ദമാം- ആധുനിക സൗദി അറേബ്യയുടെ ശിൽപി അബ്ദുൽ അസീസ് രാജാവിന് അൽഹസ നിവാസികൾ അനുസരണ പ്രതിജ്ഞ ചെയ്ത ഭവനം ടൂറിസം, ദേശീയ പൈതൃക വകുപ്പ് അറ്റകുറ്റപ്പണികൾ നടത്തി മോടിപിടിപ്പിക്കുന്നു. ബൈത്തുൽ ബൈഅ എന്ന പേരിൽ അറിയപ്പെടുന്ന ഈ ഭവനത്തിൽ വെച്ച് 1912 ലാണ് അൽഹസ നിവാസികൾ അബ്ദുൽ അസീസ് രാജാവിന് അനുസരണ പ്രതിജ്ഞ ചെയ്തത്. എൺപത്തിയെട്ടാമത് ദേശീയദിനത്തോടനുബന്ധിച്ചാണ് ബൈത്തുൽ ബൈഅയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതെന്ന് അൽഹസ ടൂറിസം, ദേശീയ പൈതൃക വകുപ്പ് മേധാവി ഖാലിദ് അൽ ഫരീദ പറഞ്ഞു.
അൽഹസ നിവാസികൾ അബ്ദുൽ അസീസ് രാജാവിന് അനുസരണ പ്രതിജ്ഞ ചെയ്തതിന്റെ ചരിത്രം വ്യക്തമാക്കുന്ന മ്യൂസിയം ആയി ഈ ഭവനം മാറിയിട്ടുണ്ട്. ടൂറിസം, ദേശീയ പൈതൃക വകുപ്പ് ഈ ഭവനത്തിന് പ്രത്യേക ശ്രദ്ധയാണ് നൽകുന്നത്. ഹുഫൂഫിലെ അൽകൂത് ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന ഈ ഭവനത്തിലാണ് അബ്ദുൽ അസീസ് രാജാവ് തങ്ങിയിരുന്നത്. അൽഹസയിലെ പൗരപ്രമുഖരും നേതാക്കളും ഇവിടെയെത്തി സൗദി അറേബ്യയുടെ രാജാവായി അബ്ദുൽ അസീസ് രാജാവിന് അനുസരണ പ്രതിജ്ഞ ചെയ്യുകയായിരുന്നെന്നും ഖാലിദ് അൽ ഫരീദ പറഞ്ഞു.
ഇബ്രാഹിം കൊട്ടാരം, അമീരിയ സ്‌കൂൾ, അൽ ഖൈസരിയ സൂഖ് എന്നിവ അടക്കമുള്ള അൽഹസയിലെ മറ്റു ചരിത്ര കേന്ദ്രങ്ങൾക്കു സമീപമാണ് ബൈത്തുൽ ബൈഅ. ഇവിടെ മാസങ്ങൾക്കു മുമ്പ് അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി ടൂറിസം, ദേശീയ പൈതൃക വകുപ്പിൽ അർബൻ ഹെറിറ്റേജ് മേധാവി എൻജിനീയർ അലാ അൽബഖ്ശി പറഞ്ഞു.