃഷ്ണനാണ് പ്രവാസി സേവാ കേന്ദ്രം എന്ന പേരില്‍ സ്ഥാപനം തുടങ്ങിയതെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
അരക്കോടിയോളം രൂപ സംഘം തട്ടിയെന്നാണ് നിഗമനം. പരാതികള്‍ പരിശോധിച്ച് തുടര്‍ നടപടി കൈക്കൊള്ളുമെന്നും കൃഷ്ണനും കവിതയ്ക്കുമെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

 

Latest News