ദുബായ് - ശ്രീലങ്കയെയും ബംഗ്ലാദേശിനെയും പാക്കിസ്ഥാനെയും വിറപ്പിച്ചതിനു പിന്നാലെ ഇന്ത്യയെ 'ടൈ'യില്‍ കുരുക്കി അഫ്ഗാനിസ്ഥാന്‍ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങി. അഫ്ഗാനിസ്ഥാന്റെ എട്ടിന് 252 പിന്തുടര്‍ന്ന ഇന്ത്യ പിരിമുറുക്കം നിറഞ്ഞ അവസാന ഓവറിലെ അഞ്ചാമത്തെ പന്തില്‍ 252 ന് ഓളൗട്ടാവുകയായിരുന്നു. അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ ഏഴ് റണ്‍സ് മതിയായിരുന്നു. രവീന്ദ്ര ജദേജ (34 പന്തില്‍ 25) ബൗണ്ടറിയോടെ തുടങ്ങി. പതിനൊന്നാമന്‍ ഖലീല്‍ അഹ്മദ് സാഹസികമായി സിംഗിളെടുത്ത് സ്‌കോര്‍ ടൈ ആക്കി. ജയിക്കാന്‍ രണ്ട് പന്ത് ശേഷിക്കെ ഒരു റണ്‍ മതിയെന്ന അവസ്ഥയില്‍ റാഷിദ് ഖാനെ അടിച്ചുയര്‍ത്താന്‍ ശ്രമിച്ച് ജദേജ പുറത്താവുകയായിരുന്നു.
ഇന്ത്യ ഫൈനലിലെത്തുകയും അഫ്ഗാനിസ്ഥാന്‍ പുറത്താവുകയും ചെയ്തതിനാല്‍ അപ്രസക്തമായിരുന്നു ഈ മത്സരമെങ്കിലും ഇന്ത്യയുടെ രണ്ടാം നിരക്കെതിരെ അഫ്ഗാനിസ്ഥാന്‍ ഈറ്റപ്പുലികളെ പോലെ പൊരുതി. ഓപണര്‍മാരായ കെ.എല്‍ രാഹുലും (66 പന്തില്‍ 60) അമ്പാട്ടി രായുഡുവും (49 പന്തില്‍ 57) ഓപണിംഗ് വിക്കറ്റില്‍ 17 ഓവറില്‍ 110 റണ്‍സ് ചേര്‍ത്തപ്പോള്‍ ഇന്ത്യ അനായാസ ജയത്തിനാണ് അടിത്തറയിട്ടത്. എന്നാല്‍ അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞു. പതിനെട്ടാം ഓവറിലെ ആദ്യ പന്തില്‍ രായുഡുവിനെ മുഹമ്മദ് നബി പുറത്താക്കിയ ശേഷം ഇന്ത്യ പരുങ്ങി. മൂന്നോവറില്‍ രാഹുലിനെ റാഷിദ് ഖാന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. രാഹുല്‍ ഡി.ആര്‍.എസ് റിവ്യൂ ചെയ്തത് ഇന്ത്യക്കു തിരിച്ചടിയായി. മഹേന്ദ്ര ധോണിയും (17 പന്തില്‍ 8) ദിനേശ് കാര്‍ത്തികും (66 പന്തില്‍ 44) തെറ്റായ എല്‍.ബി വിധിയില്‍ പുറത്തായപ്പോള്‍ ഇന്ത്യക്ക് റിവ്യൂ ചെയ്യാനായില്ല. നോണ്‍സ്‌ട്രൈക്കിംഗ് എന്‍ഡില്‍ മുന്നോട്ടുകയറിയ കേദാര്‍ ജാദവ് (26 പന്തില്‍ 19) നിര്‍ഭാഗ്യകരമായി റണ്ണൗട്ടായി. മനീഷ് പാണ്ഡെക്കും (15 പന്തില്‍ 8) അവസരം മുതലാക്കാനായില്ല. അവസാന പത്തോവറില്‍ നാല് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 46 റണ്‍സ് വേണമായിരുന്നു ജയിക്കാന്‍. രവീന്ദ്ര ജദേജയും കുല്‍ദീപ് യാദവും (9) വിജയത്തിന് 10 റണ്‍സ് അരികെ സ്‌കോറെത്തിച്ചു. അവസാന ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കെ ഏഴ് റണ്‍സെന്ന നിലയിലെത്തി സമവാക്യം.
നേരത്തെ അഹ്മദ് ശഹ്‌സാദിന്റെയും മുഹമ്മദ് നബിയുടെയും വെടിക്കെട്ട് ബാറ്റിംഗാണ് അഫ്ഗാനിസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്. തടിമാടനായ ഓപണര്‍ ശഹ്‌സാദിന്റെ (116 പന്തില്‍ 124) ഒറ്റയാന്‍ പോരാട്ടമായിരുന്നു തുടക്കത്തില്‍. ജാവേദ് അഹ്മദിയുമൊത്തുള്ള (30 പന്തില്‍ 5) ഓപണിംഗ് വിക്കറ്റിലെ 65 റണ്‍സില്‍ അമ്പത്താറും ശഹ്‌സാദിന്റെ ബാറ്റില്‍ നിന്നായിരുന്നു. ശഹ്‌സാദ് 37 പന്തില്‍ രണ്ട് സിക്‌സറിന്റെയും ഏഴ് ബൗണ്ടറിയുടെയും സഹായത്തോടെ അര്‍ധ ശതകം പിന്നിട്ടു. 88 പന്തില്‍ ആറ് സിക്‌സറും 10 ബൗണ്ടറിയും സഹിതമായിരുന്നു സെഞ്ചുറി. 99 ല്‍ നിന്ന് ബൗണ്ടറിയോടെ ശഹ്‌സാദ് 103 ലെത്തിയപ്പോള്‍ ടീം സ്‌കോര്‍ വെറും 131 ലായിരുന്നു. മുപ്പത്തെട്ടാം ഓവറിലാണ് ശഹ്‌സാദ് പുറത്തായത്. ശഹ്‌സാദിന്റെ സ്‌കോര്‍ അപ്പോള്‍ 124, ടീം സ്‌കോര്‍ ആറിന് 180.
വിക്കറ്റ് പോവാതെ 65 ലെത്തിയ ശേഷം 17 റണ്‍സിനിടെ അഫ്ഗാനിസ്ഥാന് നാലു വിക്കറ്റ് നഷ്ടപ്പെട്ടു. ഗുല്‍ബദ്ദീന്‍ നാഇബുമൊത്ത് (15) അഞ്ചാം വിക്കറ്റില്‍ 50 റണ്‍സും മുഹമ്മദ് നബിയുമൊത്ത് (56 പന്തില്‍ 64) ആറാം വിക്കറ്റില്‍ 48 റണ്‍സും ചേര്‍ത്ത് ശഹ്‌സാദ് ടീമിനെ മുന്നോട്ടു നയിച്ചു. രവീന്ദ്ര ജദേജ 46 റണ്‍സിന് മൂന്നു വിക്കറ്റും കുല്‍ദീപ് യാദവ് 38 റണ്‍സിന് രണ്ടു വിക്കറ്റും സ്വന്തമാക്കി. തുടര്‍ച്ചയായ പന്തുകളിലായിരുന്നു കുല്‍ദീപിന്റെ വിക്കറ്റുകള്‍.
സ്‌കോര്‍ ബോര്‍ഡ്
അഫ്ഗാനിസ്ഥാന്‍
ശഹ്‌സാദ് സി ദിനേശ് ബി കുല്‍ദീപ് 124 (116, 6-7, 4-11), ജാവേദ് സ്റ്റമ്പ്ഡ് ധോണി ബി ജദേജ 5 (30), റഹ്മത് ഷാ ബി ജദേജ 3 (4), ഹശ്മതുല്ല സ്റ്റമ്പ്ഡ് ധോണി ബി കുല്‍ദീപ് 0 (3), അസ്ഗര്‍ ബി കുല്‍ദീപ് 0 (1), ഗുല്‍ബദ്ദീന്‍ സി കേദാര്‍ ബി ദീപക് 15 (46, 4-1), മുഹമ്മദ് നബി സി കുല്‍ദീപ് ബി ഖലീല്‍ 64 (56, 6-4, 4-3), നജീബുല്ല എല്‍.ബി ജദേജ 20 (20, 4-2), റാഷിദ് നോട്ടൗട്ട് 12 (19), അഫ്താബ് നോട്ടൗട്ട് 2 (6)
എക്‌സ്ട്രാസ് - 7
ആകെ (എട്ടിന്) - 252
വിക്കറ്റ് വീഴ്ച: 1-65, 2-81, 3-82, 4-82, 5-132, 6-180, 7-226, 8-244
ബൗളിംഗ്: ഖലീല്‍ 10-1-45-1, ചാഹര്‍ 4-0-37-1, സിദ്ധാര്‍ഥ 9-0-58-0, ജദേജ 10-1-46-3, കുല്‍ദീപ് 10-0-38-2, കേദാര്‍ 7-0-27-1
ഇന്ത്യ
രാഹുല്‍ എല്‍.ബി റാഷിദ് 60 (66, 6-1, 4-5), രായുഡു സി നജീബുല്ല ബി മുഹമ്മദ് നബി 57 (49, 6-1, 4-4), ദിനേശ് എല്‍.ബി മുഹമ്മദ് നബി 44 (66, 4-4), ധോണി എല്‍.ബി ജാവേദ് 8 (17), മനീഷ് സി ശഹ്‌സാദ് ബി അഫ്താബ് 8 (15), കേദാര്‍ റണ്ണൗട്ട് (മുജീബ്) 19 (26, 4-2), ജദേജ സി നജീബുല്ല ബി റാഷിദ് 25 (34, 4-1), ദീപക് ബി അഫ്താബ് 12 (14, 4-1), കുല്‍ദീപ് റണ്ണൗട്ട് (ഗുല്‍ബദ്ദീന്‍) 9 (11), സിദ്ധാര്‍ഥ് റണ്ണൗട്ട് (ഹശ്മതുല്ല) 0 (1), ഖലീല്‍ നോട്ടൗട്ട് 1 (1)
എക്‌സ്ട്രാസ് - 9
ആകെ (49.5 ഓവറില്‍) - 252
വിക്കറ്റ് വീഴ്ച: 1-110, 2-127, 3-142, 4-166, 5-204, 6-206, 7-226, 8-242, 9-245
ബൗളിംഗ്: അഫ്താബ് 10-0-53-2, മുജീബ് 10-1-43-0, ഗുല്‍ബദ്ദീന്‍ 4-0-41-0, മുഹമ്മദ് നബി 10-0-40-2, റാഷിദ് 9.5-0-41-2, ജാവേദ് 4-0-19-1, റഹ്മത് 2-0-10-0