ജിദ്ദ- സൗദി അറേബ്യയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് 'അന്നം തരുന്ന നാടിനു ജീവരക്തം' എന്ന മുദ്രാവാക്യമുയർത്തി ജിദ്ദ സെൻട്രൽ കെ.എം. സി.സി നടത്തിയ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വാട്‌സ് ആപ് മുഖേന ജിദ്ദ കെ.എം. സി.സി നടത്തിയ ആഹ്വാനം കണക്കിലെടുത്ത് നൂറു കണക്കിന് പേരാണ് ജിദ്ദ കിംഗ് ഫഹദ് ആശുപത്രി ബ്ലഡ് ബാങ്കിലെത്തി രക്തം നൽകിയത്.
കെ.എം.സി.സി നടത്തുന്ന വിവിധ ജീവകാരുണ്യ സേവന പ്രവർത്തനങ്ങളോടൊപ്പം, തൊഴിലും സംരക്ഷണവും തന്നു ദശ ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് ജീവൻ നൽകിയ രാജ്യത്തോടും ഭരണാധികാരികളോടും പൗരന്മാരോടുമുള്ള മാതൃരാജ്യത്തിന്റെയും പ്രവാസി സമൂഹത്തിന്റെയും കടപ്പാടാണ് രക്തദാനത്തിലൂടെ കെ.എം.സി.സി രേഖപ്പെടുത്തിയത്.
ദേശീയ ദിനാചരണ ഭാഗമായി കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗദിയുടെ വിവിധ പ്രവിശ്യകളിൽ രക്തദാന ദിനാചരണം സംഘടിപ്പിച്ചിരുന്നു. കിംഗ് ഫഹദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ജീവനക്കാരുടെ സഹകരണത്തോടെ രാവിലെ എട്ടു മണിക്ക് ആരംഭിച്ച രക്തദാന ക്യാമ്പിന് ആശുപത്രി ജീവനക്കാരും സ്വദേശികളും ഐക്യദാർഢ്യമർപ്പിച്ചു.
കിംഗ് ഫഹദ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ.അബ്ദുൽറഹ്മാൻ ഭക്ശ്, ലബോറട്ടറി ഡയറക്ടർ ഡോ.ഖാസി അൽഗാംദി, ബ്ലഡ് ഡോണേഷൻ ഡയറക്ടർ റാഫിയാ അലി അൽ ശംറാനി, ജനറൽ സൂപ്പർവൈസർ ഓഫ് സപ്പോർട്ട് സർവീസ് ഡിപ്പാർട്‌മെന്റിലെ ഖാലിദ് അൽ ഹുസൈമി തുടങ്ങിയവർ കെ.എം.സി.സി പ്രവർത്തകർക്ക് അഭിവാദ്യം നേർന്നു.
രക്ത ദാനത്തിന് എത്തിച്ചേർന്ന കെ.എം.സി.സി. പ്രവർത്തകരുമൊത്ത് ഗാനമാലപിച്ച് ആശുപത്രി ജീവനക്കാർ സൗദി ദേശീയ ദിനാഘോഷത്തിൽ പങ്കാളികളായി.
ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, സെക്രട്ടറി അരിമ്പ്ര അബൂബക്കർ, ട്രഷറർ അൻവർ ചേരങ്കൈ, ചെയർമാൻ നിസാം മമ്പാട്, ഭാരവാഹികളായ വി.പി മുസ്തഫ, അബ്ദുറഹ്മാൻ വെള്ളിമാടുകുന്ന്, ഇസ്മായിൽ മുണ്ടക്കുളം, സി.സി കരീം, ഇസ്ഹാഖ് പൂണ്ടോളി, ഷൗക്കത്ത് ഞാറേക്കോടൻ, ശിഹാബ് താമരക്കുളം, നാസർ മച്ചിങ്ങൽ, അസീസ് കോട്ടോപ്പാടം, എ.കെ ബാവ, സി.കെ ശാക്കിർ, നാസർ വെളിയങ്കോട് നേതൃത്വം നൽകി. വിവിധ ഏരിയ, ജില്ലാ, മണ്ഡലം, പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു.