Sorry, you need to enable JavaScript to visit this website.

ഹിജാസ് റെയിൽവേക്ക് പച്ചക്കൊടി വീശിയവരിൽ മമ്പുറം ഫസൽ തങ്ങളും

ജിദ്ദ- വിഷൻ 2030 ന്റെ വികസനക്കുതിപ്പിന്റെ ഭാഗമായി മരുഭൂമിയെ പകുത്ത് നീളുന്ന പാളങ്ങളിലൂടെ ഹറമൈൻ എക്‌സ്പ്രസ് ട്രെയിൻ ഇന്നലെ ചൂളം മുഴക്കി പാഞ്ഞു തുടങ്ങിയപ്പോൾ പ്രാചീന സൗദിയുടെ റെയിൽ ഗതാഗത മേഖലക്ക് ഒരു മലയാളി നൽകിയ സംഭാവന ചരിത്രത്തിന്റെ ചത്വരത്തിൽ പുതഞ്ഞു കിടക്കുന്നുവെന്ന് പഴയ തലമുറയിലെ ചിലരെങ്കിലും ഓർക്കുന്നുണ്ടാവും. വർഷങ്ങൾക്ക് മുമ്പ് സിറിയൻ തലസ്ഥാനമായ ദമാസ്‌കസിൽനിന്ന് മദീനയിലേക്ക് സർവീസ് നടത്തിയിരുന്ന മദീനാ റെയിൽവേ അഥവാ ഹിജാസ് റെയിൽവേയുടെ പ്ലാനും എസ്റ്റിമേറ്റും തയാറാക്കുന്നതിൽ മലപ്പുറം തിരൂരങ്ങാടിയിലെ അതിപ്രശസ്തനായ മമ്പുറം സയ്യിദ് അലവി തങ്ങളുടെ പുത്രൻ ഫസൽ പൂക്കോയ തങ്ങൾ വഹിച്ച പങ്കിനെക്കുറിച്ച് ഹിജാസ് റെയിൽവേ മ്യൂസിയത്തിൽ സൂക്ഷിച്ച രേഖകൾ പറയുന്നുണ്ട്.

1300 കിലോമീറ്റർ ദൂരത്തിൽ മീറ്റർഗേജ് റെയിലാണ് നിർമിച്ചത്. ഓട്ടോമൻ സാമ്രാജ്യത്തിലെ ഗതാഗത വകുപ്പ് മന്ത്രിയാണ്, പിന്നീട് യെമനിൽ ഗവർണർ സ്ഥാനം അലങ്കരിക്കാൻ ഭാഗ്യം ലഭിച്ച സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ കൂടി സേവനം ഇതിനായി ഉപയോഗിച്ചതെന്നാണ് ചരിത്രരേഖ. മദീനാ റെയിൽവെയുടെ കടലാസ് പ്രവർത്തനങ്ങൾക്ക് തുർക്കി, യെമൻ എന്നീ രാജ്യങ്ങളുമായി ആലോചിച്ച് അന്ന് ആരംഭം കുറിക്കപ്പെട്ടിരുന്നു. അസ്സയ്യിദ് ഫാദി എന്നും ഫാദി പാഷ എന്നുമുള്ള പേരുകളിലാണ് തുർക്കി, യെമൻ, ഹിജാസ് എന്നിവിടങ്ങളിൽ ഫസൽ പൂക്കോയതങ്ങൾ അറിയപ്പെട്ടത്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിൾ സുൽത്താനാണ് സയ്യിദ് ഫസൽ പൂക്കോയ തങ്ങളെ ഗവർണറായി അവരോധിച്ചത്. ഒരു മലയാളിക്ക് വിദേശത്ത് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി.

ഹിജാസ് റെയിൽവേ മ്യൂസിയം  

മലബാർ മാന്വലിൽ വില്യം ലോഗനും ഇദ്ദേഹത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മമ്പുറം സയ്യിദ് അലവി തങ്ങളുടെയും തിരൂരങ്ങാടിയിലെ ഫാത്തിമാ ബീവിയുടെയും പുത്രനായ ഫസൽ, തിരൂരങ്ങാടിയിലാണ് മതവിദ്യാഭ്യാസം പൂർത്തിയാക്കിയത്. മക്കയിലെത്തിയ ഫസൽ തങ്ങൾ മതപഠനം പൂർത്തിയാക്കിയതും ഖുർആൻ ഹിഫ്ദാക്കിയതും മക്കയിലായിരുന്നു. കേരളത്തിൽ മടങ്ങിയെത്തിയപ്പോഴായിരുന്നു മലബാർ കലാപത്തിന്റെ ആദ്യവെടി തിരൂരങ്ങാടിയിൽ പൊട്ടിയത്. പിൽക്കാലത്ത് ആഞ്ഞുവീശിയ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ഇന്ധനം പകർന്ന മലബാർ കലാപത്തിലെ പോരാളികളുമായി സയ്യിദ് ഫസലിന് അടുപ്പമുണ്ടെന്ന് കണ്ട് വെള്ളപ്പട്ടാളം അദ്ദേഹത്തെയും സുഹൃത്തുക്കളെയും നാട് കടത്തുകയായിരുന്നു. മമ്പുറം പള്ളി നിർമാണം ഇക്കാലത്തായിരുന്നു. കുടുംബത്തിലെ 57 പേരോടൊപ്പം യെമന്റെ തലസ്ഥാനമായ ഏദനിലേക്കാണ് ഇവർ പായക്കപ്പലിൽ പലായനം ചെയ്തത്. 

ഹിജാസ് റെയിൽവേ സ്റ്റേഷൻ.

തികഞ്ഞ ബ്രിട്ടീഷ് വിരുദ്ധനായിരുന്നു അദ്ദേഹം. വെള്ളപ്പട്ടാളക്കാർക്കെതിരായ പോരാട്ടത്തിന്റെ നായക സ്ഥാനത്ത് നിന്ന് ഫസൽ തങ്ങളെ നിഷ്‌കാസനം ചെയ്തതറിഞ്ഞ് രോഷാകുലരായ ജനങ്ങൾ കനോലി സായ്പിനെ വെട്ടിക്കൊലപ്പെടുത്തിയെന്നും വില്യം ലോഗൻ രേഖപ്പെടുത്തുന്നു. സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ യെമനിൽ നിന്ന് പിന്നീട് മദീനയിലെത്തുകയും പതിനെട്ട് വർഷം അവിടെ ചെലവിടുകയും ചെയ്തു. മദീനാ റെയിൽവേക്ക് പച്ചക്കൊടി വീശിയവരിൽ പ്രമുഖനെന്ന് സയ്യിദ് ഫസൽ തങ്ങളെ ഹിജാസിന്റെ ചരിത്രരേഖ അടയാളപ്പെടുത്തുന്നു. എത്യോപ്യക്കാരനായ ഇമാമിന്റെ മകൾ ശെഫിയു ഹബ്ശിയെ ഫസൽ പൂക്കോയതങ്ങൾ വിവാഹം കഴിക്കുകയും ചെയ്തു. ഹിജാസിൽ നിന്ന് സിറിയയിലേക്ക് പോയ ആദ്യ തീവണ്ടിയിലെ വി.ഐ.പി യാത്രക്കാരിൽ ഈ ദമ്പതികളുമുണ്ടായിരുന്നുവത്രേ. ഇപ്പോൾ ചരിത്ര സ്മാരകമായി സൂക്ഷിച്ചിട്ടുള്ള ഹിജാസ് റെയിൽവേയും പഴയ തീവണ്ടിയും ഒരു പക്ഷേ ഈ മലയാളിയുടെ വിരലടയാളങ്ങൾ കൂടി പതിഞ്ഞതിന്റെ സാഫല്യം അനുഭവിക്കുന്നുണ്ടാവണം. 


മമ്പുറം സയ്യിദ് അലവി​ തങ്ങൾ 

അറബിക്, മലയാളം ഭാഷകളിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് ഫസൽ തങ്ങൾ. മദീനയിൽ നിന്ന് ഇസ്താംബൂളിലെത്തിയ അവസാന കാലത്താണ് പുസ്തകങ്ങളെഴുതിയത്. ഹുലാലുൽ ഇഹ്‌സാൻ ഫീ തസ്യൂനുൽ ഇൻസാൻ, രിസാലത്തുൽ മുസ്‌ലിം അൽ ഹാബിർ ലീ ഇദ്‌റാകുൽ കബീർ എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധമാണ്. ഏതാണ്ട് ഒന്നേകാൽ നൂറ്റാണ്ടിനു മുമ്പാണ് സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ ഇസ്താംബൂളിൽ അന്തരിച്ചത്. അദ്ദേഹത്തെ മറവ് ചെയ്ത സ്ഥലത്ത് പഴയൊരു സ്മാരകം ഇന്നുമുണ്ട്. തുർക്കി സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമനാണ് ഈ മഹാനുഭാവന് സ്മാരക സൗധം പണിയാൻ നിർദേശിച്ചതെന്നും ചരിത്രം അടിവരയിടുന്നു. 
ഇതിഹാസം രചിച്ച് ഹറമൈൻ ട്രെയിനുകൾ ഇരമ്പിപ്പായുമ്പോൾ, ഹിജാസ് റെയിൽപാതക്ക് പിറകിൽ പ്രവർത്തിച്ച ഈ മലയാളിയെ നാം പ്രവാസികൾക്ക് ഓർക്കാം, സാഭിമാനം. 

Latest News