Sorry, you need to enable JavaScript to visit this website.

കാർ റേസ് പ്രേമികൾക്ക് സൗദിയിലേക്ക് ആദ്യമായി ഓൺലൈൻ വിസ

റിയാദ്- ചരിത്രത്തിലാദ്യമായി സ്‌പോർട്‌സ് ടൂറിസ്റ്റുകൾക്ക് സൗദി അറേബ്യ ഓൺലൈൻ വിസ അനുവദിക്കുന്നു. ലോകത്തെങ്ങും നിന്നുള്ള സ്‌പോർട്‌സ് ടൂറിസ്റ്റുകൾക്ക് ഇ-പ്ലാറ്റ്‌ഫോം വഴി എളുപ്പത്തിൽ വിസകൾ അനുവദിക്കും. റിയാദ് പ്രവിശ്യയിലെ ദർഇയയിൽ സംഘടിപ്പിച്ച, 'ദർഇയ ഇ പ്രി' ഉദ്ഘാടന ചടങ്ങിലാണ് ഇക്കാര്യം അധികൃതർ പരസ്യപ്പെടുത്തിയത്. 
ഡിംസംബർ പതിനഞ്ചിന് കാറോട്ട മത്സരമായ ഫോർമുല-ഇ മത്സരം കാണാൻ എത്തുന്നവർക്കാണ് ഇതാദ്യമായി ഓൺലൈൻ വിസ അനുവദിക്കുന്നത്. സൗദി അറേബ്യയുടെ ആദ്യ തലസ്ഥാനമായ ദർഇയയിലാണ് മിഡിൽ ഈസ്റ്റിലെ പ്രഥമ 'ഫോർമുല-ഇ' മത്സരമായ 'ദർഇയ ഇ പ്രി' നടക്കുക. ഇതോടനുബന്ധിച്ച് തുടർച്ചയായി മൂന്നു ദിവസം സംഗീത, വിനോദ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മത്സരം വീക്ഷിക്കുന്നതിന് ലോകത്തെങ്ങു നിന്നുമുള്ള നാൽപതിനായിരത്തിലേറെ പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'എ.ബി.ബി ചാമ്പ്യൻഷിപ്പി'ന്റെ ഓപണിംഗ് വീക്ഷിക്കുന്നതിന് വിദേശത്തു നിന്നുള്ള ആയിരക്കണക്കിന് കാർ സ്‌പോർട്‌സ് പ്രേമികളും ടൂറിസ്റ്റുകളും എത്തും. മത്സര ടിക്കറ്റുമായി ബന്ധിപ്പിച്ച വിസാ നടപടികൾ ഓൺലൈൻ വഴി ഇവർക്ക് എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. 
ജനറൽ സ്‌പോർട്‌സ് അതോറിറ്റിയും 'ഫോർമുല ഇ'യും തമ്മിൽ പത്തു വർഷ പങ്കാളിത്ത കരാർ ഒപ്പു വെച്ചിട്ടുണ്ട്. ചാമ്പ്യൻഷിപ്പ് സ്‌പോൺസർ ചെയ്യുന്നത് ദേശീയ വിമാന കമ്പനിയായ സൗദിയയാണ്. അഞ്ചാമത് 'ഫോർമുല-ഇ' മത്സരങ്ങളുടെ ഒഫീഷ്യൽ വിമാന കമ്പനിയായി സൗദിയയെ നാമകരണം ചെയ്തിട്ടുണ്ട്. ദർഇയയിൽ നടക്കുന്ന 'ഫോർമുല ഇ ഫസ്റ്റ് ടൂറി'ന് സൗദിയയുടെ വാണിജ്യ നാമം നൽകിയിട്ടുമുണ്ട്. 
ദർഇയയിൽ സംഘടിപ്പിക്കുന്ന 'ഫോർമുല ഇ ചാമ്പ്യൻഷിപ്പ്' സൗദിയെ സംബന്ധിച്ചിടത്തോളം ചരിത്ര സംഭവമായിരിക്കുമെന്ന് മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച ജനറൽ സ്‌പോർട്‌സ് അതോറിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ രാജകുമാരൻ പറഞ്ഞു. സൗദി അറേബ്യ സന്ദർശിക്കുന്നതിന് ലോകത്തെ മുഴുവൻ സ്വാഗതം ചെയ്യുകയാണ്. ദർഇയയിൽ എല്ലാവരെയും സ്വാഗതം ചെയ്യുന്നതിൽ ആഹ്ലാദമുണ്ട്. സുസ്ഥിര വികസനത്തിന് സഹായകമായ കായിക വിനോദമായ 'ഫോർമുല-ഇ' മത്സരത്തെ ഈ സമയത്ത് സ്വീകരിക്കുന്നത് തീർത്തും അനുയോജ്യമാണ്. ജന്മനാ കാർ സ്‌പോർട്‌സിനെ ഇഷ്ടപ്പെടുന്നവരാണ് സൗദികൾ. ലോകത്തെങ്ങും നിന്നുള്ള കാർ സ്‌പോർട്‌സ് പ്രേമികൾ 'ദർഇയ ഇ പ്രി' വീക്ഷിക്കുന്നതിന് എത്തും. കാർ സ്‌പോർട്‌സ് പ്രേമികൾക്ക് സൗദിയിൽ എത്തുന്നതിന് ഒരുവിധ പ്രതിബന്ധങ്ങളുമുണ്ടാകില്ല. മത്സരം വീക്ഷിക്കുന്നതിന് ടിക്കറ്റെടുക്കുന്നവർക്ക് അതോടനുബന്ധിച്ച് വിസയും ലഭിക്കുമെന്ന് അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു.
 

Latest News