കൊച്ചി- മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പിടിയിലാകാനുള്ള സഹലും ഷഹീമും അടക്കം മൂന്നു പേരാണ് അഭിമന്യുവിനെയും കൂട്ടുകാരന്‍ അര്‍ജുന്‍ കൃഷ്ണയെയും കുത്തിയതെന്നു കുറ്റപത്രത്തില്‍ പറയുന്നു. മുഖ്യപ്രതികള്‍ ഒളിവില്‍ കഴിയുന്ന സാഹചര്യത്തില്‍ റിമാന്‍ഡിലുള്ള പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങുന്നതു തെളിവു നശിപ്പിക്കാന്‍ വഴിയൊരുക്കുമെന്ന നിഗമനത്തിലാണു കുറ്റപത്രം ഉടന്‍ സമര്‍പ്പിച്ചത്. 16 പ്രതികളെ ഉള്‍പ്പെടുത്തിയ ആദ്യഘട്ട കുറ്റപത്രമാണു നല്‍കിയത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇതിലെ പ്രതികള്‍. ഗൂഢാലോചന നടത്തിയവരെ ഉള്‍പ്പെടുത്തി രണ്ടാമത്തെ കുറ്റപത്രം പിന്നീട് നല്‍കും.
കേസില്‍ 26 പ്രതികളും 125 സാക്ഷികളുമുണ്ട്. കഴിഞ്ഞ ജൂലൈ രണ്ടിനു പുലര്‍ച്ചെയാണു കോളേജ് കാമ്പസില്‍ അഭിമന്യു കുത്തേറ്റു മരിച്ചത്. ഇതുവരെ 19 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒന്‍പതു പേര്‍ നേരിട്ടും ബാക്കിയുള്ളവര്‍ അല്ലാതെയും കുറ്റകൃത്യത്തില്‍ പങ്കുള്ളവരാണെന്നു കുറ്റപത്രം പറയുന്നു. അഭിമന്യുവിനെ കുത്തിവീഴ്ത്തിയയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിടികൂടാന്‍ സാധിച്ചിട്ടില്ല.