Sorry, you need to enable JavaScript to visit this website.

ജീവനോപാധി പുനഃസ്ഥാപിക്കുന്നതിന്  ഉപജീവന വികസന പാക്കേജ് പരിഗണനയിൽ

പ്രകൃതി ദുരന്തങ്ങൾ വിലയിരുത്താനെത്തിയ കേന്ദ്ര സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നു.

തിരുവനന്തപുരം- പ്രളയ ബാധിത മേഖലയിലെ ജനങ്ങളുടെ ജീവനോപാധി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമെങ്കിൽ ഉപജീവന വികസന പാക്കേജ് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പട്ടികജാതി  പട്ടികവർഗ്ഗം ഉൾപ്പെടെയുള്ള ഏറ്റവും ദുർബല വിഭാഗങ്ങൾക്ക് ജീവനോപാധി പുനഃസ്ഥാപിക്കുന്നതിന് ആസൂത്രണ ബോർഡിന്റെ സഹായത്തോടെ നിർദ്ദേശങ്ങൾ രൂപപ്പെടുത്താൻ പറഞ്ഞിട്ടുണ്ട്. പത്തു ദിവസത്തിനകം ഉപജീവന വികസന പാക്കേജ് തയ്യാറാക്കി സമർപ്പിക്കും. ഒക്ടോബർ അവസാനത്തോടെ ജീവനോപാധി കോൺഫറൻസ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.
മുൻഗണനാ കാർഡുടമകൾ, തൊഴിലുറപ്പ് പദ്ധതിയിൽ ജോബ് കാർഡുള്ളവർ, അഗതികൾ, വിധവകൾ, ഭിന്നശേഷിക്കാർ, അംഗപരിമിതർ എന്നിവർക്ക് മുൻഗണന നൽകും. ഇത്തരക്കാർക്ക് എല്ലാ ആഴ്ചയും ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കണം. പുനരധിവാസം അതിവേഗതയിൽ പൂർത്തിയാക്കിയതിനുശേഷം പുനർനിർമ്മാണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പുനരധിവാസവും പുനർനിർമ്മാണവും  രണ്ടായി കണ്ടുകൊണ്ടുള്ള സമീപനമായിരിക്കും സ്വീകരിക്കുക. കുട്ടനാട്, ഇടുക്കി, വയനാട് എന്നീ സ്ഥലങ്ങളുടെ വികസനം പുനർനിർമാണത്തിന്റെ ഭാഗമായി കാണണം. 
കേരളത്തെ പുനർനിർമിക്കുന്നതിനാവശ്യമായ സാധനങ്ങൾ കമ്പനികളിൽനിന്ന് നേരിട്ട് വിലകുറച്ച് ലഭിക്കുമോയെന്ന് പരിശോധിക്കണം. നഷ്ടപ്പെട്ട ആസ്തികളുടെ പുനർനിർമാണത്തിന് പ്രാധാന്യം നൽകണം. പ്രീ ഫാബ്രിക്കേഷൻ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യ നിർമാണ മേഖലയിൽ സ്വീകരിക്കും. 
ക്യാമ്പുകളുടെ എണ്ണം കുറഞ്ഞുവരുന്നതായി ചീഫ് സെക്രട്ടറി ടോം ജോസ് യോഗത്തിൽ അറിയിച്ചു. നിലവിൽ 75 ക്യാമ്പുകളിൽ 711 കുടുംബങ്ങളിലെ 2241 പേരാണുള്ളത്. തൃശൂർ ജില്ലയിലാണ് കൂടുതൽ ക്യാമ്പുകൾ. ഇവിടെ 44 ക്യാമ്പുകളിലായി 1265 പേരുണ്ട്. പതിനായിരം രൂപയുടെ സഹായം ഇതുവരെ 558193 പേർക്ക് നൽകി. 29നകം അർഹതപ്പെട്ട എല്ലാവർക്കും നൽകാനാണ് ശ്രമിക്കുന്നത്. 
ദുരിതാശ്വാസ സഹായമെന്ന നിലയിൽ ആഭ്യന്തര തലത്തിൽ 18266 ടൺ സാധനങ്ങളും അന്താരാഷ്ട്ര തലത്തിൽ 2071 ടൺ സാധനങ്ങളും ലഭിച്ചു. പൂർണമായും ഭാഗികമായും തകർന്ന വീടുകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. ഒരു ലക്ഷം രൂപയുടെ ബാങ്ക് വായ്പയ്ക്കായി 109182 അപേക്ഷകൾ ശനിയാഴ്ച വരെ ബാങ്കുകളിൽ ലഭിച്ചിട്ടുണ്ട്. 
സംസ്ഥാനത്തെ നാല് എൽ.പി സ്‌കൂളുകൾ പൂർണമായി നശിച്ചു. ഇത് പുനർനിർമിക്കേണ്ടി വരും. വയനാട്ടിൽ രണ്ടും പാലക്കാടും ഇടുക്കിയിലും ഓരോ എൽ.പി സ്‌കൂളുമാണ് തകർന്നത്. 162000 കിലോമീറ്റർ സ്‌കൂൾ മതിൽ തകർന്നിട്ടുണ്ട്. 506 ശുചിമുറികൾ നശിച്ചു. സ്‌കൂളുകളിലെ 1548 ലാപ്‌ടോപ്പുകൾ/ ഡെസ്‌ക്ടോപ്പുകൾ നശിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കെല്ലാം പാഠപുസ്തകം പൂർണമായി നൽകി. 18000 പേർക്കുള്ള യൂണിഫോം തയ്യാറായിക്കൊണ്ടിരിക്കുന്നു. 320000 കിണറുകളിൽ 300956 കിണറുകൾ വൃത്തിയാക്കി. 12000 കിലോമീറ്റർ റോഡ് നശിച്ചിട്ടുണ്ട്. ആയിരം കോടി രൂപയുടെ പ്രവൃത്തികൾക്ക് ടെൻഡർ വിളിച്ചിട്ടുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെ പ്രവൃത്തികൾ ഒക്ടോബർ 31നകം പൂർത്തിയാക്കും.
റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, പ്രിൻസിപ്പൽ സെക്രട്ടറി കോഓർഡിനേഷൻ വി.എസ്. സെന്തിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 

Latest News